നടി ഉത്തര ബയോക്കര്‍ അന്തരിച്ചു
കഴിഞ്ഞ ഒരു വർഷമായി അസുഖ ബാധിതയായിരുന്ന ഉത്തര ചൊവ്വാഴ്ച ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്
പൂനെ: പ്രശസ്ത അഭിനേത്രിയും നാടക കലാകാരിയുമായ ഉത്തര ബയോക്കർ (79) അന്തരിച്ചു. പൂനെയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഒരു വർഷമായി അസുഖ ബാധിതയായിരുന്ന ഉത്തര ചൊവ്വാഴ്ച ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്കാരചടങ്ങുകള്‍ ബുധനാഴ്ച നടന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.
നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ (എൻഎസ്‌ഡി) അഭിനയം പഠിച്ചിട്ടുള്ള ഉത്തര മുഖ്യമന്ത്രിയിലെ പത്മാവതി, മേന ഗുർജാരിയിലെ മേന, ഷേക്‌സ്‌പിയറുടെ ഒഥല്ലോയിലെ ഡെസ്‌ഡിമോണ, നാടകകൃത്ത് ഗിരീഷ് കർണാഡിന്‍റെ തുഗ്ലക്കിലെ അമ്മ തുടങ്ങിയ വ്യത്യസ്ത നാടകങ്ങളിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്തു.ഗോവിന്ദ് നിഹ്‌ലാനിയുടെ തമസ് എന്ന ചിത്രത്തിലെ അഭിനയത്തിന് പിന്നാലെയാണ് ഉത്തരാ ബയോക്കർ ശ്രദ്ധനേടിയത്. സുമിത്ര ഭാവെയുടെ ഫീച്ചർ ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ഉത്തരക്കൊപ്പം എട്ടോളം ഫീച്ചർ ഫിലിമുകളിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും തന്‍റെ ദീർഘകാല സഹകാരിയായ സുമിത്ര ഭാവെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയുന്ന ഒരു അഭിനേതാവായി അവരെ കണക്കാക്കാറുണ്ടെന്നും ചലച്ചിത്ര നിർമ്മാതാവ് സുനിൽ സുക്തങ്കർ പറഞ്ഞു.
'ഏക് ദിൻ അചാനക്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം 1988ല്‍ ലഭിച്ചിട്ടുണ്ട്. 1984ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും നേടിയിട്ടുണ്ട്.