ട്രിപ്പിൾ റോളിൽ ടൊവിനോ; 'അജയന്റെ രണ്ടാം മോഷണം' ഓണത്തിനെത്തും
ചിത്രത്തിന്റെ മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
ടൊവിനോ തോമസ് പ്രധാന കഥാപാത്രമാകുന്ന 'അജയന്റെ രണ്ടാം മോഷണം'(ARM) ഓണം റീലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിൽ 3 ഡി യിലും 2 ഡിയിലുമായി ARM പ്രദർശനത്തിനെത്തും.
മൂന്ന് കാലഘട്ടങ്ങളുടെ കഥപറയുന്ന ചിത്രത്തിൽ ടൊവിനോ ട്രിപ്പിൾ റോളിലാണെത്തുന്നത്. തെലുങ്ക് താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തമിഴിൽ ‘കനാ’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ജോമോൻ ടി. ജോൺ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.