"സുശാന്തിനെ കൊലപ്പെടുത്തിയത് തന്നെ, ഞാൻ കണ്ടതാണ്"; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആശുപത്രി ജീവനക്കാരൻ
സുശാന്തിന്റെ ശരീരത്തിൽ നിരവധി പാടുകളുണ്ടായിരുന്നു, കഴുത്തിലും മൂന്ന് അടയാളങ്ങൾ കണ്ടിരുന്നു
സുശാന്ത് സിങ് രജ്‍പുതിനെ കൊലപ്പെടുത്തിയത് തന്നെയെന്ന വെളിപ്പെടുത്തലുമായി ആശുപത്രി ജീവനക്കാരൻ. സുശാന്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ മുംബൈ കൂപ്പർ ഹോസ്പിറ്റലിലെ ടീം അംഗമായിരുന്ന ജീവനക്കാരനാണ് അവകാശവാദവുമായി രംഗത്തെത്തിയത്. നടനെ തന്റെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ഇപ്പോഴും ബാക്കി നിൽക്കെയാണ് ആശുപത്രി ജീവനക്കാരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.
ടിവി9-ന് നൽകിയ അഭിമുഖത്തിൽ രൂപ്‌കുമാർ ഷാ എന്നയാളാണ് സുശാന്ത് ആത്മഹത്യ ചെയ്തതല്ലെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയത് തന്നെയാണെന്നും വെളിപ്പെടുത്തിയത്. "സുശാന്ത് സിംഗ് രജ്‍പുത് അന്തരിച്ചപ്പോൾ, ഞങ്ങൾക്ക് അഞ്ച് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൂപ്പർ ഹോസ്പിറ്റലിൽ ലഭിച്ചിരുന്നു. ഇതിലൊന്ന് സുശാന്തിന്റേതാണെന്ന് പിന്നീടാണ് മനസിലായത്. സുശാന്തിന്റെ ശരീരത്തിൽ നിരവധി പാടുകളുണ്ടായിരുന്നു, കഴുത്തിലും മൂന്ന് അടയാളങ്ങൾ കണ്ടിരുന്നു"; രൂപ്‌കുമാർ പറയുന്നു.
ഉന്നതാധികാരികളുടെ നിർദ്ദേശപ്രകാരം സുശാന്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങൾ പകർത്താൻ മാത്രമേ തങ്ങളുടെ ടീമിന് അനുവാദമുണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 ജൂൺ 14നാണ് ബോളിവുഡ് താരം സുശാന്ത് സിങ് രജ്‍പുതിനെ ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെനന്നായിരുന്നു പോലീസിന്റെയടക്കം നിഗമനമെങ്കിലും കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി സുശാന്തിന്റെ കുടുംബം രംഗത്തെത്തി. നാളുകൾ കഴിഞ്ഞിട്ടും കേസിലെ ദുരൂഹത ഇപ്പോഴും ബാക്കിയാണ്. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നീ പ്രധാന കേന്ദ്ര ഏജൻസികളാണ് സുശാന്തിന്റെ മരണം അന്വേഷിക്കുന്നത്.
നടന്റെ പെട്ടെന്നുള്ള വിയോഗത്തിന് ശേഷം ബോളിവുഡിലെ ചില ഭാഗങ്ങളിൽ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് എൻസിബി അന്വേഷണം ആരംഭിച്ചിരുന്നു. മരണസമയത്ത് സുശാന്ത് നടി റിയയുമായി പ്രണയത്തിലായിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ 2020 ൽ റിയയെയും സഹോദരൻ ഷോക് ചക്രവർത്തിയെയും എൻസിബി അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസത്തിലേറെയായി നടി മുംബൈയിലെ ബൈക്കുള ജയിലിലായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്നുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ എൻസിബി രജിസ്റ്റർ ചെയ്തിരുന്നു. റിയക്കും സഹോദരനും പുറമേ മറ്റ് നിരവധി പേരെയും കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എൻസിബി അറസ്റ്റ് ചെയ്യുകയും ചെയ്തു.
എല്ലാവരോടും ചെറുപുഞ്ചിരിയോടെയും സ്നേഹത്തോടെയും പെരുമാറിയിരുന്ന സുശാന്തിന്റെ വിയോഗവാർത്ത ബോളിവുഡിനെ മാത്രമല്ല, ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ ദുഃഖത്തിലാഴ്ത്തിയിരുന്നു. സിനിമയിലെത്തി ചുരുങ്ങിയകാലം കൊണ്ടുതന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കാൻ സുശാന്തിന് കഴിഞ്ഞു. പട്‍ന സ്വദേശികളായ കൃഷ്‍ണകുമാർ സിംഗ് - ഉഷാ സിംഗ് ദമ്പതിമാരുടെ ഇളയ മകനായാണ് 1986ൽ സുശാന്ത് ജനിച്ചത്. പഠനത്തിൽ മാത്രമല്ല സ്‍പോര്‍ട്‍സിലും എന്നും മുന്നിലായിരുന്നു സുശാന്ത്.ദേശീയ തലത്തിൽ ഫിസിക്സ് ഒളിമ്പ്യാഡിൽ ജേതാവായ സുശാന്ത് ഐ.എസ്.എം ധൻബാദ് അടക്കം പതിനൊന്ന് എഞ്ചിനീയറിങ് എൻട്രൻസുകളും പാസായിട്ടുണ്ട്. ബാരി ജോണിന്‍റെ ആക്‍ടിങ് ക്ലാസിന് പോയപ്പോഴാണ് തന്റെ ഭാവി എഞ്ചിനീയറിങ് അല്ല, നൃത്തവും അഭിനയവുമാണെന്ന് സുശാന്ത് മനസ്സിലാക്കിയത്.
പിന്നീട് നിരവധി നൃത്ത പരിപാടികളിലൂടെ സുശാന്തിനെ നമ്മൾ കണ്ടെങ്കിലും 2008 ൽ സ്റ്റാർ പ്ലസിലെ 'കിസ് ദേശ് മേ ഹെ മേരാ ദിൽ'എന്ന സീരിയലിലൂടെയായിരുന്നു സുശാന്തിന്‍റെ അഭിനയജീവിതം ആരംഭിച്ചത്. അടുത്ത വർഷം പുറത്തിറങ്ങിയ 'പവിത്ര രിഷ്‍താ' എന്ന പരമ്പരയിലൂടെ സുശാന്ത് ഏറെ പ്രേക്ഷകശ്രദ്ധ നേടി. അതിലെ കഥാപാത്രമാണ് താരത്തെ ബിഗ് സ്‍ക്രീനിലേക്ക് എത്തിച്ചത്.
കൈ പോ ചെ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്‍കാരവും ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി.റൊമാന്റിക് കോമഡി ചിത്രമായ 'ശുദ്ധ് ദേശി റൊമാൻസ്' ആക്ഷൻ ത്രില്ലർ 'ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി' എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് സുശാന്ത് കാഴ്ച വച്ചത്. ആമിർ ഖാനും അനുഷ്‍ക ശർമ്മയും പ്രധാനവേഷത്തിലെത്തിയ ആക്ഷേപഹാസ്യ ചിത്രമായ 'പികെ'യിലെ സർഫറാസ് യൂസഫ് എന്ന അതിഥിവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എം എസ് ധോണിയുടെ ജീവചരിത്ര സിനിമയായ 'എം എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി'യിൽ ധോണിയെ അവതരിപ്പിച്ചതും സുശാന്ത് ആയിരുന്നു.ധോണിയായി മികച്ച അഭിനയമാണ് സുശാന്ത് കാഴ്ച വച്ചത്.ബോക്‌സോഫീസിലും സിനിമ കോടികൾ വാരിക്കൂട്ടി. സംവിധായകൻ നീരജ് പാണ്ഡെ ധോണിയുടെ വേഷത്തിലേയ്ക്ക് സുശാന്തിനെ തെരഞ്ഞെടുക്കാനുള്ള കാരണം, ധോണിയേപ്പോലെ തന്നെ എളിമയുള്ള, കൂളായ മനുഷ്യനാണ് സുശാന്ത് എന്നതായിരുന്നു.
കേദാർനാഥ്, ചിച്ചോർ എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടി.വെറും ഏഴുവർഷത്തെ സിനിമാ ജീവിതത്തിൽ നിരവധി അവിസ്‍മരണീയമായ റോളുകളിൽ പകർന്നാടിയ സുശാന്ത് സിംഗ് രാജ്‍പുത് എന്ന യുവപ്രതിഭ, ചെയ്‍തുതീർക്കാൻ നിരവധി റോളുകൾ ബാക്കിവച്ചാണ് കളമൊഴിഞ്ഞത്.