'സിനിമാക്കാരാണോ മയക്കുമരുന്ന് കൊണ്ടുവന്നത്?' പൊട്ടിത്തെറിച്ച് ഷൈന്‍ ടോം ചാക്കോ
ലൈവ് എന്ന സിനിമയുടെ പ്രിമിയർ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷൈന്‍ ടോം ചാക്കോ
കൊച്ചി: മലയാള സിനിമയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുണ്ടെന്ന നിര്‍മാതാക്കളുടെ സംഘടനയുടെ വെളിപ്പെടുത്തല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഈ വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. മയക്കുമരുന്ന് കണ്ടുപിടിച്ചത് സിനിമാക്കാരാണോ എന്നാണ് ഷൈന്‍ ടോം ചാക്കോയുടെ ചോദ്യം. ലൈവ് എന്ന സിനിമയുടെ പ്രിമിയർ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഈ ഡ്രഡ്സൊക്കെ എത്രകാലമായി കണ്ടുപിടിച്ചിട്ട്? 30 വയസ്സുള്ള ചെറുപ്പക്കാരാണോ അതു കണ്ടുപിടിച്ചത്? ലോകത്തിന്റെ ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാർ ആണോ? സിനിമാക്കാര്‍ ആണോ? അങ്ങനെ പറയുന്ന ആളുകളോട് നിങ്ങൾ ചോദിക്കണം. അത് ഇപ്പോഴത്തെ ചെറുപ്പക്കാരോ സിനിമാക്കാരോ കൊണ്ടുവന്നതല്ല. എന്‍റെ മക്കളുടെ കയ്യിൽ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കൾ ചോദിക്കണം"- ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് അറിയിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ്, താരങ്ങളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുണ്ടെന്ന ആരോപണം നിര്‍മാതാക്കള്‍ ഉന്നയിച്ചത്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ പട്ടിക സര്‍ക്കാരിന് കൈമാറുമെന്നും നിര്‍മാതാവ് രഞ്ജിത്ത് പറയുകയുണ്ടായി.
വി.കെ പ്രകാശ് സംവിധാനം ചെയ്ത ലൈവ് എന്ന സിനിമയുടെ പ്രീമിയര്‍ ഷോയ്ക്ക് ശേഷമാണ് ഷൈന്‍ ടോം ചാക്കോ മയക്കമരുന്ന് ആരോപണത്തെ കുറിച്ച് പ്രതികരിച്ചത്. ഷൈന്‍ ടോമിനെ കൂടാതെ മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് സിനിമ വിതരണം ചെയ്യുന്നത്.