സംസ്ഥാന ടെലിവിഷൻ പുരസ്കാരം; 'തരിയോട്' മികച്ച എജ്യൂക്കേഷണൽ പ്രോഗ്രാം
വയനാടിന്‍റെ സ്വർണ്ണ ഖനന ചരിത്രം പ്രമേയമാക്കി നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത ഡോക്യുമെന്‍ററി ചിത്രമാണ് 'തരിയോട്'
വയനാടിന്‍റെ സ്വർണ്ണ ഖനന ചരിത്രം പ്രമേയമാക്കി നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത 'തരിയോട്' എന്ന ഡോക്യുമെന്‍ററി ചിത്രം 2020 ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ്‌സിൽ മികച്ച എജ്യൂക്കേഷണൽ പ്രോഗ്രാമിനുള്ള അവാർഡ് കരസ്ഥമാക്കി. മലബാറിലെ സ്വർണ്ണ ഖനനത്തിന്‍റെ ചരിത്രം അപൂർവ്വ രേഖകളിലൂടെ ആവിഷ്കരിച്ച ഗവേഷണ മികവിനാണ് പുരസ്കാരമെന്ന് പ്രഖ്യാപന വേളയിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞു. 5000 രൂപയും പ്രശസ്തി പത്രവും ശില്‍പവുമാണ് പുരസ്കാരം. തരിയോടിന് പുറമേ വാക്കുകളെ സ്വപ്നം കാണുമ്പോള്‍ എന്ന നന്ദന്‍ സംവിധാനം ചെയ്ത പരിപാടിയും പുരസ്കാരം പങ്കിടും.
ഹോളിവുഡ് ഇന്‍റര്‍നാഷണൽ ഗോൾഡൻ ഏജ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്‍ററി, സെവൻത്ത് ആർട്ട് ഇൻഡിപെൻഡന്‍റ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡോക്യുമെന്‍ററി ഹ്രസ്വചിത്ര സംവിധായകനുള്ള പുരസ്കാരം, റീൽസ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ജൂറി അവാർഡ് തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി ഇതിനകം നാലോളം അവാർഡുകൾ കരസ്ഥമാക്കിയ 'തരിയോട്' നിരവധി ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. കോണ്ടിനെന്‍റൽ ഫിലിം അവാർഡ്സിൽ മികച്ച ഏഷ്യൻ ഹ്രസ്വ ഡോക്യുമെന്‍ററി വിഭാഗത്തിൽ തരിയോടിനെ ഫൈനലിസ്റ്റായി തെരഞ്ഞെടുത്തിരുന്നു. ഐ ഫിലിംസ് ഇന്‍റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ ചിത്രം സെമി ഫൈനലിസ്റ്റായിരുന്നു. യൂറോപ്പിലെ സ്ലോവാക്യയിൽ നടന്ന കൊഷിറ്റ്സെ ഇന്‍റർനാഷണൽ മന്ത്‍ലി ഫിലിം ഫെസ്റ്റിവൽ, ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്ക് സെഷൻസ്, ലോസ് ആഞ്ചെലെസിലെ സ്റ്റാൻഡാലോൺ ഫിലിം ഫെസ്റ്റിവൽ ആൻഡ് അവാർഡ്‌സ് തുടങ്ങിയ ചലച്ചിത്ര മേളയിലേയ്ക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഇതേ പശ്ചാത്തലത്തിൽ നിർമലിന്‍റെ തന്നെ സംവിധാനത്തിൽ വരാനിരിക്കുന്ന 'തരിയോട്: ദി ലോസ്റ്റ് സിറ്റി' എന്ന ബിഗ് ബജറ്റ് ചരിത്ര സിനിമയിൽ ഭാഗമാകാൻ ചില വിദേശ സ്റ്റുഡിയോകളും വിദേശ താരങ്ങളും മുന്നോട്ട് വന്നത് മുമ്പേ വാർത്തയായിരുന്നു. ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസിന്‍റെ ആദ്യത്തെ ഇന്ത്യൻ സിനിമയായ 'വഴിയെ'യാണ് നിർമലിന്‍റെ ഉടൻ പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമ കൂടിയാണ് വഴിയെ. കാസബ്‌ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യ നിർമ്മിച്ച ഈ ചരിത്ര ഡോക്യുമെന്‍ററിയുടെ വിവരണം ദേശീയ അവാർഡ് ജേതാവായ അലിയാറാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാത്യു എം. തോമസ്, ഫാ. ബിജു മാവറ, ഛായാഗ്രഹണം: മിഥുന്‍ ഇരവില്‍, നിർമൽ ബേബി വര്‍ഗീസ്. അഡിഷണൽ ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്, അശ്വിന്‍ ശ്രീനിവാസന്‍, ഷാല്‍വിന്‍ കെ പോള്‍. സംവിധാന സഹായികള്‍: വി. നിഷാദ്, അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. വിവരണം: പ്രൊഫ. അലിയാര്‍, കലാസംവിധാനം: സനിത എ.ടി, നറേഷൻ റെക്കോര്‍ഡിങ് ആൻഡ് ഫൈനൽ മിക്സിങ്ങ്: രാജീവ് വിശ്വംഭരന്‍, ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ് സബ്‌ടൈറ്റില്‍സ്: നന്ദലാൽ ആർ, സെൻസർ സ്ക്രിപ്റ്റ്: സി. എസ്. അജിത്ത്.