അവരെന്നെ കൊല്ലുകയോ, ആസിഡൊഴിക്കുകയോ ചെയ്തേനെ; ദുരനുഭവം വെളിപ്പെടുത്തി പാര്‍വതി
ന്യൂസ് മിനുട്ടിന് വേണ്ടിയുള്ള ഗായിക ചിന്മയിയുടെ ഷോയിലായിന്നു പാര്‍വതിയുടെ തുറന്നുപറച്ചില്‍
ചെന്നൈ: കഴിഞ്ഞ 12 വര്‍ഷമായി തന്നെ ചിലര്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയാണെന്ന് നടി പാര്‍വതി തിരുവോത്ത്. പൊലീസില്‍ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും നടി പറഞ്ഞു. ന്യൂസ് മിനുട്ടിന് വേണ്ടിയുള്ള ഗായിക ചിന്മയിയുടെ ഷോയിലായിന്നു പാര്‍വതിയുടെ തുറന്നുപറച്ചില്‍.
രണ്ട് വര്‍ഷം മുമ്പ് വരെ ഇതിനെ കുറിച്ച് തനിക്ക് സംസാരിക്കാന്‍ സാധിക്കില്ലായിരുന്നു, അത്രത്തോളം ഭയത്തിലാണ് ജീവിച്ചത്. രണ്ട് പുരുഷന്മാര്‍ മേല്‍വിലാസം തേടിപ്പിടിച്ച് വന്ന് താനും അവരും പ്രണയത്തിലാണെന്ന് പറഞ്ഞ് പരത്തുമായിരുന്നു. സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ കാലത്താണ് ഇത് ആരംഭിച്ചതെന്നും പാര്‍വതി പറഞ്ഞു. 'അവര്‍ എന്നെ കൊല്ലുകയോ ബലാത്സംഗം ചെയ്യുകയോ ആസിഡ് ഒഴിക്കുകയോ ഒക്കെ ചെയ്തേനെ. എന്‍റെ ഭാഗ്യത്താല്‍ അങ്ങനെയൊന്നും സംഭവിച്ചില്ല. എന്‍റെ കുടുംബത്തെ കുറിച്ച് മോശം പറയുക. സോഷ്യല്‍ മീഡിയയില്‍ മോശമായി പ്രചരിപ്പിക്കുക. വീട് തേടിയെത്തുക തുടങ്ങി നിരന്തരം ശല്യം ചെയ്യുന്ന അവസ്ഥയായിരുന്നു'. പാര്‍വതി പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ അവര്‍ പല തരത്തിലുള്ള പ്രചാരണങ്ങളും നടത്തും. ബ്ലോക്ക് ചെയ്താലും രക്ഷയില്ലായിരുന്നു. താന്‍ എവിടെ പോകുന്നുവെന്ന് അവര്‍ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യും. താമസ സ്ഥലത്തിന്റെ ഫോട്ടോ അവര്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യമാക്കിയെന്നും പുറത്തിറങ്ങാന്‍ പേടിയാകുന്ന സാഹചര്യവുമുണ്ടായിരുന്നു. ഒരിക്കല്‍ ഒരാള്‍ ഒരു പാക്കേജുമായി വന്നു. സെക്യൂരിറ്റിയോട് എന്നെ കാണണമെന്ന് പറഞ്ഞു. ക്യാമറയുടെ മുന്നിലേക്ക് അയാളെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ സെക്യൂരിറ്റിയുമായി അയാള്‍ കയര്‍ത്തു. ആ പാക്കേജ് അവിടെ ഉപേക്ഷിച്ചു പോയി. ഇക്കാര്യം പൊലീസില്‍ അറിയിക്കാതിരുന്നത് സെക്യൂരിറ്റി പറഞ്ഞത് കൊണ്ടാണെന്നും പാര്‍വതി വെളിപ്പെടുത്തി. ഓരോ വ്യക്തിക്കും അവരുടെ അവകാശങ്ങളെ കുറിച്ചുള്ള അവബോധം വേണമെന്ന് പാര്‍വതി വ്യക്തമാക്കി. ഇത്തരം അനുഭവങ്ങളുണ്ടായാല്‍ പൊലീസില്‍ പരാതിപ്പെടണം. ഇത്തരം വ്യക്തികളെ തടയുന്നതിന് നമ്മുടെ ഭാഗത്ത് നിന്ന് ചെറിയ ശ്രമങ്ങളുണ്ടാകണമെന്നും അതിന്‍റെ ഭാഗമാണ് പൊലീസില്‍ പരാതിപ്പെടല്‍ എന്നും പാര്‍വതി ചൂണ്ടിക്കാട്ടി.
സ്ത്രീധന പീഡനം മുതല്‍ മീടു വരെയുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഷോയാണ് ചിന്‍മയി ഷോ. ഷോയുടെ ആദ്യത്തെ എപ്പിസോഡിലാണ് പാര്‍വതി അനുഭവങ്ങള്‍ പറഞ്ഞത്. മാധ്യമപ്രവര്‍ത്തക ചന്ദ്ര ശ്രീകാന്ത്, ചെന്നൈ ആസ്ഥാനമായുള്ള ഇന്‍റർനാഷണൽ ഫൗണ്ടേഷൻ ഫോർ ക്രൈം പ്രിവൻഷൻ ആൻഡ് വിക്ടിം കെയറിന്‍റെ സ്ഥാപക പ്രസന്ന ഗെട്ടു എന്നിവര്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവച്ചു. നിരവധി സ്ത്രീകൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ച് ചിന്മയിക്ക് കത്തെഴുതിയിരുന്നു, കൂടാതെ ഷോയിൽ അവരുടെ ചില കഥകൾ അവർ വിവരിക്കുന്നുമുണ്ട്.