'ടീച്ചർ, നമ്മുടെ സ്കൂളിനെ രക്ഷിക്കാൻ കുറച്ച് ദിവസത്തേക്കെങ്കിലും തിരിച്ചു വരുമോ'; ശൈലജ ടീച്ചറെ തിരിച്ചുവിളിച്ച് ഹരീഷ് പേരടി
'ടീച്ചറുടെ വില ഇപ്പോഴാണ് മനസ്സിലാവുന്നത്. നമ്മുടെ സ്കൂളിനെ രക്ഷിക്കാൻ കുറച്ച് ദിവസത്തേക്കെങ്കിലും തിരിച്ചു വരുമോ?'
സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ തിരിച്ചുവിളിച്ച് ചലച്ചിത്ര താരം ഹരീഷ് പേരടി. ടീച്ചര്‍ മൂന്ന് ശതമാനത്തിലേക്ക് എത്തിച്ച സ്ക്കൂളിന്‍റെ തോല്‍വി വീണ്ടും പത്തൊമ്പതില്‍ എത്തിയിട്ടുണ്ടെന്നും മറ്റു സ്ക്കൂളുകളിലെ കുട്ടികളൊക്കെ നമ്മെ കളിയാക്കാന്‍ തുടങ്ങിയതായും ഹരീഷ് പേരടി പറഞ്ഞു. 'ടീച്ചറുടെ വില ഇപ്പോഴാണ് മനസ്സിലാവുന്നത്. നമ്മുടെ സ്കൂളിനെ രക്ഷിക്കാൻ കുറച്ച് ദിവസത്തേക്കെങ്കിലും തിരിച്ചു വരുമോ?', ഹരീഷ് പേരടി ചോദിച്ചു.
സംസ്ഥാനത്ത് കോവിഡ് രോഗികള്‍ അനിയന്ത്രിന്തമായി വര്‍ധിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസവും ഹരീഷ് പേരടി സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. കോളേജിൽ പഠിക്കുമ്പോൾ കത്തികൾക്കും കഠാരകൾക്കും ഇടയിലൂടെ നടന്ന അത്ര എളുപ്പമല്ല കോവിഡിനെതിരെയുള്ള പോരാട്ടം എന്നാണ് മുഖ്യമന്ത്രിക്കെതിരെ ഹരീഷ് പേരടി വിമര്‍ശനമുന്നയിച്ചത്. 'സ്വയം തിരുത്തുക, ചങ്ങലകളില്ലാതെ പൂട്ടിയിട്ട് രണ്ട് വർഷമായി. ആത്മകഥകളിലെ ധീരൻമാരെ ഇനി നിങ്ങൾ കഥകൾ കണ്ണാടിയിൽ നോക്കി പറയുക. സ്വയം ആസ്വദിക്കുക. സന്തോഷിക്കുക. എനിക്ക് അവാർഡും വേണ്ട ഒരു തേങ്ങാ പിണ്ണാക്കും വേണ്ടാ. പക്ഷെ കുടുംബം പോറ്റണം. അതിനുള്ള അവകാശമുണ്ട്. ഇങ്ങനെ പറയാനുള്ള ഒരു രോമം കളിച്ച നാടകങ്ങളിലൂടെ എനിക്ക് പണ്ടേ മുളച്ചിട്ടുണ്ട്. ഇന്നത്തെ TPR-18.04%…ലാൽ സലാം'- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്:
ടീച്ചർ നിങ്ങൾ 3% ത്തിലേക്ക് എത്തിച്ച നമ്മുടെ സ്കൂളിന്‍റെ തോൽവി വിണ്ടും 19% ത്തിലേക്ക് എത്തി. മറ്റു സ്കൂളികളിലെ കുട്ടികളൊക്കെ ഞങ്ങളെ കളിയാക്കാൻ തുടങ്ങി. ടീച്ചറുടെ വില ഇപ്പോഴാണ് മനസ്സിലാവുന്നത്. നമ്മുടെ സ്കൂളിനെ രക്ഷിക്കാൻ കുറച്ച് ദിവസത്തേക്കേങ്കിലും തിരിച്ചു വരുമോ?..എന്ന് സ്കൂളിനെ സ്നേഹിക്കുന്ന ഒരു വിദ്യാർത്ഥി.