വിനായകന്‍റെ സിനിമ; ജയിലറിനെ പുകഴ്ത്തി മന്ത്രി ശിവന്‍കുട്ടി
നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്
തിരുവനന്തപുരം: ജയിലര്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മലയാളി താരം വിനായകനാണ് ചിത്രത്തില്‍ രജനികാന്തിന്‍റെ വില്ലന്‍. വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍ എന്ന കഥാപാത്രം തമിഴ് സിനിമ ഇതുവരെ കണ്ടതില്‍ വ്യത്യസ്തനായ പ്രതിനായക കഥാപാത്രമാണെന്നാണ് സോഷ്യല്‍മീഡിയയുടെ അഭിപ്രായം. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി വി.ശിവന്‍കുട്ടി.
''ഈ ചിത്രത്തിന് നിരവധി മാനങ്ങൾ ഉണ്ട്..കൊണ്ടാടപ്പെടേണ്ട ഒന്ന്..വിനായകന്‍റെ സിനിമ....'' മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഒപ്പം ഒപ്പം ജയിലറിൽ രജനികാന്തും വിനായകനും നേർക്കുനേർ നിൽക്കുന്ന ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്. വിനായകനെ പ്രകടനത്തെ പുകഴ്ത്തിയാണ് ഭൂരിഭാഗം കമന്‍റും.
രജനിയുടെ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തിനൊപ്പം കട്ടക്ക് നില്‍ക്കുന്ന പ്രകടനമാണ് വിനായകന്‍ കാഴ്ച വച്ചിരിക്കുന്നത്. മമ്മൂട്ടിയെ ആയിരുന്നു ആദ്യം വില്ലനായി തീരുമാനിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഈയിടെ പുറത്തുവന്നിരുന്നു.എന്നാല്‍ പകരം വയ്ക്കാനാവാത്ത വിധം വിനായകന്‍ പകര്‍ന്നാടി. മോഹന്‍ലാലിന്‍റെ സ്വാഗിനൊപ്പം വര്‍മനെ കൂടി ആഘോഷിക്കുകയാണ് ആരാധകര്‍. ഇങ്ങനെയൊരു വില്ലനെ കണ്ടില്ലെന്നാണ് ആരാധകരുടെ പക്ഷം.
വ്യാഴാഴ്ചയാണ് ജയിലര്‍ തിയറ്ററുകളിലെത്തിയത്. സംവിധായകന്‍ നെല്‍സന്‍റെ തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം. അനിരുദ്ധിന്‍റെ സംഗീതവും രജനിയും ശിവരാജ് കുമാറും മോഹന്‍ലാലും വിനായകനുമൊക്കെ ചേര്‍ന്ന് ജയിലറിനെ മാസ് എന്‍റര്‍ടെയ്നറായി മാറ്റിയിരിക്കുകയാണ്.