ജീവിതകാലം മുഴുവന്‍ ഞാന്‍ നിങ്ങളെ ഓര്‍ക്കും; സംവിധായകന്‍ സിദ്ദിഖിന്‍റെ വീട്ടിലെത്തി സൂര്യ,വീഡിയോ

കഴിഞ്ഞ ദിവസമാണ് സിദ്ദിഖിന്‍റെ കൊച്ചി കാക്കനാടുള്ള കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരാന്‍ സൂര്യ എത്തിയത്

Update: 2023-08-12 06:43 GMT
Editor : Jaisy Thomas | By : Web Desk

സൂര്യ സിദ്ദിഖിന്‍റെ വീട്ടിലെത്തിയപ്പോള്‍

Advertising

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്‍റെ വീട്ടിലെത്തി നടന്‍ സൂര്യ. കഴിഞ്ഞ ദിവസമാണ് സിദ്ദിഖിന്‍റെ കൊച്ചി കാക്കനാടുള്ള കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരാന്‍ സൂര്യ എത്തിയത്. സിദ്ദിഖിന്‍റെ കുടുംബത്തോടൊപ്പം കുറച്ചധികം സമയവും ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. നിർമാതാവ് രാജശേഖറും സൂര്യയ്‌ക്കൊപ്പമുണ്ടായിരുന്നു.

സിദ്ദിഖിന്‍റെ സംവിധാനത്തില്‍ മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഫ്രണ്ട്സ് എന്ന ചിത്രത്തിന്‍റെ തമിഴ് റീമേക്കില്‍ വിജയും സൂര്യയുമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സൂര്യയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയ ചിത്രം കൂടിയായിരുന്നു ഫ്രണ്ട്സ്. ഒരു ഇടവേളയ്ക്ക് ശേഷം, ഫ്രണ്ട്സിലെ സൂര്യയുടെ വേഷം അദ്ദേഹത്തിന് ലഭിച്ച മികച്ച ബ്രേക്ക് ആയി മാറി. സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയരുന്ന വിജയുടെ കരിയറിലെ നാഴികക്കല്ലായി മാറിയ ചിത്രം കൂടിയായിരുന്നു ഫ്രണ്ട്സ്.

സിദ്ദിഖിന്‍റെ വേർപാട് നികത്താനാവാത്ത നഷ്ടമാണെന്ന് സൂര്യ ട്വിറ്ററിൽ കുറിച്ചിരുന്നു. പല കാരണങ്ങളാൽ തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് ഫ്രണ്ട്സ് എന്ന ചിത്രമെന്നും സൂര്യ കുറിച്ചിരുന്നു. ''ചെറിയ സീനില്‍ പോലും ഒരു മടിയും കൂടാതെ അഭിനന്ദിച്ച സംവിധായകനാണ് സിദ്ദിഖ് സാര്‍.അദ്ദേഹം എപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്നു. ചിത്രീകരണത്തിലായാലും എഡിറ്റിംഗിലായാലും എന്‍റെ പ്രകടനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ഉടനടി അറിയിക്കും. സിനിമാ നിർമ്മാണ പ്രക്രിയയെ സ്നേഹിക്കാനും ആസ്വദിക്കാനും അദ്ദേഹം എന്നെ പഠിപ്പിച്ചു.'' സൂര്യ കുറിച്ചു.

ഫ്രണ്ട്സ് എന്ന സിനിമ ചെയ്യുമ്പോൾ അദ്ദേഹം വളരെ അറിയപ്പെടുന്ന സംവിധായകനും സീനിയറുമാണ്. പക്ഷേ അദ്ദേഹം ഞങ്ങളെ എല്ലാവരെയും ഒരുപോലെയാണ് കണ്ടത്. സെറ്റിൽ ആരും ശബ്ദം ഉയർത്തുകയോ ദേഷ്യപ്പെടുകയോ ചെയ്തില്ല. ജീവിതകാലം മുഴുവൻ ഓർത്തിരിക്കാനുള്ള അനുഭവങ്ങള്‍ അദ്ദേഹം സമ്മാനിച്ചു. എന്‍റെ കഴിവിൽ വിശ്വസിക്കാനുള്ള ആത്മവിശ്വാസം തന്നത് അദ്ദേഹമാണ്. ഞാൻ അദ്ദേഹത്തെ കാണുമ്പോഴെല്ലാം എന്‍റെ കുടുംബത്തെക്കുറിച്ചും മറ്റു വിശേഷങ്ങളും അദ്ദേഹം എന്നോട് ചോദിക്കാറുണ്ടായിരുന്നു.

ഒരു നടനെന്ന നിലയിൽ എന്നിൽ വിശ്വസിച്ചതിനും ഒപ്പം നിന്നതിനും ഞാൻ അദ്ദേഹത്തോട് വളരെ കടപ്പെട്ടിരിക്കുന്നു. ഞാൻ ഒരുപാട് മിസ്സ് ചെയ്യും. നിങ്ങളുടെ വേർപാടിൽ ഹൃദയം തകർന്ന കുടുംബത്തിന്റെ വേദനയിൽ ഞാനും പങ്കുചേരുന്നു, അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. "എന്‍റെ ജീവിതകാലം മുഴുവൻ ഞാൻ നിങ്ങളുടെ ഓർമ്മകൾ എന്‍റെ ജീവിതത്തിൽ സൂക്ഷിക്കും," സൂര്യ പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News