ഡബ്ബിംഗിന് വിളിച്ചാല്‍ സൗബിൻ ഫോൺ എടുക്കില്ല, തിരിച്ചുവിളിക്കുകയുമില്ല: ഒമര്‍ ലുലു

'മുതിര്‍ന്ന താരങ്ങള്‍ ബ്ലോക്കില്‍ കുടുങ്ങിയാല്‍ പോലും വിളിച്ചറിയിക്കും, യുവ നടന്‍മാര്‍ക്കാണ് പ്രശ്നം'

Update: 2023-05-13 13:40 GMT
Advertising

മലയാള സിനിമയിൽ ഇപ്പോൾ ആരോപണ പ്രത്യാരോപണങ്ങളുടെ കാലമാണ്. പണം നൽകിയതിന് അഭിനയിച്ചില്ല, സെറ്റിൽ സമയത്തിന് എത്തിയില്ല, സഹതാരങ്ങളോട് മോശമായി പെരുമാറി തുടങ്ങി നിരവധി പരാതികളാണ് സിനിമാതരങ്ങൾക്കെതിരെ ഉയരുന്നത്.

നടൻമാരായ ശ്രീനാഥ് ഭാസിയേയും ഷെയിൻ നിഗത്തിനേയും വിലക്കിയതിന് പിന്നാലെ ഇത്തരം നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ നടൻ സൗ്ബിൻ ഷാഹിറിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് നടനും സംവിധയകനുമായ ഒമർ ലുലു.

നേരം വൈകിയാൽ മുതിർന്ന താരങ്ങൾ ഇങ്ങോട്ട് വിളിച്ച് കാര്യങ്ങൾ അറിയിക്കാറുണ്ടെന്നും ചില യുവനടൻമാർക്കാണ് ഈ ശീലമില്ലാത്തതെന്നും ഒമർ ലുലു പറയുന്നു. ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ഫോണിൽ വിളിച്ചാൽ സൗബിൻ എടുക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്യില്ലെന്ന് ഒമർ ലുലു പറയുന്നു.

'' യുവ നടൻമാരാണ് പ്രശ്‌നം. സിദ്ദിഖ് ഒക്കെ എന്റെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സിദ്ദിഖ് ഇക്ക മാത്രമല്ല, ഇടവേള ബാബു ചേട്ടൻ, മുകേഷേട്ടൻ, ഉർവ്വശി ചേച്ചി തുടങ്ങി നിരവധിയാളുകൾ എന്റെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഇവരെല്ലാം തന്നെ സെറ്റിലെത്തുന്ന സമയം കൃത്യമായി അറിയിക്കും. അതിന് അനുസരിച്ച് നമുക്ക് ഷൂട്ട് ചാർട്ട് ചെയ്യാം. ഇനി വരുന്ന വഴി വല്ല ബ്ലോക്കുമുണ്ടായാൽ അതുപോലും വിളിച്ചറിയിക്കും. അവരുടെ കമ്മ്യൂണിക്കേഷൻ പക്കയാണ്. ഞാൻ കൂടുതലും പുതുമുഖങ്ങളെ വച്ചാണ് സിനിമ ചെയ്തിട്ടുള്ളത്. എങ്കിലും പല ആളുകളും പറയുന്നത് കേട്ടിട്ടുണ്ട്.ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് അങ്ങനെയാണ് ഞാൻ സൗബിൻ ഷാഹിറുമായി പ്രശ്‌നമുണ്ടാകുന്നത്. ഡബ്ബിംഗിന് വിളിച്ചാൽ വരില്ല. ഷൈൻ ടോം തന്നെ എനിക്ക് മെസേജ് അയച്ച് ചോദിച്ചിട്ടുണ്ട്. പോപ്കോൺ എന്ന സിനിമ നടക്കുകയാണ്, അപ്പോൾ സൗബിൻ വന്ന് ഡബ്ബ് ചെയ്തോ എന്ന് ഷൈൻ എന്നോട് ചോദിച്ചിട്ടുണ്ട്. ഇത് ഇപ്പോൾ ഷൈൻ സമ്മതിക്കുമോ എന്നറിയില്ല'. ഒമർ ലുലു പറഞ്ഞു.

സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് നടൻ ടിനി ടോം പ്രതികരിച്ചത് വലിയ വാർത്തയായിരുന്നു. മയക്കുമരുന്ന് ഭയന്ന് മകനെ സിനിമയിൽ വിട്ടില്ലെന്നും പ്രമുഖ താരത്തിന്റെ മകനായി തന്റെ മകന് അവസരം ലഭിച്ചിരുന്നെന്നും ടിനി ടോം പറഞ്ഞു.

'രണ്ടാഴ്ച മുൻപ് പ്രമുഖ താരത്തിന്റെ മകനായി അഭിനയിക്കാൻ എന്റെ മകന് അവസരം ലഭിച്ചിരുന്നു. എന്നാൽ എൻറെ ഭാര്യ പറഞ്ഞു അവനെ വിടാൻ പറ്റില്ലെന്ന്, ഭയം മയക്കുമരുന്ന് തന്നെയാണ്. 17, 18 വയസിലാണ് കുട്ടികൾ വഴിതെറ്റുന്നത്. ആകെ ഒരു മകനാണ് എനിക്ക് ഉള്ളത്. ഈ അടുത്ത് ലഹരിക്ക് അടിമയായ ഒരു സിനിമ താരത്തോടൊപ്പം ഞാൻ അഭിനയിച്ചിരുന്നു. അദ്ദേഹത്തിൻറെ പല്ല് ലഹരി ഉപയോഗം മൂലം പൊടിഞ്ഞ് തുടങ്ങിയിട്ടുണ്ട്'. ടിനി ടോം വ്യക്തമാക്കി. 

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News