അദ്ദേഹത്തെ ഒന്ന് കാണണം എന്നുണ്ടായിരുന്നു, ആഗ്രഹം നടന്നില്ല. ഇപ്പോൾ ഒരു വേദനയായി നിൽക്കുന്നു: സുരേഷ് ഗോപി
''കേരളത്തിലെ അടിത്തട്ട് പൊലീസ് സംവിധാനത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന പൂർവ ആഭ്യന്തര മന്ത്രി''
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് സുരേഷ് ഗോപി. പത്ത് ദിവസം മുമ്പ് ചെന്നൈയിൽ ചെന്നപ്പോളും അദ്ദേഹത്തെ ആശുപത്രിയിലെത്തി കാണാനുള്ള ശ്രമം നടത്തിയിരുന്നു എന്നാൽ കാണാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ ഒന്ന് കാണണം എന്നുണ്ടായിരുന്നു. ആ ആത്മാർത്ഥമായ ആഗ്രഹം നടന്നില്ല. അതും ഇപ്പോൾ ഒരു വേദനയായി നിൽക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാം കൂടി ഉൾക്കൊണ്ടുകൊണ്ടിരിക്കുന്ന നിമിഷത്തിൽ ആഘോഷത്തിലൊന്നും പങ്കുചേരാനുള്ള മാനസികാവസ്ഥയിൽ അല്ല എന്നും താരം പറഞ്ഞു.
സുരേഷ് ഗോപിയുടെ വാക്കുകൾ
''പ്രിയപ്പെട്ട കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹം ഇനി നമ്മളോടൊപ്പം ഇല്ല. കേരളത്തിലെ അടിത്തട്ട് പോലീസ് സംവിധാനത്തിൽ വളരെ വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന പൂർവ ആഭ്യന്തര മന്ത്രി എന്ന നിലയ്ക്കും നിരവധി തവണ എംഎൽഎ ആയി നിയമസഭയിൽ എത്തിയ ജനപ്രതിനിധി എന്ന നിലയ്ക്കും ആ പാർട്ടിക്ക് ഗുണകരമായി പ്രവർത്തിച്ച പ്രവർത്തകൻ.
ഏതാണ്ട് 25 വർഷമായി അദ്ദേഹവുമായി കാത്തുസൂക്ഷിച്ചു പോകുന്ന, തീർത്തും വ്യക്തിപരമായ ബന്ധത്തിൽ നിന്ന് ഞാൻ മനസിലാക്കിയിട്ടുള്ള ഒരു സരസനായ മനുഷ്യനാണ് അദ്ദേഹം എന്നാണ് മനസിലാക്കിയിട്ടുള്ളത്. ഒരു ജ്യേഷ്ഠ സഹോദരൻ. എന്റെ സുഹൃത്തുക്കൾ കൂടിയായ അദ്ദേഹത്തിന്റെ മക്കൾ, സഹധർമ്മിണി, പേരക്കുട്ടികൾ ഇവരുടെയെല്ലാം വേദനയിൽ പങ്കുചേരുവാനും അതുപോലെ തന്നെ മലയാളി സമൂഹത്തിൽ രാഷ്ട്രീയം മറന്ന് അംഗീകരിക്കുന്ന തലത്തിൽ നിന്നുകൊണ്ട് മലയാളികളുടെ വേദനയിലും പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ, വ്യക്തിത്വത്തിന് മുമ്പിൽ കണ്ണീരഞ്ജലി ചെലുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പത്ത് ദിവസം മുമ്പ് ചെന്നൈയിൽ ചെന്നപ്പോളും അദ്ദേഹത്തെ ആശുപത്രിയിലെത്തി കാണാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ ബിനോയി തന്നെ പറഞ്ഞത് ഡോക്ടർമാർ അതിന് അനുവദിക്കുന്നില്ല എന്നാണ്. അദ്ദേഹത്തെ ഒന്ന് കാണണം എന്നുണ്ടായിരുന്നു. ആ ആത്മാർത്ഥമായ ആഗ്രഹം നടന്നില്ല. അതും ഇപ്പോൾ ഒരു വേദനയായി നിൽക്കുന്നു. എല്ലാം കൂടി ഉൾക്കൊണ്ടുകൊണ്ടിരിക്കുന്ന നിമിഷത്തിൽ ആഘോഷത്തിലൊന്നും പങ്കുചേരാനുള്ള മാനസികാവസ്ഥയിൽ അല്ല''- അദ്ദേഹം പറഞ്ഞു