'കണ്ടന്റ് നല്ലതാണെങ്കിൽ സിനിമ ഓടും, വലിയ രീതിയിൽ കാശ് വാങ്ങിക്കുന്നവർ വീട്ടിലിരിക്കേണ്ടി വരും'; മുന്നറിയിപ്പുമായി സുരേഷ് കുമാർ

'പ്രൊഡ്യൂസർ മരം കുലുക്കിയല്ല പണം കൊണ്ടുവരുന്നത്. നോട്ടടിച്ചല്ല കൊണ്ടുവരുന്നത്'

Update: 2023-04-25 02:33 GMT
Editor : Lissy P | By : Web Desk
Advertising

മലയാള സിനിമയിൽ വലിയ രീതിയിൽ പ്രതിഫലം ചോദിക്കുന്നവർക്ക് മുന്നറിയിപ്പുമായി നിർമാതാവും ഫിലിം ചേംബർ പ്രസിഡന്റുമായ സുരേഷ് കുമാർ. സിനിമയിൽ അഭിനയിക്കാൻ കൂടുതൽ പണം ആവശ്യപ്പെടുന്നവർക്ക് വീട്ടിലിരിക്കേണ്ടിവരുമെന്നും സുരേഷ് കുമാർ പറഞ്ഞു. നാർദിഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം..

'അഭിനേതാക്കളുടെ കോസ്റ്റ് വല്ലാതെ കൂടി പോകുകയാണ്. വായില് തോന്നിയത് കോതക്ക് പാട്ട് എന്ന നിലക്കാണ് അവർ ചോദിക്കുന്ന പ്രതിഫലം. അതൊന്നും കൊടുക്കാൻ പറ്റുന്ന രീതിയിൽ അല്ല മലയാള സിനിമ ഉള്ളത്. അങ്ങനെ ഉള്ളവരെ ഒഴിവാക്കിയായിരിക്കും ഇനി മലയാള സിനിമകൾ വരികയെന്നും സുരേഷ് കുമാർ പറഞ്ഞു.

'വലിയ പ്രതിഫലം ചോദിക്കുന്നവരെ ഒഴിവാക്കും. ഇതെല്ലാവർക്കുമുള്ള മുന്നറിയിപ്പാണ്. ന്യായമായി ചോദിക്കാം.എന്നാൽ അന്യായമായി ചോദിക്കരുത്..തിയേറ്ററിൽ കലക്ഷനില്ല,സിനിമ കാണാൻ ആളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 15 ആൾക്കാർ ഉണ്ടെങ്കിലേ ഷോ തുടങ്ങൂ. അത്രയും ആളുകൾക്ക് വേണ്ടി തിയേറ്ററുകാർ കാത്തിരിക്കുകയാണ്. പല സ്ഥലത്തും ഷോ നടക്കുന്നില്ല. നിർമാതാക്കൾ മാത്രമല്ല എല്ലാവരും ഇക്കാര്യം മനസിലാക്കണം. പ്രൊഡ്യൂസർ മരം കുലുക്കിയല്ല പണം കൊണ്ടുവരുന്നത്. നോട്ടടിച്ചല്ല കൊണ്ടുവരുന്നത്.അതും എല്ലാവരും മനസിലാക്കണം. ആരെ വെച്ചും സിനിമ ചെയ്യാം. കണ്ടന്റ് നല്ലതാണെങ്കിൽ സിനിമ ഓടും. അത് ആളുകൾ കാണും,ഹിറ്റാകും. ഇവിടെ വലിയ രീതിയിൽ കാശ് വാങ്ങിക്കുന്നവർ വീട്ടിൽ ഇരിക്കുന്ന രീതിയിലേക്കാകും പോകുന്നത്. ഇതൊരു മുന്നറിപ്പാണ്.. ' സുരേഷ് കുമാർ പറഞ്ഞു.

ചില നടീ നടന്മാർ സിനിമയുടെ മുഴുവൻ എഡിറ്റ് കാണമെന്ന് ആവശ്യപ്പെടുന്നതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു. ഒരേസമയം സിനിമകൾക്ക് ചില നടന്മാർ ഡേറ്റ് നൽകുന്നതായും ഉണ്ണികൃഷ്ണൻ പരാതിപ്പെട്ടിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News