പ്രിയങ്കയുടെ ആത്മഹത്യ: കൂടുതൽ തെളിവുകൾ ശേഖരിച്ച് പൊലീസ്, ഉണ്ണിരാജ് പി ദേവ് റിമാന്‍ഡില്‍

ആത്മഹത്യക്ക് തൊട്ടുമുൻപ് നടന്ന ഫോൺ സംഭാഷണത്തിൽ വിവാഹബന്ധം ഒഴിയാമെന്ന് പ്രിയങ്കയോട് ഉണ്ണി പറഞ്ഞിരുന്നു

Update: 2021-05-26 08:21 GMT
Advertising

ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയിൽ പ്രതിയായ നടന്‍ ഉണ്ണിരാജ് പി ദേവിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ചതായി പൊലീസ്. ആത്മഹത്യക്ക് തൊട്ടുമുൻപ് നടന്ന ഫോൺ സംഭാഷണത്തിൽ വിവാഹബന്ധം ഒഴിയാമെന്ന് പ്രിയങ്കയോട് ഉണ്ണി പറഞ്ഞിരുന്നു. പ്രിയങ്കയുടെ ആത്മഹത്യക്ക് ഇതാണ് പ്രേരണയായത് എന്നാണ് പൊലീസ് നിഗമനം. ഉണ്ണി രാജിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.

പ്രിയങ്കയുടെ ആത്മഹത്യയില്‍ ഭർത്താവ് ഉണ്ണിരാജ് പി ദേവിന്‍റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളാണ് പൊലീസ് ശേഖരിച്ചത്. ഒരു ഫോണ്‍കോള്‍ വന്നതിന് തൊട്ടുപിന്നാലെ പ്രിയങ്ക ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രിയങ്ക രണ്ട് തവണ ഉണ്ണിരാജിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നതായി കണ്ടെത്തി. ചോദ്യം ചെയ്യലിൽ പ്രിയങ്കയുമായി സംഭാഷണം നടന്ന കാര്യം ഉണ്ണിരാജ് പൊലീസിനോട് സമ്മതിച്ചു. ഇനി വിവാഹബന്ധം വേണ്ടെന്ന് പ്രിയങ്കയോട് പറഞ്ഞ ശേഷം ഫോൺ കട്ട് ചെയ്യുകയായിരുന്നുവെന്ന് ഉണ്ണി വെളിപ്പെടുത്തി.

ആത്മഹത്യയ്ക്ക് പെട്ടെന്നുള്ള പ്രകോപനമായത് ഉണ്ണിയുടെ വാക്കുകളാണെന്ന നിഗമനത്തിലാണ് പൊലീസ്. ഫോൺ സംഭാഷണത്തില്‍ പ്രിയങ്കയോട് ഉണ്ണിരാജ് മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൂടുതൽ അന്വേഷണത്തിന്‍റെ ഭാഗമായി ഉണ്ണിരാജിനെ രണ്ട് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നെടുമങ്ങാട് കോടതിയിൽ പൊലീസ് അപേക്ഷ നൽകി.

പ്രിയങ്കയുമായുള്ള ബന്ധത്തിനോട് ഉണ്ണിയുടെ കുടുംബത്തിന് താല്‍പര്യമില്ലായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കാക്കനാടുള്ള വാടക ഫ്ലാറ്റ് ഉപേക്ഷിച്ച് ഇരുവരും ഉണ്ണിയുടെ അങ്കമാലിയിലെ വീട്ടിലേക്ക് മാറുകയായിരുന്നു. ഇതിന് ശേഷമാണ് ഉണ്ണിയും അമ്മ ശാന്തമ്മയും പ്രിയങ്കയോട് ക്രൂരമായി പെരുമാറാന്‍ തുടങ്ങിയതെന്നാണ് പൊലീസിന് ബോധ്യപ്പെട്ടിരിക്കുന്നത്. കേസില്‍ ശാന്തമ്മയുടെ അറസ്റ്റും വൈകാതെ രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ഇവര്‍ കോവിഡ് ചികിത്സയിലായതിനാലാണ് നിലവില്‍ ചോദ്യം ചെയ്യലോ അറസ്റ്റോ നടക്കാത്തത്.

Full View

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News