'ഇത് സമാജത്തിന്‍റെ സിനിമ, കാണേണ്ടത് ദൗത്യം'; മാളികപ്പുറത്തെ പ്രശംസിച്ച് സന്ദീപ് വാര്യര്‍

'മോദിയുടെ അമ്മ ഹിരാ ബെന്‍ മരണപ്പെട്ട സമയത്താണോ സിനിമ കാണാന്‍ പോകുന്നതെന്ന', ഒരാളുടെ ചോദ്യത്തോടാണ് സന്ദീപ് വാര്യര്‍ പ്രതികരിച്ചത്

Update: 2022-12-30 17:08 GMT
Editor : ijas | By : Web Desk
Advertising

ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം തിയറ്ററുകളില്‍ എത്തിയതിന് പിന്നാലെ ചിത്രത്തെ പ്രശംസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. ചിത്രത്തിന്‍റെ ഒന്നാം പകുതി ഉജ്ജ്വലമാണെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സമാജത്തിന്‍റെ സിനിമ ആയതുകൊണ്ടാണ് പ്രത്യേക പ്രദര്‍ശനം കാണാന്‍ തിരുവനന്തപുരത്ത് എത്തിയതെന്നും ഇത് കാണേണ്ടത് ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു. 'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹിരാ ബെന്‍ മരണപ്പെട്ട സമയത്താണോ സിനിമ കാണാന്‍ പോകുന്നതെന്ന', ഒരാളുടെ ചോദ്യത്തോടാണ് സന്ദീപ് വാര്യര്‍ പ്രതികരിച്ചത്.

മാളികപ്പുറം പതിനെട്ടാം പടി കയറുമ്പോൾ കണ്ണ് നിറയുമെന്നും മറ്റൊന്നും പറയാനില്ലെന്നും സന്ദീപ് വാര്യര്‍ സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം പറഞ്ഞു. ശബരിമല പോയ അനുഭൂതിയാണെന്നും ഉണ്ണിക്കും മാളികപ്പുറത്തിനും അഭിനന്ദനങ്ങൾ നേരുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കുടുംബത്തോടൊപ്പം കാണാന്‍ ആവശ്യപ്പെട്ടു കൊണ്ടാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Full View

മനോഹരമായ ഒരു ചിത്രമാകും മാളികപ്പുറമെന്നും അയ്യപ്പ ഭക്തർക്ക് രോമാഞ്ചം പകരുന്ന സിനിമയായിരിക്കും ഇതെന്നും അതിന് താൻ ഗ്യാരന്‍റിയാണെന്നും ഉണ്ണി മുകുന്ദന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്‍റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്‍ലര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് മാളികപ്പുറത്തിന്‍റെ സംവിധായകൻ വിഷ്ണു ശശിശങ്കര്‍. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാ വേണുവും നീറ്റ പിന്‍റോയുമാണ് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് 'മാളികപ്പുറം'.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News