സൽമാൻ ഖാനെ വാധിക്കുമെന്ന് ഭീഷണി; 16 കാരന്‍ കസ്റ്റഡിയില്‍
ഏപ്രിൽ 30 ന് സൽമാൻഖാനെ കൊല്ലുമെന്നാണ് പൊലീസ് കൺട്രോള്‍ റൂമിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്
ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ വാധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 16 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏപ്രിൽ 30 ന് സൽമാൻഖാനെ കൊല്ലുമെന്നാണ് പൊലീസ് കൺട്രോള്‍ റൂമിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. തിങ്കളാഴ്ച്ച രാത്രിയാണ് ഘോശാല രക്ഷക് എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ പൊലീസിനെ വിളിച്ചത്.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് താണെയിലെ ശഹാൽപുരിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശിയാണ് അജ്ഞാത ഫോൺകോളിനുടമയെന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ഭീഷണിയിൽ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. നേരത്തേയും സൽമാൻ ഖാന് നിരവധി ഭീഷണി ഈ മെയിലുകളും, കത്തുകളും ലഭിച്ചിരുന്നു.
തീഹാർ ജയിൽ കഴിയുന്ന അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ പേരിലായിരുന്നു അവയെല്ലാം. സൽമാൻ ഖാൻ രാജസ്ഥാനിലെ വനങ്ങളിൽ കൃഷ്ണ മൃഗങ്ങളെ വേട്ടയാടിയ സംഭവത്തിൽ ബിഷ്‌ണോയ് സമുദായത്തോട് മാപ്പു പറയണമെന്നും ഇല്ലെങ്കിൽ വെടിവെച്ച് കൊല്ലുമെന്നായിരുന്നു ഭീഷണി. ഇതിന് പിന്നാലെ സൽമാന് ബുള്ളറ്റ് പ്രൂഫ് വാഹനമുൾപ്പെടെ വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെയാണ് പുതിയ ഭീഷണി വന്നിരിക്കുന്നത്.