'പ്രണയമൊന്നും ഇല്ല, എങ്കിലും പ്രണയം ഇഷ്ടമുള്ള വ്യക്തിയാണ് ഞാൻ': ഹണി റോസ്
''മനുഷ്യരല്ലേ മനോഭാവം മാറുമല്ലോ. വിവാഹിതയാകാൻ താൽപര്യമില്ല എന്നൊന്നും ഇന്ന് ഞാൻ പറയില്ല''- ഹണി റോസ്
മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി ഹണി റോസ്. മോഹൻലാൽ നായകനായെത്തിയ മോൺസ്റ്ററാണ് താരത്തിന്റേതായി അവസാനമിറങ്ങിയ ചിത്രം. സോഷ്യൽ മീഡിയയിലെ സ്ഥിരം സാന്നിധ്യമായ താരം ഇപ്പോൾ ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളാണ് ശ്രദ്ധയാകർഷിക്കുന്നത്. പ്രണയമൊന്നുമില്ല, എങ്കിലും പ്രണയം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് താനെന്നാണ് ഹണി റോസിന്റെ പരാമർശം. വിവാഹവുമായി ബന്ധപ്പെട്ടു വന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു താരം.
താരത്തിന് വിവാഹത്തോട് താൽപ്പര്യമില്ലെന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. ''ഒരാൾ കുറച്ച് അറിയപ്പെട്ടു തുടങ്ങിയാൽ അയാൾ പണ്ടു പറഞ്ഞ കാര്യങ്ങൾ എടുത്ത് വീണ്ടും പ്രചരിപ്പിക്കാൻ തുടങ്ങുന്നത് ആൾക്കാരുടെ സ്വഭാവമാണ്. ഇതൊക്കെ ഞാൻ എപ്പോൾ പറഞ്ഞെന്നു പോലും ഓർമയില്ല. ഒരുപക്ഷേ കരിയറിന്റെ തുടക്കത്തിൽ അങ്ങനെ പറഞ്ഞിട്ടുണ്ടാകാം. മനുഷ്യരല്ലേ മനോഭാവം മാറുമല്ലോ. വിവാഹിതയാകാൻ താൽപര്യമില്ല എന്നൊന്നും ഇന്ന് ഞാൻ പറയില്ല. പ്രണയമൊന്നും ഇല്ല, എങ്കിലും പ്രണയം ഇഷ്ടമുള്ള ഒരു വ്യക്തിയാണ് ഞാൻ.''- ഹണി റോസ് പറഞ്ഞു.
തനിക്ക് ഇഷ്ടപ്പെടുന്ന ഒരാൾ വന്നാൽ ഒരുപക്ഷേ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തേക്കുമെന്നും താരം വ്യക്തമാക്കി. നല്ലൊരു പ്രണയ ചിത്രത്തിന്റെ ഭാഗമാകാൻ തനിക്ക് താൽപ്പര്യമുണ്ടെന്നും ഇതുവരെ അങ്ങനെ ഒരു റോൾ ചെയ്തിട്ടില്ലെന്നും ഹണി റോസ് കൂട്ടിച്ചേർത്തു. അതേസമയം ഹണിറോസും നടൻ മോഹൻലാലും ഒന്നിച്ചെത്തിയ ചിത്രം 'മോൺസ്റ്റർ' വിജയകരമായി മുന്നേറുകയാണ്. മലയാളത്തിൽ നിന്ന് ആദ്യത്തെ 100 കോടി നേടിയ 'പുലിമുരുകൻ' ടീം ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച മോൺസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹൻലാൽ-വൈശാഖ്-ഉദയകൃഷ്ണ കോമ്പോ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ ഒരു പക്കാ ആക്ഷൻ മാസ് ചിത്രം തന്നെയാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാൽ മോൺസ്റ്റർ തികച്ചും അപ്രതീക്ഷിത അനുഭവമാണ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്.
നടി ഹണി റോസിന്റെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിലെ അധികം സിനിമകളിൽ ഒരു നടിയെന്ന നിലയിൽ ശരിയായ രീതിയിൽ താരത്തെ ഉപയോഗപ്പെടുത്തിയില്ല. ലക്ഷ്മി മഞ്ജു, സിദ്ദിഖ്, ലെന, ഗണേഷ് കുമാർ, സുദേവ് നായർ തുടങ്ങിയ താരങ്ങളുടേതും ശ്രദ്ധേയ പ്രകടനമാണ്. കഥാഗതിക്ക് അനുയോജ്യമായ രീതിയിലാണ് സതീഷ് കുറുപ്പിന്റെ ക്യാമറയും ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗും. അതോടൊപ്പം ദീപക് ദേവ് ഒരുക്കിയ പഞ്ചാബി ശൈലിയിലുള്ള മലയാള ഗാനവും അതിലെ മോഹൻലാലിന്റെയും ആറു വയസ്സുകാരിയായ ജെസ് സ്വീജൻ എന്ന കുട്ടിയുടെയും ചടുലമായ ഡാൻസും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.