നടനും മുന്‍ കേന്ദ്രമന്ത്രിയുമായ കൃഷ്ണം രാജു അന്തരിച്ചു
1999 മുതല്‍ 2004 വരെ വിദേശകാര്യ സഹമന്ത്രിയായിരുന്നു
തെലുങ്ക് നടനും മുന്‍ കേന്ദ്രമന്ത്രിയുമായ ഉപ്പളപതി വെങ്കിട കൃഷ്ണം രാജു അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു.
റിബല്‍ സ്റ്റാര്‍ എന്നാണ് കൃഷ്ണം രാജു അറിയപ്പെട്ടിരുന്നത്. ചിലക ഗോരിങ്ക എന്ന ചിത്രത്തിലൂടെ 1966ലാണ് കൃഷ്ണം രാജു സിനിമയിലെത്തിയത്. 185ലേറെ സിനിമകളില്‍ അഭിനയിച്ചു. മികച്ച നടനുള്ള ആദ്യ നന്തി അവാര്‍ഡ് ലഭിച്ചു. നടന്‍ പ്രഭാസിന്‍റെ അമ്മാവനാണ് കൃഷ്ണം രാജു. പ്രഭാസിന്‍റെ രാധേശ്യാം എന്ന സിനിമയിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
കൃഷ്ണം രാജു 1990കള്‍ മുതല്‍ രാഷ്ട്രീയത്തിലും സജീവമായിരുന്നു. ബി.ജെ.പി ടിക്കറ്റില്‍ കാക്കി നാഡ, നരസാപുരം മണ്ഡലങ്ങളില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1999 മുതല്‍ 2004 വരെ വാജ്പേയി സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയായി പ്രവര്‍ത്തിച്ചു.
ചിരഞ്ജീവി പ്രജാരാജ്യം പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ കൃഷ്ണം രാജു ആ പാര്‍ട്ടിലെത്തി. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കൃഷ്ണം രാജുവിന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ചലച്ചിത്ര താരം അനുഷ്‌ക ഷെട്ടി, നടന്‍ നിഖില്‍ സിദ്ധാര്‍ത്ഥ ഉള്‍പ്പെടെ നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.