കേരള സ്റ്റോറിയുടെ ബംഗാളിലെ നിരോധനം നീക്കി സുപ്രിംകോടതി
32,000 സ്ത്രീകൾ മതം മാറിയെന്ന് പറയുന്നത് ടീസറിൽ മാത്രമാണെന്നും ആ ടീസർ പിൻവലിച്ചതാണെന്നും നിര്‍മാതാക്കള്‍
ഡല്‍ഹി: ദ കേരള സ്റ്റോറി സിനിമയുടെ പശ്ചിമ ബംഗാളിലെ നിരോധനം നീക്കി സുപ്രിംകോടതി. നിരോധനം പാടില്ലെന്ന് കോടതി വ്യക്തമാക്കി. 32000 സ്ത്രീകളെ മതപരിവർത്തനം നടത്തിയെന്നതിന് ആധികാരിക രേഖയില്ലെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചു. തുടര്‍ന്ന് സാങ്കല്‍പ്പിക കഥയാണെന്ന് സ്ക്രീനില്‍ എഴുതിക്കാണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഉത്തരവിട്ടു.
ബംഗാളിലെ വിലക്കിനെതിരെ സിനിമയുടെ നിര്‍മാതാക്കളാണ് കോടതിയെ സമീപിച്ചത്. ചിത്രം വിദ്വേഷ പ്രചാരണമാണെന്ന് ബംഗാള്‍ സർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ആഭ്യന്തര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രദർശനം വിലക്കിയതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രാജ്യത്തെ മറ്റിടങ്ങളിൽ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കാമെങ്കിൽ ബംഗാളിൽ എന്താണ് പ്രശ്നമെന്ന് സുപ്രിംകോടതി കഴിഞ്ഞ തവണ വാദത്തിനിടെ ചോദിച്ചിരുന്നു. തുടര്‍ന്ന് ഇന്നാണ് നിരോധനം പാടില്ലെന്ന് കോടതി ഉത്തരവിട്ടത്.
32,000 സ്ത്രീകൾ മതം മാറിയെന്ന് പറയുന്നത് ടീസറിൽ മാത്രമാണെന്ന് നിര്‍മാതാക്കള്‍ വാദിച്ചു. ആ ടീസർ പിൻവലിച്ചതാണ്. സിനിമയിൽ 32,000 എന്ന സംഖ്യ പരാമർശിക്കുന്നില്ലെന്നും നിര്‍മാതാക്കള്‍ കോടതിയില്‍ പറഞ്ഞു.
അതിനിടെ കേരള സ്റ്റോറിക്ക് പ്രദർശന വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് തമിഴ്നാട് സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. റിലീസിന് ശേഷം പ്രേക്ഷകരുടെ മോശം പ്രതികരണം കാരണം മൾട്ടിപ്ലക്സ് ഉടമകൾ കേരള സ്റ്റോറിയുടെ പ്രദർശനം നിർത്തിവെച്ചതാണ്. തമിഴ്നാട് എ.ഡി.ജിപിയാണ് സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമര്‍പ്പിച്ചത്.