'ഉപയോഗശൂന്യം, എന്തിനാണ് ഈ റിപ്പോർട്ട്': ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരെ തനുശ്രീ ദത്ത
നടൻ നാനാ പടേക്കർക്കെതിരെ തനുശ്രി ദത്ത ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ രൂക്ഷമായി വിമർശിച്ച് നടി തനുശ്രീ ദത്ത. ഒരു ഉപയോഗവുമില്ലാത്ത റിപ്പോർട്ടാണിതെന്നും 2017 ൽ നടന്ന ഒരു സംഭവത്തെ തുടർന്നുണ്ടായ റിപ്പോർട്ട് പുറത്തുവിടാൻ അവർ ഏഴ് വർഷമാണ് എടുത്തതെന്നും ന്യൂസ് 18 യുടെ ഒരുപരിപാടിയിൽ പങ്കെടുക്കവെ താരം പറഞ്ഞു.
'ഈ കമ്മിറ്റികളെകുറിച്ചും റിപ്പോർട്ടുകളെ കുറിച്ചും തനിക്ക് മനസിലാവുന്നില്ല. അത് ഉപയോഗശൂന്യമാണെന്നാണ് കരുതുന്നത്. 2017ൽ നടന്ന സംഭവത്തിനു പിന്നാലെ ഒരു റിപ്പോർട്ട് തയ്യാറാക്കാൻ അവർക്ക് ഏഴ് വർഷമെടുത്തു'- തനുശ്രീ ദത്ത പറഞ്ഞു.
'എന്താണ് പുതിയ റിപ്പോർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രതികളെ പിടികൂടി ക്രമസമാധാനം ഉറപ്പുവരുത്തുകയായിരുന്നു അവർ ചെയ്യേണ്ടിയിരുന്നത്. ജോലി സ്ഥലത്തെ ലൈംഗികാതിക്രമങ്ങൾക്കെതിരെ രൂപീകരിച്ച വിശാഖ കമ്മിറ്റിയെ കുറിച്ച് ഞാനോർക്കുകയാണ്. ഇത്രയധികം മാർഗനിർദേശങ്ങളുമായി റിപ്പോർട്ട് തയ്യാറാക്കിയിട്ടും അതിനു ശേഷം എന്താണ് അവയ്ക്ക് സംഭവിക്കുന്നത്. കമ്മിറ്റികളുടെ പേരുകൾ മാറിമാറിവരുന്നു എന്നുമാത്രം'- തനുശ്രീ പറഞ്ഞു.
ഈ സംവിധാനത്തിൽ തനിക്ക് വിശ്വാസമില്ലെന്നും അവർ തുറന്നടിച്ചു. കമ്മിറ്റികളും റിപ്പോർട്ടുകളും യഥാർത്ഥ ജോലി ചെയ്യുന്നതിന് പകരം നമ്മുടെ സമയം പാഴാക്കുകയാണ്. സുരക്ഷിതമായ തൊഴിലിടം ഏതൊരു വ്യക്തിയുടേയും അടിസ്ഥാന അവകാശമാണെന്നും ദത്ത പറഞ്ഞു.
2018ൽ നടൻ നാനാ പടേക്കർക്കെതിരെ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ച നടിയാണ് തനുശ്രി ദത്ത. മീടൂ പ്രസ്ഥാനത്തിന്റെ ഭാഗമായി തനുശ്രീ നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചാവിഷയമായിരുന്നു.