'അപ്പോൾ എങ്ങനാ, ഉറപ്പിക്കാവോ?' ആടുതോമ വീണ്ടും വരുന്നു...

പുതിയ കാലത്തിന്‍റെ എല്ലാ സാങ്കേതിക മികവോടെയും സ്ഫടികം വീണ്ടുമെത്തുന്നു

Update: 2022-11-29 06:51 GMT
Advertising

28 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം സ്ഫടികം വീണ്ടും തിയേറ്ററുകളിലെത്തുന്നു. 4 കെ അറ്റ്‍മോസ് സാങ്കേതിക മികവോടെ തയ്യാറാക്കിയ പുതിയ പതിപ്പിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. 2023 ഫെബ്രുവരി 9നാണ് ആടുതോമ വീണ്ടും തിയേറ്ററുകളിലെത്തുക.

ഓട്ടക്കാലണയിലൂടെ നോക്കുന്ന ആടുതോമയുടെ ചിത്രമുള്ള പോസ്റ്റര്‍ മോഹന്‍ലാല്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്‌ചയാണ് ആടുതോമയെ നിങ്ങൾ ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയതെന്നും മോഹന്‍ലാല്‍ കുറിച്ചു.

ആടുതോമ എന്ന കഥാപാത്രമായി മോഹൻലാല്‍ എത്തിയ സിനിമ ബോക്സ്ഓഫീസില്‍ ഹിറ്റായിരുന്നു. തിലകന്റെ ചാക്കോ മാഷ് എക്കാലവും ഓര്‍മിക്കപ്പെടുന്ന കഥാപാത്രമാണ്. ഭൂമിയുടെ സ്‍പന്ദനം മാത്തമാറ്റിക്സിലാണ് എന്ന ഡയലോഗാകട്ടെ എക്കാലത്തെയും പഞ്ച് ഡയലോഗുകളിലൊന്നാണ്.

ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് സ്ഫടികം റീ റിലീസ് ചെയ്യാനായിരുന്നു നേരത്തെ ആലോചിച്ചിരുന്നത്. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ റിലീസ് വൈകുകയായിരുന്നു. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെയാണ് സിനിമ പുനര്‍നിര്‍മിച്ചത്. സിനിമയ്ക്കായി കെ.എസ് ചിത്രയും മോഹന്‍ലാലും വീണ്ടും പാടുന്നുണ്ടെന്നും സംവിധായകന്‍ ഭദ്രൻ നേരത്തെ അറിയിച്ചിരുന്നു.

മോഹന്‍ലാലിന്‍റെ കുറിപ്പ്

എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എന്‍റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്‍റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു.

ലോകമെമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം 9ന് സ്ഫടികം 4കെ അറ്റ്മോസ് (4k Atmos) എത്തുന്നു.

ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്‌ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്...

'അപ്പോൾ എങ്ങനാ... ഉറപ്പിക്കാവോ?.' 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News