സോനം കപ്പൂറിന്‍റെ വീട്ടില്‍ മോഷണം നടത്തിയത് നഴ്സും ഭര്‍ത്താവും, പൊലീസ് പിടിയില്‍
ഫെബ്രുവരി 23ന് നടന്ന മോഷണത്തില്‍ തുഗ്ലക്ക് റോഡ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു
ന്യൂ ഡല്‍ഹി: ബോളിവുഡ് നടി സോനം കപ്പൂറിന്‍റെ വീട്ടില്‍ മോഷണം നടത്തിയത് നഴ്സും ഭര്‍ത്താവും ചേര്‍ന്ന്. രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ സ്വര്‍ണ്ണവും പണവുമടക്കം 2.4 കോടി രൂപ മോഷണം പോയിരുന്നു. ഡല്‍ഹിയിലെ നടിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന നഴ്സാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
സോനം കപ്പൂറിന്‍റെ ഭര്‍ത്താവ് ആനന്ദ് അഹുജയുടെ മാതാവിന്‍റെ സഹായിയായ അപര്‍ണ റൂത്ത് വില്‍സണ്‍, ഭര്‍ത്താവ് ഷകര്‍പൂരിലെ സ്വകാര്യകമ്പനിയിലെ അക്കൌണ്ടന്‍റുമായ നരേഷ് കുമാര്‍ സാഗര്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. ഫെബ്രുവരി 23ന് നടന്ന മോഷണത്തില്‍ തുഗ്ലക്ക് റോഡ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഡല്‍ഹി പൊലീസ് ക്രൈം ബ്രാഞ്ചും സ്പെഷ്യല്‍ സ്റ്റാഫ് ബ്രാഞ്ചും നടത്തിയ അന്വേഷണത്തിലാണ് കേസിലെ പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
അതെ സമയം പ്രതികളില്‍ നിന്നും മോഷണം പോയ സ്വര്‍ണ്ണവും പണവും തിരിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല. അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും വീട്ടില്‍ ജോലി ചെയ്യുന്ന മുഴുവന്‍ പേരെയും ചോദ്യം ചെയ്തതായും പൊലീസ് പറഞ്ഞു.
Sonam Kapoor and Anand Ahuja Delhi house robbery: Police arrests nurse, husband for stealing valuables