സീറോ ഡിഗ്രി സെൽഷ്യസ്; കേരളത്തെ നടുക്കിയ 'സ്യൂട്ട്കേസ് കൊലക്കേസ്' സിനിമയാകുന്നു
യെസ് ബീ സിനിമാസിന്‍റെ ബാനറിൽ സുജിത്ത് ബാലകൃഷ്ണനാണ് 'സീറോ ഡിഗ്രി സെൽഷ്യസ് ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്
കൊച്ചി: ഊട്ടിയിലെ റെയിൽവെ റസ്റ്റ് ഹൗസിൽ വച്ച് കാമുകനെ കൊന്ന് കഷണങ്ങളാക്കി സ്യൂട്ട് കെയ്‍സിൽ നിറച്ച സംഭവത്തിന് ഇന്ന് 26 വർഷം പിന്നിടുകയാണ്. പയ്യന്നൂർ സ്വദേശിയും സിവിൽ കോൺട്രാക്ടറുമായിരുന്ന മുരളീധരനാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് പയ്യന്നൂർ സ്വദേശിനിയായ ഡോ.ഓമന പൊലീസ് പിടിയിലായെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഊട്ടി പൊലീസും കേരളാ പൊലീസും നിരന്തരമായി അന്വേഷണം നടത്തിയെങ്കിലും ഡോ ഓമനയെ ഇതുവരെയും കണ്ടെത്താനായിരുന്നില്ല. ലേഡി സുകുമാരക്കുറുപ്പ് എന്ന പേരിൽ അറിയപ്പെട്ട ഡോ ഓമനയുടെ ജീവിതം പ്രമേയമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. യെസ് ബീ സിനിമാസിന്‍റെ ബാനറിൽ സുജിത്ത് ബാലകൃഷ്ണനാണ് 'സീറോ ഡിഗ്രി സെൽഷ്യസ് ' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.
എഴുത്തുകാരനാണ് സുജിത്ത് ബാലകൃഷ്ണൻ. സൂര്യനെല്ലി പെൺകുട്ടിയുടെ ജീവിതം അടിസ്ഥാനമാക്കി ഇംഗ്ലീഷിൽ രചിച്ച നോവൽ അടക്കം നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ് സുജിത്ത് ബാലകൃഷ്ണൻ. മലയാളത്തിലും തമിഴിലുമായാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിലെ മുൻനിര നടി നായികയാവുന്ന ചിത്രത്തിൽ തമിഴ് നടന്മാരും ഭാഗമാവും. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കും. ഊട്ടി, ബിഹാർ എന്നിവിടങ്ങളിലായാണ് ലൊക്കേഷൻ. താരനിർണയം ഉടൻ പൂർത്തിയാകുമെന്ന് സംവിധായകൻ സുജിത്ത് ബാലകൃഷ്ണൻ അറിയിച്ചു. പി.ആര്‍.ഒ-പി.ആർ.സുമേരൻ.