'മിസ് ഇന്ത്യ മത്സരത്തിൽ കാവിയണിഞ്ഞ് സ്മ്യതി ഇറാനി'; പഴയ വീഡിയോ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
പഠാൻ സിനിമയിലെ ദീപിക പദുക്കോണിന്‍റെ വസ്ത്രം ഹിന്ദു ധർമ്മത്തിന് എതിരാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു
പഠാൻ സിനിമ വിവാദങ്ങള്‍ക്കിടെ കേന്ദ്ര മന്ത്രി സ്മ്യതി ഇറാനിയുടെ മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ നിന്നുള്ള വീഡിയോ ചർച്ചയാകുന്നു. 1998 ൽ നടന്ന മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ സ്മ്യതി ഇറാനിയുടെ വീഡിയോയാണ് ട്വിറ്ററിൽ വൈറലാകുന്നത്. ത്യണമൂൽ കോൺഗ്രസ് നോതാവ് റിജു ദത്ത ബിജെപി നേതാവ് അമിത് മാളവ്യയുടെ ട്വീറ്റിന് മറുപടിയായാണ് സ്മ്യതി ഇറാനിയുടെ വീഡിയോ പങ്കുവെച്ചത്.
അതെ സമയം ദത്തയുടെ ട്വീറ്റ് സ്ത്രിവിരുദ്ധമാണെന്ന് ആരോപിച്ച് ബി.ജെ.പി എം.പി ലോക്കറ്റ് ചാറ്റർജിയും രംഗത്തെത്തി. സ്ത്രീവിരുദ്ധരായ ഇത്തരം പുരുഷന്മാരെ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ദേശീയ വക്താവായി നിയമിച്ചതിന് മമത ബാനർജിയെ ഓർത്ത് ലജ്ജിക്കുന്നുവെന്നും സ്ത്രീകളോടും അവർ ജീവിതത്തിൽ എടുക്കുന്ന തെരഞ്ഞെടുപ്പുകളോടും അയാൾക്ക് ബഹുമാനമില്ലെന്നും പറഞ്ഞ ലോക്കറ്റ് ചാറ്റർജി വിജയിച്ച സ്ത്രീകളോടും അവരുടെ ഉയർച്ചയോടും ഇവർക്ക് നീരസമാണെന്നും, സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ ഉത്തരവാദികള്‍ അദ്ദേഹത്തെപ്പോലുള്ള പുരുഷന്മാരാണെന്നും ട്വീറ്റ് ചെയ്തു.
കാവി നിങ്ങളുടെ പാർട്ടിയുടെ പിതൃസ്വത്താണെന്ന മട്ടിൽ പ്രവർത്തിക്കുന്നത് നിർത്തണമെന്നും, ദീപിക പദുക്കോണിനെപ്പോലുള്ള സ്ത്രീകൾ കാവി ധരിക്കുമ്പോൾ നിങ്ങൾക്ക് വിറയൽ ഉണ്ടാകുകയും, എന്നാൽ സ്മൃതി ഇറാനി ധരിക്കുമ്പോള്‍ നിങ്ങള്‍ക്കത് പ്രശ്നമല്ലെന്നെന്നും മറുപടി നൽകിയ റിജു ദത്ത നിങ്ങൾക്ക് ഭാഗികമായ അന്ധതയുണ്ടെന്നും കപട വിശ്വാസികളാണെന്നു കൂട്ടിച്ചേർത്തു. ബലാത്സംഗികളെ 'സംസ്‌കാരി ബ്രാഹ്മണർ' എന്ന് വിളിക്കുന്ന ഒരു പാർട്ടിയിൽ നിന്നുള്ളവരാണ് ലോക്കറ്റ് ചാറ്റർജിയെന്നും റിജു ദത്ത കുറ്റപ്പെടുത്തി.
പഠാൻ സിനിമയിലെ ദീപിക പദുക്കോണിന്‍റെ വസ്ത്രം ഹിന്ദു ധർമ്മത്തിന് എതിരാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. മുംബൈ പൊലീസ് സിനിമയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ചിത്രത്തിൽ ദീപിക ധരിച്ച ബിക്കിനിയുടെ നിറമാണ് പ്രതിഷേധത്തിനു കാരണം. നിരവധി ആളുകള്‍ ചിത്രത്തിനെതിരെ ബഹിഷ്കരണ ക്യാമ്പയിനുമായി രംഗത്തു വന്നിരുന്നു. സിദ്ധാർഥ് ആനന്ദാണ് പഠാൻ സംവിധാനം ചെയ്യുന്നത്. ജോൺ എബ്രഹാമാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും. യാഷ് രാജ് ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. റോ ഏജന്‍റായ പഠാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷാരൂഖ് അവതരിപ്പിക്കുന്നത്. അശുതോഷ് റാണ, ഗൗതം റോഡ്,ഡിംപിൾ കപാഡിയ എന്നിവരാണ് മറ്റുകഥാപാത്രങ്ങൾ. സൽമാൻ ഖാനും ഋതിക് റോഷനും അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും പഠാനുണ്ട്.