'സിനിമയിലുള്ളത് എന്റെ അച്ഛന്റെ അന്ത്യനിമിഷങ്ങൾ'; സുരറൈ പോട്ര് സംവിധായിക സുധ കൊങ്കര

സ്വന്തം ജീവിതകഥ എന്നെ വിശ്വസിച്ചേൽപ്പിച്ച ക്യാപ്റ്റൻ ഗോപിനാഥിനും നായകന്‍ സൂര്യയ്ക്കും സുധ നന്ദി അറിയിച്ചു

Update: 2022-07-29 07:15 GMT
Editor : Lissy P | By : Web Desk
Advertising

ചെന്നൈ: മികച്ച സിനിമയ്ക്കും നടനും നടിയ്ക്കുമുൾപ്പടെ നിരവധി ദേശീയ പുരസ്‌കാരങ്ങളാണ് സുധ കൊങ്കാര സംവിധാനം ചെയ്ത സുരറൈ പോട്ര് നേടിയത്. സിനിമയിലെ നായകൻ സൂര്യയാണ് മികച്ച നടനുള്ള ദേശീയപുരസ്‌കാരം നേടിയത്. നായിക അപർണബാലമുരളിയെയാണ് മികച്ച നടിയുമായി തെരഞ്ഞെടുത്തത്. അംഗീകാരങ്ങൾക്കും  അഭിനന്ദനമറിയിച്ചവർക്കും നന്ദി അറിയിച്ചിരിക്കുകയാണ് സംവിധായിക സുധ. ഇൻസ്റ്റഗ്രാമിലാണ് തന്റെ സിനിമയാത്രയെ കുറിച്ചും അഭിനന്ദങ്ങൾക്ക് നന്ദിയും അറിയിച്ച് സുധ പോസ്റ്റിട്ടിരിക്കുന്നത്.

അച്ഛന്റെ മരണത്തോടെയാണ് സുരറൈ പോട്ര് എന്ന ചിത്രത്തിലേക്കുള്ള യാത്ര തുടങ്ങിയതെന്നും തന്റെ അച്ഛന്റെ അന്ത്യ നിമിഷങ്ങളാണ് ചിത്രത്തിലെ സൂര്യയുടെ അച്ഛന്റെ മരണനിമിഷങ്ങളായി കാണിച്ചതെന്നും സുധ കൊങ്കര പറയുന്നു.

'സൂരറൈ പോട്രുവിൽ ഞാൻ ഉൾപ്പെടുത്തിയ നിരവധി നിമിഷങ്ങൾക്ക് എന്റെ അച്ഛനോട് നന്ദിപറയുന്നു. എന്നാൽദേശീയ പുരസ്‌കാരങ്ങൾ നേടിയ ഈ നിമിഷത്തിൽ എന്റെ സന്തോഷം കാണാൻ അച്ഛൻ ഇല്ലല്ലോ എന്നുള്ളതാണ് ദുഃഖമെന്നും സുധ കുറിച്ചു.

സ്വന്തം ജീവിതകഥ എന്നെ വിശ്വസിച്ചേൽപ്പിച്ച ക്യാപ്റ്റൻ ഗോപിനാഥിനും ആ ജീവിതകഥ മനോഹരമാക്കി അഭിനയിച്ച സൂര്യയ്ക്കും സുധ നന്ദി അറിയിച്ചു. സിനിമയുടെ നിർമാതാക്കൾക്കും ചിത്രത്തിന്റെ ഓരോ അണിയറപ്രവർത്തകർക്കും നന്ദിയെന്ന് അവർ കുറിച്ചു.

'എല്ലാത്തിനുമുപരി എനിക്ക് നന്ദി പറയാനുള്ളത് എന്റെ പ്രിയപ്പെട്ട പ്രേക്ഷകരോടാണ്. ഏകദേശം രണ്ട് വർഷത്തിന് ശേഷം ഒടുവിൽ എന്റെ സിനിമ തിയറ്ററുകളിൽ എത്തിയപ്പോൾ നിങ്ങളുടെ ഓരോ ആഹ്ലാദാരവവും ഓരോ വിസിലടികളും എനിക്കും എന്റെ സിനിമയ്ക്കും പുതുജീവനേകി. നിങ്ങളാണെന്നെ മുന്നോട്ട് നയിക്കുന്ന ശക്തി. നിങ്ങളാണ് എന്റെ ദൈവങ്ങൾ'.

'ഏറ്റവുമൊടുവിൽ എന്നെപ്പോലെ നല്ല സിനിമകളുടെ പിറവിക്കായി തുടിക്കുന്ന ഓരോ സിനിമാപ്രവർത്തകർക്കും നന്ദി. നിങ്ങൾക്ക് താൽപ്പര്യമുള്ളപ്പോൾ, നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ, നിങ്ങൾ ഇഷ്ടപ്പെടുന്നവരോടൊപ്പം നിങ്ങൾ ഏറ്റവും ആഗ്രഹിക്കുന്ന തരത്തിൽ സിനിമകൾ ചെയ്യാൻ എല്ലാ വെല്ലുവിളികളും അതിജീവിച്ചാണ് നിങ്ങൾ പോരാടുന്നത്. കലയ്ക്കായി സ്വയം സമർപ്പിക്കാൻ കൊതിക്കുന്ന നിരവധി സ്ത്രീകൾക്ക് ജ്വലിക്കുന്ന വഴികാട്ടികളാണ് നിങ്ങൾ-ഹൃദയം നിറഞ്ഞ നന്ദിയോടെ സുധ കൊങ്കര' എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

മികച്ച നടൻ, മികച്ച നടി, മികച്ച ഫീച്ചർ ഫിലിം, മികച്ച തിരക്കഥ, മികച്ച പശ്ചാത്തല സംഗീതം എന്നീ അവാർഡുകളാണ് സുരറൈ പോട്രിന് ലഭിച്ചത്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News