'ഇതുപോലൊരു നാട് കണ്ടിട്ടില്ല, ഈ കാണിക്കുന്നത് ക്രൂരത': ലക്ഷദ്വീപിന് പിന്തുണയുമായി സിതാര കൃഷ്ണകുമാര്‍
ഒരു സൂക്ഷ്മാണുവിന്റെ മുന്നിൽ തകർന്നും തളർന്നും ഈ ലോകം മുഴുവൻ ഇരിക്കുമ്പോഴും സഹജീവികളോട് ഇത് ചെയ്യാൻ എങ്ങനെ സാധിക്കുന്നു എന്നാണ് സിതാരയുടെ ചോദ്യം.
ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഗായിക സിതാര കൃഷ്ണകുമാര്‍. ഒരു സൂക്ഷ്മാണുവിന്റെ മുന്നിൽ തകർന്നും തളർന്നും ഈ ലോകം മുഴുവൻ ഇരിക്കുമ്പോഴും സഹജീവികളോട് ഇത് ചെയ്യാൻ എങ്ങനെ സാധിക്കുന്നു എന്നാണ് സിതാരയുടെ ചോദ്യം.
"ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി! ഇതുപോലൊരു നാട് മുൻപും പിൻപും കണ്ടിട്ടില്ല! കള്ളമില്ലാത്ത കളങ്കമില്ലാത്ത കുറേ ഇടവഴികളും നല്ല മനുഷ്യരും!!! കരയെന്നാൽ അവർക്ക് കേരളമാണ്! ദ്വീപിൽ നിന്നുള്ള കുട്ടികൾ ഏറെ പഠിച്ചിരുന്ന ഫാറൂഖ് കോളേജിൽ പഠിച്ചിരുന്നതുകൊണ്ട് തന്നെ പണ്ടേ അറിയാം ദ്വീപ് മുട്ടായി പോലെ മധുരമുള്ള അവിടുത്തുകാരുടെ മനസ്സും! ഈ കാണിക്കുന്നത് അത്രയും ക്രൂരതയാണ്! ഒരു സൂക്ഷ്മാണുവിന്റെ മുന്നിൽ തകർന്നും തളർന്നും ഈ ലോകം മുഴുവൻ ഇരിക്കുമ്പോഴും സഹജീവികളോട് ഇത് ചെയ്യാൻ എങ്ങനെ സാധിക്കുന്നു!".
ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി!!! ഇതുപോലൊരു നാട് മുൻപും പിൻപും കണ്ടിട്ടില്ല!!! കള്ളമില്ലാത്ത,...
Posted by Sithara Krishnakumar on Monday, May 24, 2021
ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി മലയാള സിനിമാലോകം
ലക്ഷദ്വീപില്‍ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പാക്കാനുള്ള അഡ്മിനിസ്‌ട്രേറ്ററുടെ നീക്കത്തിനെതിരെ ദ്വീപ്ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലയാള സിനിമാലോകം. സിനിമാ താരങ്ങളായ പൃഥ്വിരാജ്, സലീം കുമാര്‍, ആന്റണി വര്‍ഗീസ്, സണ്ണിവെയ്ന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ ദ്വീപ് നിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.
''ഞാൻ മൂത്തോൻ ഷൂട്ട് ചെയ്തത് ലക്ഷദ്വീപിലാണ്. ഞാൻ കണ്ടതിൽ വെച്ചേറ്റവും മാന്ത്രികത നിറഞ്ഞ സ്ഥലവും മനോഹരമായ മനുഷ്യരുമുള്ള സ്ഥലമാണ് ലക്ഷദ്വീപ്. അവരുടെ നിലവിളി നിരാശാജനകവും യാഥാർഥ്യവുമാണ്. വികസനത്തിന്റെ പേരിൽ അവരുടെ സമാധാനത്തെ ശല്യപ്പെടുത്തരുത്. അവരുടെ ആവാസവ്യവസ്ഥയും നിഷ്കളങ്കതയും തകിടം മറിക്കരുത്. ഇത് കേൾക്കേണ്ടവരുടെ ചെവിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു''- ഗീതുമോഹൻദാസ് ഫേസ്ബുക്കിൽ കുറിച്ചു.
നടൻമാരായ ആൻറണി വർഗീസും സണ്ണി വെയ്നും 'സേവ് ലക്ഷദ്വീപ്' ടാഗ് പങ്കുവെച്ചാണ് ഐക്യദാർഢ്യം അറിയിച്ചത്. സണ്ണിവെയ്ൻ അഭിനയിച്ച 'മോസയിലെ കുതിര മീനുകൾ' ചിത്രീകരിച്ചത് ലക്ഷദ്വീപിലായിരുന്നു. ലക്ഷദ്വീപിനായി രാഷ്ട്രപതിക്കയച്ച എളമരം കരീം എം.പിയുടെ കത്ത് പങ്കുവെച്ചാണ് റിമ കല്ലിങ്കൽ ഐക്യദാർഢ്യം അറിയിച്ചത്.
ശക്തമായ ഭാഷയിലാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിചിത്ര പരിഷ്കാരങ്ങളെ പൃഥ്വിരാജ് വിമര്‍ശിച്ചത്- "കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ ദ്വീപിലെ എനിക്കറിയുന്നതും അറിയാത്തതുമായ ആളുകളിൽ നിന്ന് നിരാശ നിറഞ്ഞ സന്ദേശങ്ങൾ ലഭിക്കുന്നു. അവിടെ നടക്കുന്ന കാര്യങ്ങളിൽ പൊതുജനശ്രദ്ധ ആകർഷിക്കാൻ എനിക്ക് കഴിയുന്നത് ചെയ്യാൻ അവര്‍ അഭ്യര്‍ഥിക്കുന്നു, അപേക്ഷിക്കുന്നു. എന്തുകൊണ്ടാണ് പുതിയ അഡ്മിനിസ്ട്രേറ്ററുടെ പരിഷ്കാരങ്ങൾ തികച്ചും വിചിത്രമെന്ന് തോന്നുന്നതെന്ന് ഞാന്‍ ദീര്‍ഘമായി പറയാന്‍ ഉദ്ദേശിക്കുന്നില്ല. അത്തരം കാര്യങ്ങള്‍ വായിക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കില്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. എനിക്കറിയാവുന്ന കാര്യമെന്തെന്നാൽ എനിക്കറിയാവുന്ന ദ്വീപുനിവാസികളാരും എന്നോട് സംസാരിച്ചവരാരും ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ സന്തുഷ്ടരല്ല. ഏതെങ്കിലും നിയമമോ പരിഷ്കരണമോ ഭേദഗതിയോ ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ആ ദേശത്തെ ജനങ്ങൾക്ക് വേണ്ടിയാണെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്ര ഭരണ പ്രദേശത്തെയോ സൃഷ്ടിക്കുന്നത് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിർത്തിയല്ല. മറിച്ച് അവിടെ താമസിക്കുന്ന ആളുകളാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാർഗമായി മാറുന്നു? എനിക്ക് ഈ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്, നമ്മുടെ ജനങ്ങളിൽ അതിലേറെ വിശ്വാസമുണ്ട്. നാമനിർദേശം ചെയ്യപ്പെട്ട ഒരു അതോറിറ്റിയുടെ തീരുമാനങ്ങളിൽ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോൾ ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. അല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് ഞാൻ കരുതുന്നു. ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം കേള്‍ക്കുക, അവരുടെ ദേശത്തിന് ഏറ്റവും നല്ലത് എന്താണെന്ന് അറിയാൻ അവരെ വിശ്വസിക്കുക. ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണിത്. അതിലും മനോഹരമായ ആളുകൾ അവിടെ താമസിക്കുന്നു".