കുടുംബത്തിനെതിരെ ഭീഷണി; കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു
കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ടാണ് സംവിധായകനെതിരെ ഭീഷണികള്‍ ഉയര്‍ന്നത്
കുടുംബത്തിനെതിരെ ഭീഷണികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി തന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഡീ ആക്ടിവേറ്റു ചെയ്തു. വിവേക് സംവിധാനം ചെയ്ത കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ടാണ് സംവിധായകനെതിരെ ഭീഷണികള്‍ ഉയര്‍ന്നത്.
കശ്മീരി പണ്ഡിറ്റുകളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് കശ്മീർ ഫയല്‍സ്. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അനുപം ഖേറും മിഥുന്‍ ചക്രവര്‍ത്തിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് 11നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. നേരത്തെ ജനുവരി 26നാണ് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് മൂലം മാറ്റിവയ്ക്കുകയായിരുന്നു. ''ചില ഭീഷണികള്‍ മൂലം താന്‍ മാനസിക സമ്മര്‍ദം അനുഭവിക്കുന്നതായും കുറച്ചു ദിവസത്തേക്ക് വിട്ടുനില്‍ക്കുന്നതായും'' വിവേക് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ''കുറെ നാളുകളായി സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന ആളാണ് ഞാൻ വളരെക്കാലമായി ഇവിടെയുണ്ട്, ഏത് തരത്തിലുള്ള എതിർപ്പുകളും അധിക്ഷേപങ്ങളും എനിക്ക് നേരിടാൻ കഴിയും. എന്നാൽ സംഘടിത രാഷ്ട്രീയ അല്ലെങ്കിൽ മത ഗ്രൂപ്പുകൾ ട്വിറ്റർ ഒരു ആയുധമായി ഉപയോഗിക്കുമ്പോൾ, അത് ബുദ്ധിമുട്ടാണ്. 60-70 ശതമാനം വ്യാജമാണെന്ന് എനിക്ക് ഉറപ്പുണ്ട്, അതിനാൽ കുറച്ചു കാലത്തേക്ക് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യുന്നത് ഇത്തരം ഭീഷണികള്‍ കുറയ്ക്കും'' വിവേക് കൂട്ടിച്ചേര്‍ത്തു.
''എന്‍റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തോ എന്നാണ് പലരുടെയും സംശയം. അല്ല, അതു ഞാന്‍ ഡീ ആക്ടിവേറ്റ് ചെയ്തതാണ്. എന്‍റെ ഫോളോവേഴ്‌സിന്‍റെ എണ്ണം ഗണ്യമായി കുറഞ്ഞു, എന്നെ പിന്തുടരുന്ന മിക്കവർക്കും എന്‍റെ ട്വീറ്റുകളൊന്നും കാണാൻ കഴിഞ്ഞില്ല. അതിലുപരിയായി എന്‍റെ ഡിഎം അസഭ്യവും ഭീഷണിപ്പെടുത്തുന്നതുമായ സന്ദേശങ്ങൾ കൊണ്ട് നിറഞ്ഞു'' വിവേക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.