'ഇന്ത്യയിലെ സ്ത്രീകൾ മടിച്ചികൾ'; വിവാദ പരാമര്‍ശത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് സൊണാലി കുൽക്കർണി
ഈ സംഭവത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചെന്ന് നടി
മുംബൈ: ഇന്ത്യൻ സ്ത്രീകളെ കുറിച്ച് നടത്തിയ പരമാർശം വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് നടി സൊണാലി കുൽക്കർണി. ഇന്ത്യയിലെ സ്ത്രീകളിൽ ഭൂരിഭാഗവും മടിച്ചികളും അലസന്മാരുമാണെന്നായിരുന്നു കഴിഞ്ഞ ദിവസം നടി പറഞ്ഞിരുന്നത്.
''ഇന്ത്യയിൽ, ധാരാളം സ്ത്രീകൾ മടിച്ചികളാണെന്ന് ചിലപ്പോൾ മറക്കുന്നു. നന്നായി സമ്പാദിക്കുന്ന ഒരു കാമുകനെയോ ഭർത്താവിനെയോ അവർക്ക് വേണം, അതും സ്വന്തമായി ഒരു വീടുള്ള, കൂടുതൽ ഇൻക്രിമെന്റുകളടക്കം ശമ്പളം ലഭിക്കുന്ന പുരുഷന്മാരെ.. പക്ഷേ, ഇതിനിടയിൽ സ്ത്രീകൾ സ്വയം നിലപാട് എടുക്കാൻ മറക്കുന്നു. സ്ത്രീകൾക്ക് എന്തുചെയ്യുമെന്ന് പോലും അറിയില്ല. സ്ത്രീകളെ സ്വയം പര്യാപ്തയാക്കാൻ എല്ലാവരും പ്രോത്സാഹിപ്പിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. എങ്കിൽ മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം വീട്ടുചെലവുകൾ പങ്കുവെക്കാൻ അവർ പ്രാപ്തരാകും...എന്നായിരുന്നു സൊണാലി വാർത്താസമ്മേളത്തിൽ പറഞ്ഞത്.
എന്നാൽ ഈ പരമാർശം സോഷ്യൽമീഡിയയിൽവലിയ വിമർശനങ്ങൾ ഏറ്റുവാങ്ങി. നിരവധി പേരാണ് നടിയുടെ പ്രസ്താവനയെ അതിരൂക്ഷമായി വിമർശിച്ചത്. സ്വന്തം കാലിൽ നിൽക്കുന്ന, വീട്ടുജോലികൾ മുഴുവനും ചെയ്യുന്ന സ്ത്രീകളെ എങ്ങനെയാണ് നടി അലസയെന്നും മടിച്ചിയെന്നും വിളിക്കുക എന്നായിരുന്നു ചിലർ ചോദിച്ചത്. ഗായിക സോന മഹാപത്രയും സൊണാലിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞ് നടി രംഗത്തെത്തിയത്. തന്റെ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടി എല്ലാവരോടും ക്ഷമാപണം നടത്തിയത്.
'ഞാനൊരു സ്ത്രീയാണ്. മറ്റൊരു സ്ത്രീയെ വേദനിപ്പിക്കുക എന്നതായിരുന്നില്ല എന്റെ ഉദ്ദേശം. ഈ സംഭവത്തിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. നമ്മുടെ പരിധികളും കഴിവുകളും തിരിച്ചറിഞ്ഞ് മുന്നേറിയാൽ മാത്രമേ സ്ത്രീകൾക്ക് തിളങ്ങാൻ സാധിക്കൂ എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. എന്റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് മാപ്പ് ചോദിക്കുന്നു. എനിക്ക് ലഭിച്ച എല്ലാ സന്ദേശങ്ങൾക്കും നന്ദി..ഈ സംഭവത്തിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. നമുക്ക് കൂടുതൽ തുറന്ന ചിന്തകൾ കൈമാറാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു'. സൊണാലി സോഷ്യൽമീഡിയയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി.