കേരളത്തിലെ തിയറ്ററുകള്‍ തുറക്കുന്നു, ആദ്യ പ്രധാന റിലീസ് 'കുറുപ്പ്'
കാവല്‍, അജഗജാന്തരം, ഭീമന്‍റെ വഴി, മിഷന്‍ സി, സ്റ്റാര്‍ തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് മലയാളത്തില്‍ നിന്ന് ആദ്യം തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത്
കൊവിഡ് രണ്ടാം തരംഗത്തില്‍ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറക്കുകയാണ്. ഈ മാസം 25 മുതല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് തിയറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാം. 50 ശതമാനം പ്രവേശനത്തിന് മാത്രമാണ് അനുമതി. പ്രഖ്യാപനം വന്നതോടെ നിരവധി ചിത്രങ്ങളാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. തിയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യ പ്രധാന റിലീസായെത്തുന്നത് ദുല്‍ക്കര്‍ സല്‍മാന്‍റെ 'കുറുപ്പ്' ആണ്. നവംബർ 12നാകും സിനിമ റിലീസ് ചെയ്യുക.
കാവല്‍, അജഗജാന്തരം, ഭീമന്‍റെ വഴി, മിഷന്‍ സി, സ്റ്റാര്‍ തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് മലയാളത്തില്‍ നിന്ന് ആദ്യം തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത്. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം റ്റു ഡൈ കൂടാതെ ദീപാവലിക്ക് മറുഭാഷകളിൽ നിന്ന് വമ്പൻ റിലീസുകളുമുണ്ട്. രജനീകാന്തിന്‍റെ അണ്ണാത്തെ, വിശാൽ ചിത്രം എനിമി, അക്ഷയ് കുമാർ ചിത്രം സൂര്യവൻശി എന്നിവയൊക്കെ കേരളത്തിലെ തിയറ്ററുകളിലുമെത്തും.
കൂടാതെ ആന്‍റണി വര്‍ഗ്ഗീസിന്‍റെ ആനപ്പറമ്പിലെ വേൾഡ് കപ്പ്, സുരാജ് വെഞ്ഞാറമൂടിന്‍റെ റോയ്, പ്രണവ് മോഹൻലാൽ നായകനാകുന്ന ഹൃദയം, അനൂപ് മേനോൻ നായകനാകുന്ന മരട് 357, ജോജുവിന്‍റെ ഒരു താത്വിക അവലോകനം തുടങ്ങിയ സിനിമകളും ഉടൻ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകൾ നടത്തിയ ചർച്ചയിലാണ് തിയറ്ററുകള്‍ തിങ്കളാഴ്ച തന്നെ തുറക്കാന്‍ തീരുമാനമായത്. സിനിമാ സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പ് നൽകി. വിനോദ നികുതിയിൽ ഇളവ് നൽകാനും വൈദ്യുതി ചാര്‍ജിന് സാവകാശം നൽകാനും തീരുമാനമായി. തിയറ്ററുകള്‍ തിങ്കളാഴ്ച തുറക്കുമെങ്കിലും മലയാള സിനിമകളുടെ റിലീസ് വൈകും. ഇതരഭാഷ സിനിമകളായിരിക്കും തിങ്കളാഴ്ച പ്രദര്‍ശനത്തിനെത്തുക. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന മിഷൻ സി, ജോജു ജോർജ് നായകനാകുന്ന സ്റ്റാർ എന്നീ ചിത്രങ്ങൾ ഒക്ടോബര്‍ 29ന് റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം 50 ശതമാനം പ്രവേശനത്തോടെ റിലീസ് നഷ്ടമായിരിക്കുമെന്ന് അറിയിച്ചുകൊണ്ട് മരക്കാര്‍, ആറാട്ട് അടക്കമുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ ആരംഭസമയത്തെ റിലീസില്‍ നിന്ന് പിന്മാറിയിരുന്നു. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏപ്രിൽ 25നു അടച്ച തിയറ്ററുകൾ ആറുമാസത്തിനു ശേഷം ആണ് വീണ്ടും തുറക്കുന്നത്.