ഷെയിന്‍ നിഗമും ജുമാനാ ഖാനും പ്രധാന വേഷത്തില്‍; ആയിരത്തൊന്നാം രാവിന്‍റെ ചിത്രീകരണം ആരംഭിച്ചു
സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ ജുമാനാ ഖാന്‍റെ ആദ്യ സിനിമയാണ് ആയിരത്തൊന്നാം രാവ്
റെഡ് വൈന്‍, മംഗ്ലീഷ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സലാം ബാപ്പു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഷെയിന്‍ നിഗം നായക വേഷത്തിലെത്തുന്ന ചിത്രത്തിന് ആയിരത്തൊന്നാം രാവ് എന്നാണ് പേരിട്ടത്. സിനിമയില്‍ ജുമാന ഖാനാണ് നായികാ വേഷത്തില്‍ എത്തുന്നത്. ആയിരത്തൊന്നാം രാവിന്‍റെ ചിത്രീകരണം യു.എ.ഇയിലെ റാസല്‍ ഖൈമയില്‍ ആരംഭിച്ചു. ദുബൈ, റാസല്‍ ഖൈമ, ഷാര്‍ജ, അബുദാബി, അജ്മാന്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍.
വെയിലാണ് ഷെയിന്‍ നിഗത്തിന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ ജുമാനാ ഖാന്‍റെ ആദ്യ സിനിമയാണ് ആയിരത്തൊന്നാം രാവ്. ഇതിന് മുമ്പ് നിരവധി ആല്‍ബങ്ങളിലൂടെയും ശ്രദ്ധേയയാണ് ജുമാനാ ഖാന്‍.
ഗോള്‍ഡന്‍ എസ് പിക്ച്ചേഴ്സിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആയിരത്തൊന്നാം രാവിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സലാം ബാപ്പു തന്നെയാണ്. സൗഹൃദത്തിന്‍റെ കഥ പറയുന്ന ചിത്രം ബിരുദ പഠനത്തിനു ശേഷം മലപ്പുറത്തു നിന്നും ദുബൈയിലെത്തുന്ന യുവാവിന്‍റെ ജീവിതത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്. ശ്യാംകുമാര്‍ എസ്, സിനോ ജോണ്‍ തോമസ്, ഷെരീഫ് എം.പി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സൗബിന്‍ ഷാഹിര്‍,രഞ്ജി പണിക്കര്‍, ജോയ് മാത്യു, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, അഫ്‌സല്‍ അച്ചന്‍ എന്നിവരും യു.എ.ഇ.യിലെ നിരവധി കലാകാരന്മാരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. 'ഹൃദയം' തുടങ്ങി നിരവധി ചിത്രങ്ങളിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ഒരുക്കി ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. സുഹൈല്‍ മുഹമ്മദ് കോയയുടേതാണ് ഗാനങ്ങള്‍. ഛായാഗ്രഹണം- വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിംഗ് - രഞ്ജന്‍ ഏബ്രഹാം, കലാസംവിധാനം - സുരേഷ് കൊല്ലം, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യും - ഡിസൈന്‍- ഇര്‍ഷാദ് ചെറുകുന്ന്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ശ്രീകുമാര്‍ ചെന്നിത്തല.
മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവര്‍ അഭിനയിച്ച റെഡ് വൈന്‍ ആണ് സലാം ബാപ്പുവിന്‍റെ ആദ്യ ചിത്രം. മമ്മൂട്ടിയെ നായകനാക്കി മംഗ്ലീഷ് എന്ന ചിത്രവും പിന്നീട് സംവിധാനം ചെയ്തു.