'കേരള സ്റ്റോറി' സംഘം അപകടത്തിൽപെട്ടത് 'ഹിന്ദു ഏകതാ' പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെ

രാമരാജ്യം സ്ഥാപിക്കുകയാണ് 'ഹിന്ദു ഏകതാ യാത്ര'യുടെ ലക്ഷ്യമെന്നാണ് തെലങ്കാന ബി.ജെ.പി അധ്യക്ഷൻ സഞ്ജയ് കുമാർ പ്രഖ്യാപിച്ചത്

Update: 2023-05-16 04:52 GMT
Editor : Shaheer | By : Web Desk
Advertising

ഹൈദരാബാദ്: 'ദി കേരള സ്‌റ്റോറി' സംഘം അപകടത്തിൽപെട്ടത് ബി.ജെ.പിയുടെ 'ഹിന്ദു ഏകതാ യാത്ര'യിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെ. ഹൈദരാബാദിലെ കരീം നഗറിൽ ഞായറാഴ്ചയായിരുന്നു പരിപാടി. ബി.ജെ.പി തെലങ്കാന സംസ്ഥാന കമ്മിറ്റിയാണ് പരിപാടിയുടെ സംഘാടകർ.

കേരള സ്റ്റോറി സംവിധായകൻ സുദിപ്‌തോ സെൻ, ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ച ആദ ശർമ എന്നിവരാണ് അപകടത്തിൽപെട്ടത്. ഇരുവരും സഞ്ചരിച്ച കാർ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. സുദിപ്‌തോയെയും ആദ ശർമയെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം, അപകടത്തിന്റെ വിശദാംശങ്ങൾ പുറത്തുവരാത്തത് ദുരൂഹതയുണർത്തുന്നുണ്ട്.

ആദ ശർമയ്ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കുണ്ടെന്നാണ് നേരത്തെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഗുരുതരമായി ഒന്നും സംഭവിച്ചില്ലെന്ന് നടി പിന്നീട് ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ വ്യക്തമാക്കി. എല്ലാവരും സുഖമായിരിക്കുന്നുവെന്നും അവർ അറിയിച്ചു.

അതേസമയം, അപകടത്തെ തുടർന്ന് 'ഹിന്ദു ഏകതാ യാത്ര' റദ്ദാക്കിയതായാണ് വിവരം. തെലങ്കാനയിൽ രാമരാജ്യം സ്ഥാപിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ വ്യക്തമാക്കിയത്. തെലങ്കാനയിലെ മുഴുവൻ ഹിന്ദുക്കളെയും ഒന്നിപ്പിച്ച് രാമരാജ്യം സ്ഥാപിക്കുകയാണ് ലക്ഷ്യം.

മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം നൈസാമിന്റെ ഖബറിടം സന്ദർശിച്ച് ആദരമർപ്പിച്ചയാളാണ് കെ. ചന്ദ്രശേഖർ റാവുവെന്നും ഇത്തരക്കാരെ ഒരു പാഠം പഠിപ്പിക്കണമെന്നും ബന്ദി സഞ്ജയ് കുമാർ പറഞ്ഞു.

Summary: 'The Kerala Story' crew, including director Sudipto Sen and actor Adah Sharma, met with an accident while on their way to participate in BJP's 'Hindu Ekta Yatra' at Karimnagar, Hyderabad 

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News