'തിരക്കഥ പോര, സൂപ്പര്‍താരത്തെ മാത്രം കേന്ദ്രീകരിച്ചുള്ള സിനിമ': ബീസ്റ്റിനെ കുറിച്ച് വിജയ്‍യുടെ പിതാവ്

ബീസ്റ്റിന്‍റെ തിരക്കഥയും സംവിധാനവും പോര എന്നാണ് ചന്ദ്രശേഖറിന്‍റെ നിരീക്ഷണം

Update: 2022-04-19 04:52 GMT
Advertising

ചെന്നൈ: വിജയ് നായകനായെത്തിയ ബീസ്റ്റ് സിനിമയുടെ പ്രദര്‍ശനം തിയറ്ററുകളില്‍ തുടരുകയാണ്. സിനിമയെ കുറിച്ച് വരുന്ന മോശം അഭിപ്രായങ്ങളോട് വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ പ്രതികരിച്ചു. ബീസ്റ്റിന്‍റെ തിരക്കഥയും സംവിധാനവും പോര എന്നാണ് ചന്ദ്രശേഖറിന്‍റെ നിരീക്ഷണം. വിജയ് എന്ന സൂപ്പർതാരത്തെ മാത്രം കേന്ദ്രീകരിച്ചെടുത്ത ചിത്രമാണ് ബീസ്റ്റ് എന്നും ചന്ദ്രശേഖർ പറഞ്ഞു.

പുതിയ തലമുറയിലെ കഴിവ് തെളിയിച്ച സംവിധായകര്‍ സൂപ്പര്‍താരങ്ങളെ വച്ച് സിനിമ ചെയ്യുമ്പോള്‍ താരമൂല്യം സിനിമയെ രക്ഷിക്കുമെന്ന് അവര്‍ തെറ്റിദ്ധരിക്കുകയാണ്. പുതിയ സംവിധായകരുടെ ആദ്യത്തെ ഒന്നോ രണ്ടോ സിനിമകള്‍ ഹിറ്റാകുന്നതോടെ, സൂപ്പർതാരത്തെ വെച്ച് സിനിമയെടുക്കാന്‍ അവസരം ലഭിക്കുമ്പോള്‍ അവര്‍ ആലസ്യത്തിലാകും. നായകന്‍റെ താരമൂല്യം സിനിമയെ വിജയിപ്പിക്കുമെന്ന് അവര്‍ കരുതും. ബീസ്റ്റ് ബോക്‌സ് ഓഫീസില്‍ വിജയമാണെങ്കിലും സംതൃപ്തി നല്‍കിയില്ലെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു.

"സിനിമയിലെ അറബിക്കുത്ത് എന്ന പാട്ട് ഞാന്‍ നന്നായി ആസ്വദിച്ചു. പക്ഷേ സിനിമ അത്ര ആസ്വാദ്യകരമായില്ല. സംവിധായകര്‍ സ്വന്തം ശൈലിയില്‍ സിനിമ ചെയ്യണം. അവര്‍ക്ക് അനുയോജ്യമായ വിനോദ ചേരുവകള്‍ സിനിമയില്‍ ഉള്‍പ്പെടുത്താം. വിജയ്‍യുടെ പ്രത്യേകത പാട്ടുകളും നൃത്തവുമാണ്. അതിനാൽ ഹൈജാക്ക് സീനുകളില്‍ കോമഡി ഉൾപ്പെടുത്തുമ്പോള്‍ പാട്ടുകളും ആവാമായിരുന്നു. സിനിമയില്‍ ഇന്ദ്രജാലം കാണിക്കാന്‍ കഴിയുക തിരക്കഥയിലൂടെയാണ്. എന്നാല്‍ ബീസ്റ്റിന് മികച്ച തിരക്കഥയില്ല. ബീസ്റ്റ് ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം നടത്തും. എന്നാൽ അത് തൃപ്തികരമല്ല"- ചന്ദ്രശേഖര്‍ പറഞ്ഞു.

80കളിലും 90കളിലും തമിഴില്‍ ശ്രദ്ധേയമായ സിനിമകള്‍ ചെയ്ത സംവിധായകനാണ് എസ് എ ചന്ദ്രശേഖർ. 'നാളൈയ തീർപ്പ്' എന്ന ചന്ദ്രശേഖറിന്‍റെ സിനിമയിലൂടെയാണ് വിജയ് അഭിനയം തുടങ്ങിയത്. ബാലതാരമായിട്ടായിരുന്നു തുടക്കം. 

നെല്‍സണ്‍ സംവിധാനം ചെയ്ത ബീസ്റ്റ് സമ്മിശ്ര പ്രതികരണവുമായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പൂജ ഹെഗ്‌ഡെ, അപർണ ദാസ്, സതീഷ്, സെൽവരാഘവൻ, യോഗി ബാബു, റെഡിൻ കിംഗ്‌സ്‌ലി തുടങ്ങിയവര്‍ വിജയിക്കൊപ്പം ബീസ്റ്റിലുണ്ട്. അനിരുദ്ധാണ് സംഗീതം. മനോജ് പരമഹംസയാണ് ഛായാഗ്രഹണം ചെയ്തത്. നിർമൽ എഡിറ്റിങ് നിര്‍വഹിച്ചു.

Summary- S A Chandrasekhar said that he enjoyed Vijay's Beast till the 'Arabic Kuthu' song sequence but the film was not engaging after that point

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News