എന്‍റെ പത്തു വർഷത്തെ ഇടവേളയ്ക്ക് കാരണം ദിലീപിന്‍റെ വാശി; വെളിപ്പെടുത്തലുമായി സംവിധായകന്‍ വിനയന്‍

സല്ലാപം കഴിഞ്ഞ് കല്യാണസൗഗന്ധികം സിനിമയിലാണ് ദിലീപ് ആദ്യം സോളോ ഹീറോ ആകുന്നത്

Update: 2022-09-14 09:15 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഒരിടവേളക്ക് ശേഷം മലയാള സിനിമയില്‍ ശക്തമായ തിരിച്ചുരവ് നടത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. തിരുവോണ ദിവസം തിയറ്ററുകളിലെത്തിയ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിജു വില്‍സണാണ് പ്രധാന കഥാപാത്രത്തെ അവതിരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി സിനിമാമേഖലയിൽ നിന്ന് നേരിട്ട വിലക്കിനെ മറികടന്നാണ് വിനയന്‍ പുതിയ ചിത്രവുമായി എത്തിയത്. ഇപ്പോഴിതാ നടന്‍ ദിലീപുമായി തനിക്കുണ്ടായ പ്രശ്നത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് വിനയന്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍റെ തുറന്നുപറച്ചില്‍.

''സല്ലാപം കഴിഞ്ഞ് കല്യാണസൗഗന്ധികം സിനിമയിലാണ് ദിലീപ് ആദ്യം സോളോ ഹീറോ ആകുന്നത്. അന്ന് ദിലീപിനോട് ഞാൻ പറഞ്ഞിരുന്നു ദീലീപ് വളരെ അനായാസം ഹ്യൂമർ കൈകാര്യം ചെയ്യുന്ന വ്യക്തിയാണെന്ന്. അദ്ദേഹം വളരെ ഡെഡിക്കേറ്റഡ് ആണ്. ആ ഡെഡിക്കേഷനാണ് ജനപ്രിയനായകനാക്കിയത്'' ദിലീപിന് ഒപ്പമുള്ള തന്റെ സിനിമ ഓർത്തെടുത്ത് വിനയൻ പറഞ്ഞു.

മലയാള സിനിമയിലെ തന്‍റെ പത്തു വർഷത്തെ ഇടവേളയ്ക്ക് കാരണം തന്നെ ചട്ടം പഠിപ്പിക്കാൻ വന്ന ആൾ മലയാള സിനിമയിൽ വേണ്ട എന്ന നടൻ ദിലീപിന്‍റെ വാശിയാണെന്നും വിനയൻ വെളിപ്പെടുത്തി. തുളസീദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ദിലീപ് പിൻമാറിയത് പ്രൊഡ്യൂസറുടെ കൈയിൽ നിന്ന് 40 ലക്ഷം രൂപ അഡ്വാൻസായി കൈപ്പറ്റിയതിനു ശേഷമായിരുന്നു. വിഷയത്തിൽ താനിടപ്പെട്ടത് സംഘടനയുടെ തലപ്പത്തിരിക്കുന്ന ആളെന്ന നിലയിലാണ്. കെ മധുവും ഹരിഹരനും വിളിച്ച് പറഞ്ഞതിന്‍റെ പേരിലാണ് ഇതിൽ ഇടപെട്ടത്.

മാക്ട ഫെഡറേഷന്‍റെ യോഗം വിളിച്ചു. ന്യായം ദിലീപിന്‍റെ ഭാഗത്തല്ലെന്നും തുളസിയുടെ ഭാഗത്താണെന്ന് വ്യക്തമാകുകയും ചെയ്തെന്നും തുടർന്ന് ഇത് മൂന്നു മാസത്തിനുള്ളിൽ സെറ്റിൽ ചെയ്യണം അല്ലെങ്കിൽ തുളസിദാസിനെ വിളിച്ച് അടുത്ത പടത്തിന്റെ ഡേറ്റ് തരാമെന്ന് പറയണമെന്ന് പറഞ്ഞു. അന്ന് തീരുമാനം എല്ലാവരും കൈയടിച്ച് പാസാക്കി. എന്നാൽ ദിലീപിന്‍റെ കൂടെ നിൽക്കാൻ ആളുണ്ടായിരുന്നെന്നും വിനയൻ വ്യക്തമാക്കി. മനുഷ്യസഹജമായ വാശി ദിലീപിനും തോന്നിയെന്നാണ് കരുതുന്നതെന്നും വിനയൻ പറഞ്ഞു.

അനൂപ് മേനോനെ വെച്ച് ചെയ്ത പടം നന്നായി പോയില്ല. അതിന് ശേഷം അയാളും വളർന്നു വന്നു. പിന്നെ ഭാ​ഗ്യവും വേണം. ഡെഡിക്കേഷൻ ഇല്ലാത്തത് കൊണ്ടല്ല മണിക്കുട്ടൻ ചിലപ്പോൾ ആ ലെവലിൽ വളരാതിരുന്നത്. ലക്ക് കൂടെ അതിന്റെയൊരു ഭാ​ഗമാണ്. അതേസമയം, ഡെഡിക്കേഷന്‍റെ ഏറ്റവും വലിയ പർവതമായി കാണുന്നത് സിജു വിൽസനെയാണെന്നും അയാൾ കാണിച്ച അർപ്പണമനോഭാവം താൻ ഇതുവരെ ആരിലും കണ്ടിട്ടില്ലെന്നും വിനയൻ വ്യക്തമാക്കി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News