'പെരിയ അണ്ണ'യെ കാണാൻ സൂര്യയുമെത്തി; വിജയകാന്തിന്റെ ശവകുടീരത്തിൽ പൊട്ടിക്കരഞ്ഞ് താരം

"അദ്ദേഹത്തിന്റെ മുഖം അവസാനമായി ഒന്ന് കാണാൻ പോലുമായില്ല എന്നത് എനിക്കും കാർത്തിക്കും ജീവിതകാലം മുഴുവനുമുള്ള കുറ്റബോധമായിരിക്കും"

Update: 2024-01-05 13:01 GMT
Advertising

ചെന്നൈ: നടൻ വിജയകാന്തിന്റെ ശവകുടീരത്തിൽ അന്തിമോപചാരം അർപ്പിച്ച് തമിഴ് സൂപ്പർ താരം സൂര്യ. ഡിഎംഡികെ ഹെഡ്ക്വാർട്ടേഴ്‌സിലുള്ള വിജയകാന്ത് സ്മാരക മന്ദിരത്തിലെത്തിയാണ് സൂര്യ അന്തിമോപചാരം അർപ്പിച്ചത്. സ്മാരകത്തിന് മുന്നിൽ കണ്ണീരടക്കാനാവാതെ സൂര്യ വിതുമ്പിയത് കണ്ടു നിന്നവർക്കും നൊമ്പരക്കാഴ്ചയായി. സഹോദരനും നടനുമായ കാർത്തിയും സൂര്യക്കൊപ്പമുണ്ടായിരുന്നു.

വിജയകാന്തിന്റെ സംസ്‌കാര ചടങ്ങുകളിൽ ഷൂട്ടിംഗ് തിരക്കുകൾ മൂലം സൂര്യക്ക് പങ്കെടുക്കാനായിരുന്നില്ല. താൻ ജ്യേഷ്ഠനെ പോലെ കണ്ടിരുന്ന വിജയകാന്തിന്റെ വിയോഗം താങ്ങാവുന്നതിനും അപ്പുറമാണെന്നായിരുന്നു സൂര്യയുടെ പ്രതികരണം. വലിയ നഷ്ടമാണ് തങ്ങൾക്കുണ്ടായിരിക്കുന്നതെന്നും അത് നികത്താൻ മറ്റൊരാൾക്കുമാവില്ലെന്നും സൂര്യ പറഞ്ഞു.

"അദ്ദേഹത്തിന്റെ മുഖം അവസാനമായി ഒന്ന് കാണാൻ പോലുമായില്ല എന്നത് എനിക്കും കാർത്തിക്കും ജീവിതകാലം മുഴുവനുമുള്ള കുറ്റബോധമായിരിക്കും. അദ്ദേഹത്തെ കണ്ടാണ് ഞാൻ സിനിമകളൊക്കെയും ചെയ്തത്. അദ്ദേഹത്തിന്റെ ഉപദേശമാണ് ഇതുവരെയും പിന്തുടർന്നതും. എന്നോട് തടിക്കസേരയിലേ ഇരിക്കാവൂ എന്ന് നിർദേശിച്ചത് അദ്ദേഹമാണ്... ഇതുവരെയും ഞാനാ ശീലം മാറ്റിയിട്ടില്ല. നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തെ കുറിച്ചുള്ള നല്ല ഓർമകൾ പല മാധ്യമങ്ങളും പങ്കു വച്ചതായി കണ്ടു. ഈ ദുഖത്തിനിടയിലും അത്തരം ചില നിമിഷങ്ങൾ മനസ്സിന് വലിയ ആശ്വാസം നൽകുന്നുണ്ട്". സൂര്യ പറഞ്ഞു.

ഡിസംബർ 28നായിരുന്നു സിനിമാപ്രേമികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി വിജയകാന്തിന്റെ വിടവാങ്ങൽ.  80കളിലും 90കളിലും തെന്നിന്ത്യയെ ആവേശം കൊള്ളിച്ചാണ് വിജയകാന്ത് ജനങ്ങളുടെ ഹൃദയം കീഴടക്കിയത്. സിനിമാ ലോകത്തുനിന്ന് നേടിയെടുത്ത പിന്തുണ ,പിന്നീട് കരുത്തുറ്റ രാഷ്ട്രീയ നേതാവ് എന്ന വളർച്ചയിലേക്കും അദ്ദേഹത്തിന് വഴിയൊരുക്കി.

1952 ആഗസ്റ്റ് 25-ന് തമിഴ്നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം. വിജയരാജ് അളകർസ്വാമി എന്നാണ് യഥാർത്ഥ പേര്. കരിയറിലുടനീളം തമിഴ് സിനിമയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച വിജയകാന്ത് 'പുരട്ചി കലൈഞ്ജർ' എന്നും 'ക്യാപ്റ്റൻ' എന്നുമാണ് ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. എം.എ. കാജാ സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യചിത്രം.

1980 കളിലാണ് ആക്ഷൻ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് ഉയരുന്നത്. നൂറാം ചിത്രമായ ക്യാപ്റ്റൻ പ്രഭാകർ ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായാണ് അറിയപ്പെടുന്നത്. ഈ ചിത്രത്തോടെ ക്യാപ്റ്റനെന്നും ആരാധകർ അദ്ദേഹത്തെ വിളിച്ചുതുടങ്ങി. നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ, ഊമൈ വിഴിഗൾ, പുലൻ വിസാരണൈ, സത്രിയൻ, കൂലിക്കാരൻ, വീരൻ വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കൾ അണ്ണ, ഗജേന്ദ്ര, ധർമപുരി, രമണ തുടങ്ങി 154 ചിത്രങ്ങളിൽ അഭിനയിച്ചു. 2010-ൽ വിരുദഗിരി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. പ്രധാനവേഷത്തിൽ അവസാനമായി എത്തിയ ചിത്രവും ഇതുതന്നെയാണ്. 2015-ൽ മകൻ ഷൺമുഖ പാണ്ഡ്യൻ നായകനായെത്തിയ സഗാപ്തം എന്ന ചിത്രത്തിൽ അതിഥിവേഷത്തിലുമെത്തിയിരുന്നു.

1994-ൽ എം.ജി.ആർ പുരസ്‌കാരം, 2001-ൽ കലൈമാമണി പുരസ്‌കാരം, ബെസ്റ്റ് ഇന്ത്യൻ സിറ്റിസെൻ പുരസ്‌കാരം, 2009-ൽ ടോപ്പ് 10 ലെജൻഡ്സ് ഓഫ് തമിഴ് സിനിമാ പുരസ്‌കാരം, 2011-ൽ ഓണററി ഡോക്ടറേറ്റ് എന്നിവ വിജയകാന്തിനെ തേടിയെത്തി.

2005-ലാണ് ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ) എന്ന രാഷ്ട്രീയ പാർട്ടി വിജയകാന്ത് രൂപീകരിച്ചത്. 2006-ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ 234 സീറ്റുകളിലും മത്സരിച്ചെങ്കിലും വിജയകാന്ത് മത്സരിച്ച മണ്ഡലത്തിൽ മാത്രമേ വിജയം നേടാനായുള്ളു. വിരുധാചലം, റിഷിവന്ദ്യം മണ്ഡലങ്ങളിൽനിന്ന് ഓരോ തവണ വിജയിച്ചു. 2011-2016 കാലയളവിൽ തമിഴ്നാടിന്റെ പ്രതിപക്ഷനേതാവുമായിരുന്നു വിജയകാന്ത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News