കാന്താര തുളു പതിപ്പ് ഡിസംബര്‍ 2 മുതല്‍ തിയറ്ററുകളില്‍

കാന്താരയുടെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് ഇക്കാര്യം അറിയിച്ചത്

Update: 2022-11-28 05:34 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബെംഗളൂരു: കന്നഡ ചിത്രം കാന്താരയുടെ തുളു പതിപ്പ് നവംബര്‍ 25നാണ് ഇന്ത്യക്കു പുറത്ത് റിലീസ് ചെയ്തത്. ഇപ്പോഴിതാ തുളു ഭാഷയില്‍ മൊഴിമാറ്റം ചെയ്ത കാന്താര ഇന്ത്യന്‍ തിയറ്ററുകളിലുമെത്തുകയാണ്. ഡിസംബര്‍ 2നാണ് കാന്താര തുളു പതിപ്പ് റിലീസ് ചെയ്യുന്നത്. കാന്താരയുടെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് ഇക്കാര്യം അറിയിച്ചത്. ഋഷഭ് ഷെട്ടി കഥയും സംവിധാനവും നിര്‍വഹിച്ച് നായകനായി അഭിനയിച്ച ചിത്രം സെപ്തംബര്‍ 30നാണ് തിയറ്ററുകളിലെത്തിയത്.

കുറഞ്ഞ സെന്‍ററുകളില്‍ പ്രദര്‍ശനം തുടങ്ങിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ ആളെക്കൂട്ടുകയായിരുന്നു. കന്നഡയില്‍ വിജയമായതോടെ തെലുങ്ക്, മലയാളം,തമിഴ്,ഹിന്ദി ഭാഷകളിലേക്ക് മൊഴി മാറ്റി പുറത്തിറക്കി. എല്ലാ പതിപ്പുകളും ഗംഭീര വിജയമായിരുന്നു. 400 കോടി ക്ലബില്‍ കടന്ന കാന്താര ഇപ്പോള്‍ ഒടിടിയിലും പ്രദര്‍ശനം തുടരുന്നുണ്ട്.

വളരെ കുറഞ്ഞ കന്നഡ ചിത്രങ്ങള്‍ മാത്രമേ തുളു ഭാഷയില്‍ ഡബ്ബ് ചെയ്ത് പുറത്തിറക്കിയിട്ടുള്ളൂ. 2015ല്‍ റിലീസ് ചെയ്ത മാമു ടീ അങ്ങാടിയാണ് തുളുവിലേക്ക് മൊഴി മാറ്റിയത്. 2019ല്‍ പഞ്ചതന്ത്രം, യോഗരാജ് ഭട്ട് നായകനായി അഭിനയിച്ച റോം-കോം എന്നീ സിനിമകള്‍ 2020 ൽ തുളു ഭാഷയിലേക്ക് ഡബ്ബ് ചെയ്ത് റിലീസ് ചെയ്തതായി കന്നഡ വാർത്താ ഏജൻസിയായ ഉദയവാണി റിപ്പോർട്ട് ചെയ്യുന്നു. തുളുനാടിന്‍റെ കഥ പറയുന്ന ചിത്രമായതിനാലാണ് കാന്താര തുളു ഭാഷയില്‍ റിലീസ് ചെയ്യാന്‍ നിര്‍മാണ കമ്പനി തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

19-ാം നൂറ്റാണ്ടില്‍ കാന്തപുരയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.സപ്തമി ഗൗഡയാണ് നായിക. കിഷോര്‍, ദീപക് റായ് പനാജി, അച്യുത് കുമാര്‍,പ്രമോദ് ഷെട്ടി എന്നിവരാണ് മറ്റു താരങ്ങള്‍.ഐഎംഡിബിയിൽ 10ൽ 9.4 സ്‌കോറോടെ ഏറ്റവും ഉയർന്ന റേറ്റിംഗ് ലഭിച്ച ഇന്ത്യൻ ചിത്രം കൂടിയാണ് കാന്താര.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News