''മാം എന്നല്ലാതെ വിളിക്കില്ല... ആഗ്രഹിച്ചിടത്ത് എത്തുന്നതിന് മുൻപേ...'' വിനോദ് തോമസിനെ അനുസ്മരിച്ച് സുരഭി
"എല്ലാവരോടും ഏറെ ബഹുമാനത്തോടുകൂടി പെരുമാറുന്ന ഒരാൾ, സീൻ കഴിഞ്ഞാലും അവിടെ തന്നെ ഇരിക്കും, നൈറ്റ് ഷൂട്ടുള്ള സമയത്ത് എന്നും നല്ല പാട്ടുകൾ പാടി, തമാശകൾ പറഞ്ഞ്......."
അകാലത്തിൽ മരണമടഞ്ഞ നടൻ വിനോദ് തോമസിനെ അനുസ്മരിച്ച് നടി സുരഭി ലക്ഷ്മി. വിനോദിന്റെ മരണം വിശ്വസിക്കാനാവുന്നില്ലെന്നും കലക്ക് വേണ്ടി ജീവിതം അർപ്പിച്ച വ്യക്തിയായിരുന്നു വിനോദ് എന്നും സുരഭി ഫേസ്ബുക്കിൽ കുറിച്ചു. ഇരുവരും ഒന്നിച്ചഭിനയിച്ച കുറി എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള വീഡിയോയും സുരഭി പങ്കു വച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂർണരൂപം:
വിശ്വസിക്കാൻ കഴിയുന്നില്ല, എന്തൊരു നടനായിരുന്നു!...... ജീവിതത്തിലെ ഓരോ അനുഭവങ്ങളെക്കുറിച്ചും, അഭിനയംത്തോടുള്ള ഒടുങ്ങാത്ത ആഗ്രഹവും , ആവേശവും,നാടകവും, പാട്ടും, തമാശകളും ചർച്ചകളുമായി.....
"കുറി "എന്ന സിനിമയിൽ എന്റെ സഹോദരനായി അഭിനയിക്കുന്ന സമയത്താണ് വിനോദേട്ടനെ ഞാൻ പരിചയപ്പെടുന്നത്. പക്ഷേ അതിനു മുൻപേ അദ്ദേഹത്തിന്റെ പാട്ടുകൾ യൂട്യൂബിൽ വന്നത് ഞാൻ കണ്ടിട്ടുണ്ടായിരുന്നു".
എല്ലാവരോടും ഏറെ ബഹുമാനത്തോടുകൂടി പെരുമാറുന്ന ഒരാൾ, സീൻ കഴിഞ്ഞാലും അവിടെ തന്നെ ഇരിക്കും, നൈറ്റ് ഷൂട്ടുള്ള സമയത്ത് എന്നും നല്ല പാട്ടുകൾ പാടി, തമാശകൾ പറഞ്ഞ്. ......
" mam" എന്നല്ലാതെ എന്റെ പേര് വിളിച്ചതായി എനിക്ക് ഓർമ്മയില്ല. പലവട്ടം ഞാൻ അദ്ദേഹത്തിനോട് പറഞ്ഞിട്ടുണ്ട്
എന്നെ ഇങ്ങള് Mam ന്നൊന്നും വിളിക്കല്ലി, സുരഭി ന്ന് വിളിച്ചാമതി മതിന്ന്.
അപ്പോൾ സാഗർ സൂര്യ പറഞ്ഞു ചേച്ചി ഈ ചെങ്ങായി പെണ്ണ് കെട്ടിയാൽ എല്ലാ പ്രശ്നവും മാറും. കോഴിക്കോട് ഭാഗത്ത് നല്ല കുട്ടികൾ ഉണ്ടെങ്കിൽ പറയൂ,തൃശ്ശൂർ ഭാഗത്ത് ഞാനും നോക്കാം.
" അതല്ല സ്ത്രീകൾക്ക് എപ്പോഴും നമ്മൾ ബഹുമാനം കൊടുക്കണം. അതുകൊണ്ടുതന്നെ എന്റെ സ്വപ്നംവും, എനിക്ക് ഏറ്റവും സന്തോഷം തരുന്നതും അഭിനയമാണ്.ഞാൻ അതിന് പിന്നാലെ പോകുമ്പോൾ എന്റെ ഭാര്യക്ക് വേണ്ടത്ര സമയമോ അവർ ആഗ്രഹിക്കുന്ന സമയത്ത് എനിക്ക് എത്താനോ കഴിയില്ല. കാരണം അതിനേക്കാൾ എന്റെ ജീവിതം ഞാൻ അർപ്പിക്കുന്നത് എന്റെ "കല"ക്ക് വേണ്ടിയാണ്....." അങ്ങ് ആഗ്രഹിച്ചിടത്ത് എത്തുന്നതിനു മുൻപേ.......
ഇന്നലെയാണ് വിനോദിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപം അടച്ചിട്ട കാറിനുള്ളിലായിരുന്നു മൃതദേഹം. കാറിൽ കയറിയ വിനോദ് കുറേ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് സുരക്ഷാ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ...