ദീപാവലിക്ക് സൂപ്പര്‍ താര ക്ലാഷ്! കൂടെ യുവതാര ചിത്രങ്ങളും, തിയറ്ററുകളില്‍ തീപ്പാറും

അവസാന നിമിഷം വരെ ഓണം റിലീസ് ആയി മുന്നിലുണ്ടായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍-പൃഥ്വിരാജ് ചിത്രം ഗോള്‍ഡും ദീപാവലി ലക്ഷ്യമിട്ട് റിലീസ് ആലോചനയിലാണ്

Update: 2022-09-19 13:57 GMT
Editor : ijas
Advertising

ദീപാവലിക്ക് കേരളത്തിലെ തിയറ്ററുകളില്‍ സൂപ്പര്‍ താര മത്സരമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. മമ്മൂട്ടി നായകനായ റോഷാക്ക്, മോഹന്‍ലാലിന്‍റെ മോണ്‍സ്റ്റര്‍ എന്നിവയാണ് ദീപാവലിക്ക് തിയറ്ററുകളില്‍ റിലീസ് പ്രതീക്ഷിക്കുന്നത്. മമ്മൂട്ടിയുടെ റോഷാക്ക് നേരത്തെ ഈ മാസം റിലീസുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ റിലീസ് അടുത്ത മാസത്തേക്ക് മാറ്റിയെന്നാണ് വിവരം.

'കെട്ട്യോളാണെന്‍റെ മാലാഖ' എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'റോഷാക്ക്'. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുല്ലയാണ് 'റോഷാക്കി'ന്‍റെ തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രത്തില്‍ ആസിഫ് അലി അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

പുലിമുരുകന്‍ ശേഷം മോഹന്‍ലാല്‍-വൈശാഖ് കൂട്ടുക്കെട്ട് വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. സസ്പെന്‍സ് ത്രില്ലര്‍ ചിത്രമായി ഒരുക്കിയ മോണ്‍സ്റ്റര്‍ ദീപാവലി റിലീസ് ആയിട്ടാണ് എത്തുന്നത്. ഒക്ടോബര്‍ 21നാണ് ചിത്രം തിയറ്ററുകളിലെത്തുക. ആറാട്ടിന് ശേഷം തിയറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് 'മോണ്‍സ്റ്റര്‍'. ലക്കി സിങ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ 'മോണ്‍സ്റ്ററില്‍' എത്തുന്നത്. തെലുഗ് നടന്‍ മോഹന്‍ബാബുവിന്‍റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവാണ് നായിക. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉദയ് കൃഷ്ണയാണ് മോണ്‍സ്റ്ററിന്‍റെ തിരക്കഥ ഒരുക്കിയത്. പുലിമുരുകന്‍റെ വലിയ വിജയത്തിന് ശേഷം അതെ ടീമില്‍ നിന്നും പുറത്തിറങ്ങുന്ന പുതിയ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയിലാണ് ആരാധകര്‍.

അവസാന നിമിഷം വരെ ഓണം റിലീസ് ആയി മുന്നിലുണ്ടായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍-പൃഥ്വിരാജ് ചിത്രം ഗോള്‍ഡും ദീപാവലി ലക്ഷ്യമിട്ട് റിലീസ് ആലോചനയിലാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാവാത്തതിനാലാണ് ചിത്രം ഓണം റിലീസ് ആയി പുറത്തിറക്കാന്‍ സാധിക്കാതിരുന്നത്. ചിത്രത്തിന്‍റെ കളര്‍ ഗ്രേഡിങ്, മ്യൂസിക് എന്നിവയില്‍ ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നാണ് സംവിധായകനായ അല്‍ഫോണ്‍സ് പുത്രന്‍ വ്യക്തമാക്കിയത്. വേവാത്ത ഭക്ഷണം ആര്‍ക്കും ഇഷ്‍ടമാവില്ല അതുകൊണ്ട് നല്ലോണം വെന്തിട്ട് തരാം എന്ന് കുക്ക് ആയ താൻ തീരുമാനിച്ചുവെന്നാണ് അല്‍ഫോണ്‍സ് റിലീസ് സംബന്ധിച്ച് ഒരു പ്രേക്ഷകന് മറുപടി നല്‍കിയത്.

പൃഥ്വിരാജും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആണ് ഗോള്‍ഡ്. ജോഷി എന്ന കഥാപാത്രമായി പൃഥ്വിയെത്തുമ്പോള്‍ സുമംഗലി ഉണ്ണിക്കൃഷ്ണനായി നയന്‍സും അഭിനയിക്കുന്നു. അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്,റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ദീപ്തി സതി, ബാബുരാജ്, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, ഷമ്മി തിലകന്‍, അബു സലിം തുടങ്ങി വന്‍താരനിര തന്നെയാണ് ചിത്രത്തിനു വേണ്ടി അണിനിരന്നിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡ്കഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം-രാജേഷ് മുരുഗേശന്‍, ക്യാമറ- ആനന്ദ് സി. ചന്ദ്രന്‍, വിശ്വജിത്ത് ഒടുക്കത്തില്‍. മലയാളത്തിലും തമിഴിലും ഒരേസമയം റിലീസ് ചെയ്യുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത.

നീണ്ട വിവാദങ്ങള്‍ക്കും റിലീസ് പ്രഖ്യാപനങ്ങള്‍ക്കും അവസാനം നിവിന്‍ പോളി നായകനായ പടവെട്ടും ദീപാവലി ആഘോഷത്തിനായി ഒക്ടോബര്‍ 21ന് തിയറ്ററുകളിലെത്തും. ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച പടവെട്ടില്‍ നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയ താരനിര തന്നെ ഭാഗമാകുന്നു. വിക്രം മെഹ്ര, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News