‘മോണിക്ക: ഒരു എഐ സ്റ്റോറി’യുടെ ട്രെയിലർ റിലീസായി

മെയ് 31ന് ചിത്രം തിയറ്ററുകളിലെത്തും

Update: 2024-05-18 11:11 GMT
Advertising

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ പുതിയ അധ്യായം സൃഷ്ടിക്കുന്ന, ഇ.എം അഷ്റഫ് സംവിധാനം ചെയ്ത ‘മോണിക്ക: ഒരു എഐ സ്റ്റോറി’യുടെ ട്രെയിലറിന്റെയും ഗാനത്തിന്റെയും റിലീസ് ഗോകുലം പാർക്ക് ഹോട്ടലിൽ നടന്നു. ഇന്ത്യയിലെ ആദ്യത്തെ എ.ഐ സിനിമ എന്ന നിലയിൽ ഇന്ത്യ ഗവൺന്മെന്റിന്റെ അംഗീകാരം നേടിയ ചിത്രത്തിൽ അമേരിക്കൻ വംശജ അപർണ മൾബറി, ഗോപിനാഥ് മുതുകാട്, മാളികപ്പുറം ഫെയിം ശ്രീപത് എന്നിവർ അഭിനയിക്കുന്നു. സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ നിർമാതാവ് സാബു ചെറിയാൻ ട്രെയിലർ റിലീസ് ചെയ്തു.

പ്രഭാവർമ രചിച്ച് യുനാസിയോ സംഗീത സംവിധാനം ചെയ്ത ഗാനം സംഗീത സംവിധായകൻ റോണി റാഫേലും യെർബേഷ് ബെച്ചു എന്ന 11 വയസുകാരൻ പാടിയ ഗാനം ആലപ്പി അഷ്റഫും റിലീസ് ചെയ്തു. അപർണ്ണ മൾബറി മലയാളത്തിൽ പാടി നൃത്തം ചെയ്ത പ്രൊമോ സോങ്ങ് ഗോപി നാഥ് മുതുകാട് റിലീസ് ചെയ്തു.

സിനിമയുടെ ഫൈനൽ ലുക്ക് പോസ്റ്റർ മാളികപ്പുറം സിനിമയുടെ സംവിധായകൻ വിഷ്ണു ശശി ശങ്കർ നിർവഹിച്ചു. മെയ് 31ന് സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന പ്രഖ്യാപനം മാളികപ്പുറം സിനിമയുടെ കഥ എഴുതിയ അഭിലാഷ് പിള്ള നടത്തി.

മോണിക്ക ഒരു എഐ സ്റ്റോറിയുടെ രണ്ട് ഗാനങ്ങൾ എഴുതിയ സരസ്വതി സമ്മാൻ അവാർഡ് ജേതാവ് പ്രഭാവർമ്മയെ സിനിമയുടെ നിർമ്മാതാവ് മൻസൂർ പള്ളൂർ ചടങ്ങിൽ വെച്ച് പൊന്നാട അണിയിച്ച് ആദരിച്ചു. സപ്ത ശ്രീജിത്തും ആൽബർട്ട് അലക്സും ചടങ്ങുകൾ നിയന്ത്രിച്ചു.

മജീഷ്യൻ മുതുകാട് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അമേരിക്കക്കാരിയായ അപർണ മൾബറി മലയാളത്തിൽ പാടുകയും നൃത്തം വെക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ പ്രശസ്തയായ ഈ ബിഗ്ബോസ് താരത്തിന്റെ ആദ്യ സിനിമയാണിത്.

മാളികപ്പുറം ഫെയിം ശ്രീപത്, സിനി എബ്രഹാം, മണികണ്ഠൻ, കണ്ണൂർ ശ്രീലത, മൻസൂർ പള്ളൂർ, ആൽബർട്ട് അലക്സ്, അനിൽ ബേബി, അജയൻ കല്ലായ്, ശുഭ കാഞ്ഞങ്ങാട്, ആന്മിര ദേവ്, ഹാതിം, ആനന്ദ ജ്യോതി, പ്രസന്നൻ പിള്ള, പ്രീതി കീക്കൻ, ഷിജിത്ത് മണവാളൻ, പി.കെ അബ്ദുള്ള, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

മൻസൂർ പള്ളൂർ നിർമ്മിച്ച സിനിമ സംവിധാനം ചെയ്തത് ഇ.എം അഷ്റഫാണ്. യുനുസിയോ സംഗീതവും റോണി റാഫേൽ പശ്ചാത്തല സംഗീതവും നിർവ്വഹിച്ച സിനിമയുടെ ഗാന രചന പ്രഭാ വർമ്മയാണ്. ക്യാമറ സജീഷ് രാജും എഡിറ്റിംഗ് ഹരി ജി. നായറുമാണ്. നജീം അർഷാദ്, യർബാഷ് ബാച്ചു എന്നിവർ പാടിയിട്ടുണ്ട്.

കലാ സംവിധാനം ഹരിദാസ് ബക്കളമാണ്. ഷൈജു ദേവദാസാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. വിഎഫ്എക്സ് വിജേഷ് സി.ആറാണ്. രാധാകൃഷ്ണൻ ചേളാരിയാണ് പ്രൊഡക്ഷൻ കൺട്രോളർ. പി.ആർ.ഒ സുനിത സുനിൽ. പരസ്യ കല സജീഷ് എം ഡിസൈൻ. സിനിമ മെയ് 31 ന് തന്ത്ര മീഡിയ കേരളത്തിലെ തിയറ്ററുകളിലെത്തിക്കും.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News