32,000 പിന്നീട് മൂന്നെന്നു തിരുത്തി, ഇതല്ല കേരളത്തിന്‍റെ സ്റ്റോറി: ടൊവിനോ തോമസ്
'മൂന്നല്ല, 32000 അല്ല, ലക്ഷക്കണക്കിന് ആളുകളാണ് പ്രളയ കാലത്ത് സ്നേഹത്തോടെയും സഹാനുഭൂതിയോടെയും ഒരുമിച്ച് നിന്ന് അതിജീവിച്ചത്'
കൊച്ചി: ദി കേരള സ്റ്റോറി സിനിമയെ വിമര്‍ശിച്ച് നടന്‍ ടൊവിനോ തോമസ്. 32000 സ്ത്രീകളെ മതംമാറ്റി ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചു എന്ന പരാമര്‍ശമുള്ള ട്രെയിലറിനെതിരെയാണ് ടൊവിനോയുടെ വിമര്‍ശനം. 32000 വ്യാജക്കണക്കാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സിനിമയിലൂടെ തെറ്റായ വിവരങ്ങള്‍ നല്‍കരുതെന്നും ടൊവിനോ ആവശ്യപ്പെട്ടു. ഇന്ത്യന്‍എക്സ്പ്രസ്.കോമിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
“ഞാനിതുവരെ ദി കേരള സ്റ്റോറി എന്ന സിനിമ കണ്ടിട്ടില്ല. ആ സിനിമ കണ്ട ആരോടും സംസാരിച്ചിട്ടുമില്ല. ട്രെയിലർ കണ്ടു. അതിന്റെ ഡിസ്ക്രിപ്ഷനില്‍ ആദ്യം 32,000 സ്ത്രീകളെന്ന് എഴുതി. പിന്നീട് അണിയറപ്രവർത്തകർ തന്നെ 32,000 എന്നത് മൂന്ന് എന്നു തിരുത്തി. അതിന്റെ അർത്ഥമെന്താണ്? എന്റെ അറിവിൽ കേരളത്തിൽ മൂന്നരക്കോടി ജനങ്ങളുണ്ട്. ഈ മൂന്ന് സംഭവങ്ങളെ മാത്രം മുന്‍നിര്‍ത്തി സാമാന്യവല്‍ക്കരിക്കാനാവില്ല. ഇത് കേരളത്തിൽ നടന്നുവെന്ന വിവരം ഞാൻ നിഷേധിക്കില്ല. ഇത് സംഭവിച്ചിരിക്കാം. എനിക്കിത് വ്യക്തിപരമായി അറിയില്ല. വാർത്തകളിൽ വായിച്ചിട്ടുണ്ട്. ഇന്ന് നമ്മൾ കാണുന്ന പലതും വസ്തുതകളല്ല, അഭിപ്രായങ്ങൾ മാത്രമാണ്. ഒരേ വാർത്ത അഞ്ചു വാര്‍ത്താ ചാനലുകളിൽ അഞ്ചു രീതിയിലാണ് കാണാറുള്ളത്. മൂന്നരക്കോടി ജനങ്ങളുള്ള നാടിനെ ഇങ്ങനെ സാമാന്യവല്‍ക്കരിക്കാനാവില്ല.തെറ്റായ വിവരങ്ങൾ നൽകാതിരിക്കുക”- ടൊവിനോ തോമസ് പറഞ്ഞു.
ദി കേരള സ്റ്റോറിയുടെ അണിയറ പ്രവർത്തകർ എന്തുകൊണ്ട് 32,000 എന്ന കണക്ക് ആദ്യം ഉപയോഗിച്ചെന്ന ചോദ്യം ടൊവിനോ ആവർത്തിച്ചു- “32,000 എന്ന് ആദ്യം എഴുതിയിട്ട് പിന്നീട് അത് അവർ മാറ്റി. എന്തിന് ആദ്യം അവർ 32,000 എന്ന് പറഞ്ഞു? നമുക്ക് എല്ലാവർക്കുമറിയാം 32,000 എന്നത് വ്യാജക്കണക്കാണെന്ന്. ഇപ്പോൾ അത് 3 ആയി. അതിന്റെ അർത്ഥമെന്താണ്? ഞാനൊന്നും പറയുന്നില്ല. പക്ഷെ ജനങ്ങള്‍ക്ക് മനസ്സിലാകുമല്ലോ. എല്ലാ കാര്യങ്ങളും കണ്ണടച്ചു വിശ്വസിക്കരുത്. നമ്മളെല്ലാം മനുഷ്യരാണ്. ചിന്തിക്കാനുള്ള കഴിവ് എല്ലാവർക്കുമുണ്ട് . ഞാനെന്തെങ്കിലും പറഞ്ഞാലും കണ്ണടച്ച് വിശ്വസിക്കരുത്. ചിന്തിക്കുക. നിങ്ങള്‍ക്ക് തലച്ചോറുണ്ട്. എന്നിട്ട് തീരുമാനിക്കുക. ഇത് 2023 ആണ്. ഒന്നും കണ്ണടച്ച് വിശ്വസിക്കാതെ നല്ലതുപോലെ ചിന്തിക്കുക. നിങ്ങൾക്ക് തെറ്റായ വിവരങ്ങൾ നൽകാൻ ആരെയും അനുവദിക്കരുത്. സിനിമയിൽ സാങ്കൽപികമായ കഥകൾ കാണിക്കാം. ചിത്രത്തിന് ദി കേരള സ്റ്റോറി എന്ന് പേരിട്ടത് തെറ്റാണ്".
ദി കേരള സ്റ്റോറി കേരളത്തിന്റെ കഥയല്ലെന്ന് ടൊവിനോ പറഞ്ഞു- "ഇതല്ല കേരളത്തിന്‍റെ കഥ. ഞാൻ ജനിച്ചു വളർന്നത് കേരളത്തിലാണ്. 2018ല്‍ ആളുകള്‍ കഷ്ടപ്പെടുന്നതും ഒരുമിച്ച് അതിജീവിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. മൂന്നല്ല, 32000 അല്ല, ലക്ഷക്കണക്കിന് ആളുകളാണ് പ്രളയ കാലത്ത് സ്നേഹത്തോടെയും സഹാനുഭൂതിയോടെയും ഒരുമിച്ച് നിന്നത്. ഒരു രാഷ്ട്രീയ പാർട്ടിയും ഒരു മതവും വേര്‍തിരിച്ചുനിര്‍ത്തുന്നത് ഞങ്ങള്‍ കണ്ടില്ല. മനുഷ്യർ ഒന്നിച്ചു നിന്ന് അതിജീവിക്കുന്നതാണ് കണ്ടത്.”
നല്ല സന്ദേശം നൽകാൻ ഏറ്റവും നല്ല മാർഗമാണ് സിനിമയെന്നും അതു ദുരുപയോഗം ചെയ്യരുതെന്നും ടൊവിനോ പറഞ്ഞു- “സിനിമകൾക്ക് നല്ല സന്ദേശം നൽകാനാകും. തെറ്റായ കാര്യങ്ങൾ നൽകാതിരിക്കാനെങ്കിലും ശ്രമിക്കണം. സിനിമ വിനോദോപാധിയാണ്. മനുഷ്യരുടെ മനസ്സിനെ മാറ്റാനുള്ള കഴിവുണ്ട്. ടെൻഷനിലിരിക്കുന്ന ഒരാൾക്ക് ഒരു ചിത്രം കണ്ടിട്ട് സമാധാനം തോന്നിയാൽ ഉദ്ദേശിച്ചത് നടന്നു. ലോകത്തെ സ്വാധീനിക്കാന്‍ സിനിമയ്ക്ക് കഴിയും. അതുകൊണ്ട് ശക്തമായ സന്ദേശങ്ങൾ നൽകുക എന്നത് ഉത്തരവാദിത്വമായി ഏറ്റെടുക്കണം. വളരെ ശുദ്ധമായ കലയാണ് സിനിമ. ഒരിക്കലും ദുരുപയോഗിക്കരുത്”- ടൊവിനോ പറഞ്ഞു.