'സ്നേഹം ഒരു സാര്‍വലൗകിക മതമാണ്'; ട്രോളുകള്‍ക്ക് മറുപടിയുമായി സൊനാക്ഷി സിന്‍ഹ
സൊനാക്ഷിയുടെ പിതാവും നടനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ശത്രുഘ്നൻ സിൻഹയും ട്രോളുകളെ വിമർശിക്കുകയും നിഷേധാത്മകത പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു
മുംബൈ: നടന്‍ സഹീര്‍ ഇഖ്ബാലുമായുള്ള പ്രണയവിവാഹത്തിന്‍റെ പേരില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ മൗനം വെടിഞ്ഞ് ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ. ചിത്രകാരന്‍ പ്രസാദ് ഭട്ടിന്‍റെ കാരിക്കേച്ചര്‍ പങ്കുവച്ചുകൊണ്ടാണ് നടി മറുപടി നല്‍കിയിരിക്കുന്നത്. സഹീറിന്‍റെയും സൊനാക്ഷിയുടെയും വിവാഹ സല്‍ക്കാരത്തില്‍ നിന്നുള്ള ചിത്രമാണ് കാരിക്കേച്ചറിലുള്ളത്. 'സ്നേഹം ഒരു സാര്‍വലൗകിക മതമാണ്' എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ഈ ചിത്രം റീഷെയര്‍ ചെയ്തിരിക്കുകയാണ് സൊനാക്ഷി.
"സത്യമായ വാക്കുകൾ!! ഇത് മനോഹരമാണ്! നന്ദി." സൊനാക്ഷി കുറിച്ചു. അതേസമയം, സൊനാക്ഷിയുടെ പിതാവും നടനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ശത്രുഘ്നൻ സിൻഹയും ട്രോളുകളെ വിമർശിക്കുകയും നിഷേധാത്മകത പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.തന്‍റെ മകൾ നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ ഒന്നും ചെയ്തിട്ടില്ലെന്ന് ടൈംസ് നൗവിനോട് വ്യക്തമാക്കി. “വിവാഹം എന്നത് രണ്ടുപേർ തമ്മിലുള്ള വളരെ വ്യക്തിപരമായ തീരുമാനമാണ്. ആർക്കും ഇടപെടാനോ അഭിപ്രായം പറയാനോ അവകാശമില്ല.എല്ലാ പ്രതിഷേധക്കാരോടും ഞാൻ പറയുന്നു - പോകൂ, ഒരു ജീവിതം നേടൂ. നിങ്ങളുടെ ജീവിതത്തിൽ ഉപയോഗപ്രദമായ എന്തെങ്കിലും ചെയ്യുക.എനിക്ക് മറ്റൊന്നും പറയാനില്ല'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ചയാണ് സൊനാക്ഷിയും നടനുമായ സഹീര്‍ ഇഖ്ബാലും വിവാഹിതരായത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. തുടര്‍ന്ന് തുടർന്ന് മുംബൈയിലെ ബാസ്റ്റിയനിൽ വിവാഹ സൽക്കാരവും നടന്നു. സല്‍ക്കാരത്തില്‍ അനില്‍ കപൂര്‍, സൽമാൻ ഖാൻ, രേഖ, കജോള്‍,വിദ്യാ ബാലന്‍ അദിതി റാവു ഹൈദരി, ഹുമ ഖുറേഷി, ആദിത്യ റോയ് കപൂർ, തബു, റിച്ച ഛദ്ദ, അലി ഫസൽ, ഷർമിൻ സെഗാൾ മേത്ത തുടങ്ങിയ നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു. ശത്രുഘ്നന്‍ സിന്‍ഹയും ഭാര്യയും പങ്കെടുത്തിരുന്നുവെങ്കിലും ഇരട്ട സഹോദരങ്ങളായ ലവ് സിന്‍ഹയുടെയും കുഷ് സിന്‍ഹയുടെയും അസാന്നിധ്യം ചര്‍ച്ചയായിരുന്നു. ഇരുവരും വിവാഹത്തിലും തുടര്‍ന്ന് നടന്ന സല്‍ക്കാരത്തിലും പങ്കെടുത്തില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് നിഷേധിച്ച കുഷ് താന്‍ വിവാഹത്തിനുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി. തങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഇത് സെന്‍സിറ്റീവായ സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൊനാക്ഷിയുടെയും സഹീറിന്‍റെയും വിവാഹചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ സുഹൃത്തുക്കളുടെയും ആരാധകരുടെയും ആശംസകള്‍ക്ക് താഴെ വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും കമന്‍റുകളാണ് നിറഞ്ഞത്. ഒടുവില്‍ ദമ്പതികള്‍ക്ക് അവരുടെ കമന്‍റ് ബോക്സ് പൂട്ടേണ്ടിവന്നു. കൂടാതെ സൊനാക്ഷിക്കെതിരെ പറ്റ്നയില്‍ ഹിന്ദുത്വവാദികളുടെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. സൊനാക്ഷിയുടെയും സഹീറിന്‍റെയും കല്യാണത്തെ ലൗ ജിഹാദ് എന്ന് വിളിച്ച ഹിന്ദു ശിവഭവാനി സേന എന്ന സംഘടന നടിയെ ബിഹാറില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി മുഴക്കിയത്. സിൻഹ കുടുംബത്തെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററുകളില്‍ സഹീറും സൊനാക്ഷിയും ചേര്‍ന്ന് രാജ്യത്തെ ഇസ്‍ലാമിലേക്ക് മാറ്റാന്‍ ശ്രമിക്കുകയാണെന്നും ആരോപിക്കുന്നു. സൊനാക്ഷിയുടെ പിതാവും നടനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ശത്രുഘ്നൻ സിൻഹക്കും സംഘടന ഭീഷണിസന്ദേശം അയച്ചിട്ടുണ്ട്. "സൊനാക്ഷിയുടെയും സഹീറിൻ്റെയും വിവാഹം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു. ഈ വിവാഹം പ്രണയത്തിൻ്റെ മറവിൽ നടക്കുന്ന മതപരമായ ഗൂഢാലോചനയാണ്. ഹിന്ദു സംസ്‌കാരത്തെ തകർക്കാനാണ് ഇത് ലക്ഷ്യമിടുന്നത്", "ഹിന്ദു ശിവഭവാനി സേന സൊനാക്ഷി സിൻഹയെ ബിഹാറിൽ പ്രവേശിപ്പിക്കില്ല'' പോസ്റ്ററില്‍ പറയുന്നു.
തന്‍റെ മകന്‍റെ വിവാഹം മതാചാര പ്രകാരമായിരിക്കില്ലെന്ന് സഹീറിന്‍റെ പിതാവും ഇഖ്ബാല്‍ റത്നാസി നേരത്തെ വ്യക്തമാക്കിയിരുന്നു. ''അതൊരു ഹിന്ദു വിവാഹമോ മുസ്‍ലിം വിവാഹമോ ആയിരിക്കില്ല. രജിസ്റ്റര്‍ വിവാഹമായിരിക്കും. വിവാഹശേഷം സൊനാക്ഷി ഇസ്‍ലാമിലേക്ക് മതം മാറില്ല. അത് ഉറപ്പാണ്. ഹൃദയങ്ങള്‍ തമ്മിലാണ് ചേരുന്നത്. അതില്‍ മതത്തിന് കാര്യമില്ല. ഞാന്‍ മനുഷ്യത്വത്തിലാണ് വിശ്വസിക്കുന്നത്. ദൈവത്തെ ഹിന്ദുക്കള്‍ ഭഗവാനെന്നും മുസ്‍ലിംകള്‍ അല്ലാഹ് എന്നും വിളിക്കുന്നു. പക്ഷേ അവസാനം നമ്മള്‍ എല്ലാം മനുഷ്യന്മാരാണ്. സഹീറിനും സൊനാക്ഷിക്കും എന്റെ അനുഗ്രഹങ്ങളുണ്ടാകും'' എന്നാണ് ഇഖ്ബാല്‍ പറഞ്ഞത്.