'ഇത് ഒറിജിനല്‍ കേരള സ്റ്റോറി'; 'കേരള സ്റ്റോറിക്ക്' ടോവിനോയുടെ പരോക്ഷ വിമര്‍ശനം
'ദ റിയല്‍ കേരള സ്റ്റോറി' എന്ന ഹാഷ് ടാഗും 'ദ റിയല്‍ കേരള സ്റ്റോറി' എന്ന തലക്കെട്ടിലുള്ള പോസ്റ്ററും ടോവിനോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്
വര്‍ഗീയ ഉള്ളടക്കങ്ങളോടെ തിയറ്ററുകളിലെത്തിയ 'കേരള സ്റ്റോറി'ക്ക് പരോക്ഷ വിമര്‍ശനവുമായി നടന്‍ ടോവിനോ തോമസ്. ടോവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ '2018: എവരിവണ്‍ ഈസ് എ ഹീറോ' സിനിമയുടെ റിലീസിന് പിന്നാലെയാണ് ടോവിനോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പോസ്റ്ററിലൂടെ 'കേരള സ്റ്റോറി'ക്ക് പരോക്ഷ മറുപടി നല്‍കിയത്. 'ഇതാണ് ഒറിജിനല്‍ കേരള സ്റ്റോറി' എന്ന അടിക്കുറിപ്പോടെ പ്രളയ കാലത്തെ 'മലയാളികളുടെ ഒത്തൊരുമയുടെ ഓര്‍മ്മപ്പെടുത്തല്‍' എന്ന പോസ്റ്ററാണ് ടോവിനോ പങ്കുവെച്ചത്. 'ദ റിയല്‍ കേരള സ്റ്റോറി' എന്ന ഹാഷ് ടാഗും 'ദ റിയല്‍ കേരള സ്റ്റോറി' എന്ന തലക്കെട്ടിലുള്ള പോസ്റ്ററും ടോവിനോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയ വന്‍ താര നിര അണിനിരന്ന '2018: എവരിവണ്‍ ഈസ് എ ഹീറോക്ക്' വലിയ പ്രേക്ഷക പ്രതികരണമാണ് ആദ്യ ദിവസം ലഭിക്കുന്നത്. 'കാവ്യാ ഫിലിംസ്', 'പി.കെ പ്രൈം പ്രൊഡക്ഷൻസ്' എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ പത്മകുമാർ, ആന്‍റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അഖിൽ പി ധർമജനാണ് സഹതിരക്കഥ. അഖിൽ ജോർജ്ജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്‍റെ ചിത്രസംയോജനം ചമൻ ചാക്കോയാണ്. നോബിൻ പോളിന്‍റേതാണ് സംഗീതം, വിഷ്ണു ഗോവിന്ദിന്‍റേതാണ് സൗണ്ട് ഡിസൈൻ.