'പ്രളയം സ്റ്റാർ' എന്ന വിളി ഏറെ വേദനിപ്പിച്ചു, എന്ത് തെറ്റാണ് ചെയ്തതെന്ന് ഇപ്പോഴുമറിയില്ല: ടൊവിനോ
"ചാവാൻ നിൽക്കുന്ന നേരത്ത് ആരെങ്കിലും പി.ആറിനെ കുറിച്ച് ചിന്തിക്കുമോ? ഞാൻ എന്തായാലും ചിന്തിക്കില്ല. അതിനുള്ള ബുദ്ധിയോ ദീർഘവീഷണമോ ഒന്നും എനിക്കില്ല"
പ്രളയകാലത്ത് ചെയ്ത സന്നദ്ധപ്രവർത്തനങ്ങളുടെ പേരിൽ പരിഹാസം നേരിട്ടത് ഏറെ വേദനിപ്പിച്ചുവെന്ന് നടൻ ടൊവിനോ. പ്രളയം സ്റ്റാർ എന്ന വിളി ഏറെ സങ്കടപ്പെടുത്തി എന്നും ആ സമയത്ത് ആരാണ് പിആർ വർക്കിനെക്കുറിച്ച് ചിന്തിക്കുക എന്നും കൊച്ചിയിൽ 2018 എവരി വൺ ഈ ഹീറോ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ ടൊവിനോ പറഞ്ഞു.
"കേരളത്തിൽ എല്ലാവരും തന്നെ ഇനിയെന്ത് എന്നാലോചിച്ച് നിന്ന സമയമായിരുന്നു പ്രളയത്തിന്റേത്. മഴ നിന്ന്, എല്ലാം ഇത്ര പെട്ടെന്ന് പഴയ സ്ഥിതിയിലാകുമെന്ന് ആരും കരുതിയതല്ല. ആ സമയത്ത്, രണ്ടാഴ്ച കൂടി മഴ പെയ്താൽ മുങ്ങിപ്പോകുമെന്നാണ് നമ്മളെല്ലാം വിചാരിച്ചത്. ചാവാൻ നിൽക്കുന്ന നേരത്ത് ആരെങ്കിലും പി.ആറിനെ കുറിച്ച് ചിന്തിക്കുമോ? ഞാൻ എന്തായാലും ചിന്തിക്കില്ല. അതിനുള്ള ബുദ്ധിയോ ദീർഘവീഷണമോ ഒന്നും എനിക്കില്ല. ആ സമയത്ത് ചെയ്ത കാര്യങ്ങളൊക്കെ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. ആദ്യമൊക്കെ സോഷ്യൽമീഡിയയിൽ നല്ല കാര്യങ്ങളാണ് എല്ലാവരും പറഞ്ഞത്. പിന്നീട് വിമർശനങ്ങൾ വരാൻ തുടങ്ങി. പ്രളയം സ്റ്റാർ എന്നൊക്കെ വിളിക്കാൻ തുടങ്ങിയത് ഒരുപാട് വേദനിപ്പിച്ചു. ചെയ്തത് പി.ആർ വർക്കൊക്കെ ആണെന്നായിരുന്നു വിമർശനം. മായാനദി ഇറങ്ങിയത് കൊണ്ടാണ് നദികളൊക്കെ കര കവിഞ്ഞത്, ടൊവിനോയുടെ പടം ഇറങ്ങിയത് കൊണ്ടാണ് പ്രളയമുണ്ടായത് എന്ന തമാശയൊക്കെ പിന്നീട് സീരിയസായി. എന്ത് തെറ്റാണ് ചെയ്തതെന്ന് ഇപ്പോഴുമറിയില്ല. ഇനി പ്രളയമുണ്ടായാൽ സഹായത്തിനിറങ്ങണോ വേണ്ടയോ എന്ന് പോലും അറിയില്ല". ടൊവിനോ പറഞ്ഞു.
ടൊവിനോയെ കൂടാതെ കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, അപർണ ബാലമുരളി, ഗൗതമി നായർ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, സിദ്ദീഖ്, രഞ്ജി പണിക്കർ, എന്നിങ്ങനെ വൻതാരനിര അണിനിരക്കുന്ന ചിത്രമാണ് 2018. 2018ലെ പ്രളയം ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ജൂഡ് ആന്റണി ജോസഫ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.