'കഴുകിവെച്ച ഓർഗൻസ് എല്ലാം ഉണങ്ങി, ഇനി അത് ചോദിക്കരുത്'; ട്രോളിൽ പ്രതികരണവുമായി നവ്യാനായർ
മുകേഷ് നടത്തിയ പ്രതികരണമാണ് ട്രോളുകള്‍ ഹിറ്റാവാൻ കാരണമെന്നും നടി
മലയാള സിനിമയ്ക്ക് ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് നവ്യാ നായർ. സിനിമയിലും ടെലിവിഷൻ പരിപാടികളിലും നിലവിൽ നവ്യ സജീവമാണ്. ഒരു ടെലിവിഷൻ പരിപാടിയിലെ നവ്യയുടെ പരാമർശം അടുത്തിടെ വൈറലാവുകയും അത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ട്രോളുകള്ക്കിടയാക്കുകയും ചെയ്തിരുന്നു.
ഭാരതത്തിലെ സന്യാസിമാർ മനുഷ്യരുടെ ആന്തരികാവയവങ്ങളൊക്കെ പുറത്തെടുത്ത് കഴുകി വൃത്തിയാക്കിവെക്കുമായിരുന്നു എന്ന പരാമർശമാണ് നവ്യയെ ട്രോളിനിരയാക്കിയത്. തൊട്ടുപിന്നാലെ തമാശ രൂപേണ നടൻ മുകേഷ് നടത്തിയ പ്രതികരണവും ആരാധകരിൽ ചിരിപടർത്തി. 'ഉണ്ട് ഉണ്ട്.. ഞാൻ കണ്ടിട്ടുണ്ട്. ഞാൻ ഒരു ദിവസം സെക്കൻഡ് ഷോ കഴിഞ്ഞ് കൊല്ലത്ത്നിന്ന് വഴിയിൽ കൂടി ഇങ്ങനെ വന്നപ്പോ മൂന്ന് സന്യാസിമാര്‍.. വെളിയിൽ കഴുകി കൊണ്ടിരിക്കുന്നു. സത്യമാ...' എന്നാണ് മുകേഷിന്റെ കൗണ്ടർ. ട്രോളുമായി ബന്ധപ്പെട്ട് ചോദ്യമുന്നയിച്ച അവതാരകയോട് കഴുകിവെച്ച ഓർഗൻസ് എല്ലാം ഉണങ്ങി, ഇനി അത് ചോദിക്കരുതെന്നായിരുന്നു നവ്യയുടെ മറുപടി.
''കഴുകാനിട്ട എല്ലാ ഓർഗൻസും ഉണക്കി, എല്ലാം അലമാരയിൽ ഭദ്രമായി വെച്ചിട്ടുണ്ട്, ട്രോൾ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, നമ്മൾ പ്രതീക്ഷിക്കാതെ കിട്ടുന്ന അടിയാണല്ലോ ട്രോൾ'' നവ്യാ നായർ പറഞ്ഞു. അന്നേരം മുകേഷ് നടത്തിയ പ്രതികരണമാണ് ട്രോളുകള്‍ ഹിറ്റാവാൻ കാരണമെന്നും നടി വ്യക്തമാക്കി. വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും താരം വിട്ടുനിൽക്കുകയായിരുന്നു. വർഷങ്ങൾക്കുശേഷം 2022ൽ ഒരുത്തി എന്ന ചിത്രത്തിലൂടെ മിനിസ്ക്രീനിലേക്ക് താരം തിരിച്ചെത്തുകയും ചെയ്തു.