'വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കൽകൂടി കാണാനായി'; പത്തൊമ്പതാം നൂറ്റാണ്ടിനെ പ്രശംസിച്ച് ശ്രീകുമാര്‍ മേനോന്‍

"സ്ത്രീ മുന്നേറ്റങ്ങളിലെ ലോകോത്തര പ്രതീകമാണ് മുലക്കരത്തിന് എതിരെ രക്തസാക്ഷിയായ നങ്ങേലി. ആ ചരിത്രത്തിന്‍റെ ദൃശ്യാവിഷ്ക്കാരത്തിന് നടുക്കത്തോടെ മാത്രമേ സാക്ഷ്യം വഹിക്കാനാകു"

Update: 2022-09-20 11:57 GMT
Editor : ijas
Advertising

മികച്ച പ്രേക്ഷക പ്രതികരണങ്ങളോട് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന വിനയന്‍റെ സംവിധാനത്തിലൊരുങ്ങിയ പത്തൊമ്പതാം നൂറ്റാണ്ടിനെ പ്രശംസിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കൽകൂടി കാണാനായതില്‍ സന്തോഷമുണ്ടെന്നും ധീരമായി ഈ ചരിത്ര ദൗത്യം ഏറ്റെടുത്ത നിർമ്മാതാവ് ഗോകുലം ഗോപാലന് അഭിനന്ദനം നേരുന്നതായും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. നായകൻ സിജു വില്‍സന്‍റെ കഠിനാധ്വാനവും പ്രതിഭയും ഒന്നിപ്പിച്ചത് ഏറെ പ്രിയപ്പെട്ടതായെന്നും ഷാജിയുടെ ക്യാമറയടക്കമുള്ള അണിയറയിലെ ദൃശ്യ സന്നാഹം നൽകിയ അനുഭവം മറക്കാനാകില്ലെന്നും ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സെപ്തംബര്‍ എട്ടിന് റിലീസ് ചെയ്ത ചിത്രം ലോകത്താകമാനം അഞ്ഞൂറിലധികം തിയറ്ററുകളില്‍ മികച്ച കലക്ഷന്‍ നേടി മുന്നേറുകയാണ്. കേരളത്തില്‍ ആദ്യ ആഴ്ചയില്‍ 23.6 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് ചിത്രം നേടിയത്. സൂപ്പര്‍സ്റ്റാറുകളില്ലാതെ ഒരു ചിത്രത്തിന് ലഭിക്കുന്ന വലിയ റെക്കോര്‍ഡാണിത്. ആക്ഷന്‍ പാക്ക്ഡ് പീരിയോഡിക്കല്‍ സിനിമയായാണ് ചിത്രമെത്തിയത്. സംവിധായകന്‍ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടില്‍ കയാദു ലോഹര്‍ ആണ് നായിക. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, ഗോകുലം ഗോപാലന്‍, വിഷ്ണു വിനയന്‍, ടിനിടോം , ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍ എന്നിവരും ചിത്രത്തിലുണ്ട്.

വി.എ ശ്രീകുമാര്‍ മേനോന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

ഒറ്റപ്പാലം ലാഡർ തിയറ്ററിലാണ് 'പത്തൊൻപതാം നൂറ്റാണ്ട്' കണ്ടത്.

ചരിത്രം ഓർമ്മിക്കപ്പെടാതെ പോകുന്നത് അവ ആവർത്തിക്കപ്പെടാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. രണ്ടു നൂറ്റാണ്ടുകൾക്കു മുൻപുള്ള കാലത്തെ സത്യസന്ധമായി പുനരാവിഷ്ക്കരിക്കുന്നത് വലിയ വെല്ലുവിളിയാണ്. ചരിത്രരേഖകൾ വളരെ കുറവായതിനാൽ തിരക്കഥ എഴുതിയ സംവിധായകൻ വിനയൻ ഭാവനയെ നീതിപൂർവ്വം വിനിയോഗിച്ചിട്ടുണ്ട്. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന പോരാളി എക്കാലത്തും ആവേശമാണ്. ജാതി- പുരുഷ മേലാളത്തം കൊണ്ടാടിയ ദുരാചാരങ്ങളെ ചിത്രം തുറന്നു കാണിക്കുന്നു.

സ്ത്രീ മുന്നേറ്റങ്ങളിലെ ലോകോത്തര പ്രതീകമാണ് മുലക്കരത്തിന് എതിരെ രക്തസാക്ഷിയായ നങ്ങേലി. ആ ചരിത്രത്തിന്റെ ദൃശ്യാവിഷ്ക്കാരത്തിന് നടുക്കത്തോടെ മാത്രമേ സാക്ഷ്യം വഹിക്കാനാകു.

വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കൽകൂടി കാണാനായതിൽ സന്തോഷം. ധീരമായി ഈ ചരിത്ര ദൗത്യം ഏറ്റെടുത്ത നിർമ്മാതാവ് ഗോകുലം ഗോപാലന് അഭിനന്ദനം.

നായകൻ സിജു വില്‍സന്‍റെ കഠിനാധ്വാനവും പ്രതിഭയും ഒന്നിപ്പിച്ചത് ഏറെ പ്രിയപ്പെട്ടതായി. പിന്നെ ഷാജിയുടെ ക്യാമറയടക്കമുള്ള അണിയറയിലെ ദൃശ്യ സന്നാഹം നൽകിയ അനുഭവം മറക്കാനാകില്ല- ഈ യുദ്ധം ടീം വിനയൻ ജയിച്ചു.

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News