പ്രശ്നങ്ങള്‍ക്ക് അവസാനമില്ല, 'ജിന്ന്' റിലീസ് മുടങ്ങി, മാറ്റി വെച്ചു

അഭൗമ ശക്തികളുടെ പേരുകൾ സിനിമക്ക് ഇടുന്നതിനെ വിലക്കുന്നതിന്‍റെ ഭാഗമായി സിനിമയ്ക്ക് 'ജിന്ന്' എന്ന് പേരിടുന്നതിനെ നിരുത്സാഹപ്പെടുത്തിയിരുന്നതായി സിദ്ധാര്‍ത്ഥ് ഭരതന്‍ വെളിപ്പെടുത്തിയിരുന്നു

Update: 2022-12-30 13:42 GMT
Editor : ijas | By : Web Desk
Advertising

പ്രശ്നങ്ങള്‍ ഒഴിയാതെ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത 'ജിന്ന്' സിനിമ. ചിത്രം ഇന്ന് പ്രദര്‍ശനത്തിന് തയ്യാറായിരിക്കെ ലൈസന്‍സുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ചിത്രം ഇന്ന് റിലീസ് ചെയ്യാന്‍ സാധിക്കാതിരുന്നതെന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു. പ്രശ്നം പരിഹരിച്ച്‌ സിനിമ ഇറക്കാൻ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. പ്രേക്ഷകര്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിക്കുന്നതായും പുതിയ റിലീസ് തിയതി വൈകാതെ അറിയിക്കുന്നതായിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

Full View

അഭൗമ ശക്തികളുടെ പേരുകൾ സിനിമക്ക് ഇടുന്നതിനെ വിലക്കുന്നതിന്‍റെ ഭാഗമായി സിനിമയ്ക്ക് 'ജിന്ന്' എന്ന് പേരിടുന്നത് പലരും വിലക്കിയിരുന്നതായി നേരത്തെ സിദ്ധാര്‍ത്ഥ് ഭരതന്‍ വെളിപ്പെടുത്തിയിരുന്നു. ഈ പ്രചാരണങ്ങള്‍ക്ക് വിശ്വാസ്യത നല്‍കുന്ന സംഭവങ്ങളാണ് 'ജിന്ന്' സിനിമയ്ക്ക് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാരണവും പ്രൊഡക്ഷന്‍ പ്രശ്നങ്ങള്‍ കാരണവും സിനിമയ്ക്ക് തടസ്സങ്ങള്‍ നേരിട്ടു. മൂന്ന് വര്‍ഷമെടുത്താണ് സിനിമയുടെ ചിത്രീകരണം തീര്‍ത്തത്.

കോവിഡ് രണ്ടാം തരംഗത്തിലും മൂന്നാം തരംഗത്തിലും സിനിമ പെട്ടിയില്‍ ഇരുന്നു. സിനിമ പൂര്‍ത്തിയാക്കിയിട്ടും പ്രതിസന്ധികള്‍ കഴിഞ്ഞില്ല. പലതവണ റിലീസ് നിശ്ചയിക്കപ്പെട്ടെങ്കിലും അതെല്ലാം പല കാരണങ്ങളാല്‍ മാറിപ്പോയി. ജിന്നിന് ശേഷം സിദ്ധാര്‍ഥ് ചിത്രീകരണം ആരംഭിച്ച 'ചതുരം' സിനിമ റിലീസ് ആയപ്പോഴും 'ജിന്ന്' പുറത്തെത്തിയില്ല. സിനിമയുടെ ഹാര്‍ഡ് ഡിസ്കുമായി പോയ ഒരാള്‍ക്ക് ചെറിയ ഒരു അപകടം സംഭവിച്ചപ്പോഴും സിനിമയുടെ തിരക്കഥാകൃത്തിന് ഷട്ടില്‍ കോര്‍ട്ടില്‍ വീണ് പരിക്കേറ്റപ്പോഴും അത് പേരിലെ വിഘ്നങ്ങള്‍ ആയി കണക്കാക്കി. ഏറ്റവുമൊടുവില്‍ ഡിസംബര്‍ 30ന് റിലീസ് തീരുമാനിച്ചതിന് ശേഷം സിദ്ധാര്‍ഥിന് കാറില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ചെറിയ പരിക്ക് പറ്റി.

എന്നാല്‍ സിനിമയിൽ പ്രതിസന്ധികൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നാണ് ജിന്നിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. പ്രശ്നങ്ങളെ അന്ധവിശ്വാസവുമായി ബന്ധിപ്പിക്കാൻ നിന്നാൽ അതിനേ സമയമുണ്ടാകൂ. എല്ലാ പ്രതിസന്ധികളേയും മറികടന്ന് സിനിമ തിയറ്ററിൽ എത്തുന്നു എന്നതിൽ സന്തോഷമുണ്ട്. സിനിമയുടെ പേരുമായി ബന്ധപ്പെട്ടുണ്ടായ ഇത്തരം സംഭവങ്ങളെയെല്ലാം രസകരമായ അനുഭവമായാണ് കാണുന്നതെന്ന് തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥന്‍ പറഞ്ഞു. എന്തു പ്രതിസന്ധി വന്നാലും ഈ പേരിൽ തന്നെ സിനിമ ഇറക്കും എന്നതായിരുന്നു തീരുമാനമെന്ന് സിദ്ധാർഥും പ്രതികരിച്ചു.

'ചതുരം' എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങുന്ന ചിത്രമാണ് 'ജിന്ന്'. സമീര്‍ താഹിറിന്‍റെ 'കലി'യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. സ്ട്രെയ്റ്റ് ലൈന്‍ സിനിമാസിന്‍റെ ബാനറില്‍ സുധീര്‍ വികെ, മനു, അബ്ദുള്‍ ലത്തീഫ് വടുക്കൂട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സൗബിന്‍ ഷാഹിറിനൊപ്പം ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, കെ.പി.എ.സി ലളിത, ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ എന്നിവര്‍ അഭിനയിക്കുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News