ഷഹബാസ് അമന്‍റെ ശബ്ദം, സ്ക്രീനില്‍ ബഷീറായി ടൊവിനോ; നീലവെളിച്ചത്തിലെ പുതിയ ഗാനമെത്തി
'ഏകാന്തതയുടെ മഹാതീരം' എന്ന ഗാനത്തിന്റെ പുതുക്കിയ പതിപ്പാണ് ഇപ്പോൾ എത്തിയിരിക്കുന്നത്
മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറായി വെള്ളിത്തിരയിലെത്തുന്ന നീലവെളിച്ചം എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. 'ഏകാന്തതയുടെ മഹാതീരം' എന്ന ഗാനത്തിന്റെ പുതുക്കിയ പതിപ്പാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ടെവിനേ തോമസാണ് ഗാനരംഗത്തിൽ എത്തുന്നത്. ടൊവിനോ തോമസിന് പുറമെ റോഷൻ മാത്യു, റിമ കല്ലിങ്ങൽ, എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പി.ഭാസ്‌കരൻ എഴുതിയ വരികൾക്ക് എം.എസ് ബാബുരാജാണ് ഈണമിട്ടിരികരിക്കുന്നത്. ഷഹബാസ് അമനാണ് പുതിയ പതിപ്പ് ആലപിച്ചിരിക്കുന്നത്. കമുകറ പുരുഷോത്തമനാണ് ആദ്യ ഗാനം ആലപിച്ചിരുന്നത്. ചിത്രത്തിലേതായി നേരത്തേ പുറത്തിറങ്ങിയ അനുരാഗ മധുചഷകമെന്ന ഗാനവും വൻ ജനസ്വീകാര്യത നേടിയിരുന്നു. റെക്‌സ് വിജയനും ബിജിപാലും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വീണ്ടും ജീവൻ നൽകിയിരിക്കുന്നത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ തന്നെ കൃതിയായ നീലവെളിച്ചത്തെ തന്നെ ആസ്പദമാക്കിയാണ് ചിത്രം എത്തുന്നത്. കൃതിയെ ആസ്പദമാക്കി പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ ഹൊറർ ചിത്രം ഭാർഗവീനിലയം പുറത്തിറങ്ങി 59 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടുമൊരു പുനരാവിഷ്‌കരണം ഒരുങ്ങുന്നത്. എം. വിൻസന്റ് സംവിധാനം ചെയ്ത 1964 ൽ പുറത്തിറങ്ങിയ ഭാർഗവീ നിലയത്തിന് തിരക്കഥയൊരുക്കിയത് വൈക്കം മുഹമ്മദ് ബഷീർ തന്നെയായിരുന്നു.