ബോക്സോഫീസ് ദുരന്തമായി കങ്കണയുടെ 'തേജസ്'; തിയേറ്ററിൽ ആളില്ല, ഷോകൾ റദ്ദാക്കി, ആദിത്യനാഥിന് പ്രത്യേക ഷോ

തേജസിന്‍റെ അവസാന രംഗത്തെ ഡയലോഗ് കേട്ടപ്പോള്‍ കണ്ണീരടക്കാൻ യോഗി ആദിത്യനാഥിന് കഴിഞ്ഞില്ലെന്നാണ് കങ്കണ എക്സിൽ കുറിച്ചത്.

Update: 2023-10-31 14:09 GMT
Advertising

കങ്കണ റണൗട്ട് പ്രധാന വേഷത്തില്‍ എത്തിയ 'തേജസ്' പരാജയത്തിലേക്കെന്ന് ബോക്സോഫീസ് റിപ്പോർട്ടുകൾ. റിലീസ് ചെയ്ത് നാലാം ദിനത്തില്‍ ചിത്രത്തിന് 50 ലക്ഷം മാത്രമാണ് വരുമാനം ലഭിച്ചതെന്ന് ട്രേഡ് അനലിസ്റ്റ് വെബ്സൈറ്റായ സാക്നിക് റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിന് ഇതുവരെ 4.25 കോടി മാത്രമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടാനായത്.

പലയിടത്തും ആളുകള്‍ ഇല്ലാത്തതിനാല്‍ പ്രദര്‍ശനം റദ്ദാക്കേണ്ടി വന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റിലീസിന് മുന്‍പും ശേഷവും മുന്‍കൂര്‍ ബുക്ക് ചെയ്തവരുടെ എണ്ണം വളരെക്കുറവാണ്. റിലീസ് ദിനത്തില്‍ മുംബൈയിലെ തിയേറ്ററുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ശരാശരി 7.25 ശതമാനം സീറ്റുകള്‍ മാത്രമാണ് നിറഞ്ഞത്. അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ബോക്സോഫീസ് ദുരന്തം എന്നാണ് ചിത്രത്തെ ട്രേഡ് അനലിസ്റ്റുകള്‍ വിശേഷിപ്പിക്കുന്നത്. 

അതേസമയം, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനായി തേജസിന്‍റെ പ്രത്യേക ഷോ നടത്തി. കങ്കണയും ചിത്രത്തിലെ പ്രധാന താരങ്ങളും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ ധാമിയും ചിത്രത്തിന്‍റെ പ്രദര്‍ശനത്തിന് എത്തിയിരുന്നു. ലഖ്നൗവിലെ ലോക് ഭവന്‍ ഓഡിറ്റോറിയത്തിലായിരുന്നു പ്രത്യേക ഷോ ഏർപ്പാടാക്കിയത്. തേജസിന്‍റെ അവസാന രംഗത്തെ ഡയലോഗ് കേട്ടപ്പോള്‍ കണ്ണീരടക്കാൻ യോഗി ആദിത്യനാഥിന് കഴിഞ്ഞില്ലെന്നാണ് കങ്കണ എക്സിൽ കുറിച്ചത്. 

എയര്‍ ഫോഴ്സ് പൈലറ്റിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സര്‍വേഷ് മേഹ്തയാണ്. യു.ടി.വി. പ്രൊഡക്ഷന്റെ ബാനറില്‍ റോണി സ്‌ക്രൂവാലയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അന്‍ഷുല്‍ ചൗഹാനും വരുണ്‍ മിത്രയുമാണ് 'തേജസി'ല്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ഹരി കെ വേദാനന്തമാണ് ഛായാഗ്രാഹണം. ശസ്വത് സച്ച്ദേവാണ് തേജസിന്റെ സംഗീതം.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News