തെലുങ്ക് നടന്‍ കൈകാല സത്യനാരായണ അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഹൈദരാബാദിലെ ഫിലിം നഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം

Update: 2022-12-23 09:22 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഹൈദരാബാദ്: മുതിർന്ന തെലുങ്ക് നടൻ കൈകാല സത്യനാരായണ അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഹൈദരാബാദിലെ ഫിലിം നഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.കഴിഞ്ഞ ഒരു വര്‍ഷമായിരുന്നു രോഗബാധിതനായിരുന്നു അദ്ദേഹം.വീട്ടിൽ ചികിത്സയിലായിരുന്ന അദ്ദേഹം ആരോഗ്യനില വഷളായതിനെ തുടർന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

ആറ് പതിറ്റാണ്ട് നീണ്ടുനിന്ന അഭിനയ ജീവിതത്തില്‍ 800 ഓളം സിനിമകളില്‍ സത്യനാരായണ വേഷമിട്ടിട്ടുണ്ട്. ആന്ധ്രാപ്രദേശ്, കൃഷ്ണ ജില്ലയിലെ കാവുതാരം ഗ്രാമത്തില്‍ 1935 ജൂലൈ 25നാണ് സത്യനാരായണ ജനിച്ചത്. ഗുഡിവാഡയിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ ശേഷമാണ് അഭിനയത്തിലേക്ക് തിരിയുന്നത്. ഗ്രാമത്തില്‍ നാടകങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ് സത്യനാരായണയുടെ അഭിനയജീവിതം തുടങ്ങുന്നത്. 1959 ൽ സിപ്പായി കൂത്തുരു എന്ന ചിത്രത്തിലൂടെ തന്‍റെ സിനിമാ ജീവിതം ആരംഭിച്ച അദ്ദേഹം 2019 ൽ മഹേഷ് ബാബുവും പൂജ ഹെഗ്‌ഡെയും അഭിനയിച്ച മഹർഷി എന്ന ചിത്രത്തിലാണ് അവസാനമായി പ്രത്യക്ഷപ്പെട്ടത്.

ആദ്യ കാലങ്ങളില്‍, കൈകാല സത്യനാരായണ മുതിർന്ന നടൻ നന്ദമുരി താരക രാമറാവുവിന് വേണ്ടി നിരവധി സിനിമകളിൽ ബോഡി ഡബിൾ ആയി പ്രവർത്തിച്ചു, കാരണം ഇരുവർക്കും സമാനമായ ശരീരഘടന ആയിരുന്നു. നൂറു കണക്കിന് ചിത്രങ്ങളില്‍ സഹനടനായി തിളങ്ങിയ സത്യനാരായണ വില്ലന്‍,സ്നേഹനിധിയായ മുത്തച്ഛന്‍,അച്ഛന്‍ എന്നീ റോളുകളില്‍ വ്യത്യസ്തമായ അഭിനയം കാഴ്ച വച്ചു. യമഗോള, യമലീല എന്നിവയുൾപ്പെടെ ഒന്നിലധികം ചിത്രങ്ങളില്‍ പുരാണ കഥാപാത്രമായ യമധർമ്മ രാജാവായി വേഷമിട്ടിട്ടുണ്ട്. ലവകുശ, നർത്തനശാല, കുരുക്ഷേത്രം പ്രധാന സിനിമകള്‍.

1996ല്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച സത്യനാരായണ മച്ചിലിപട്ടണം മണ്ഡലത്തെ പ്രതിനിധീകരിച്ച് തെലുങ്കുദേശം പാർട്ടിയിൽ (ടിഡിപി) നിന്ന് പാർലമെന്‍റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. സത്യനാരായണയുടെ മരണത്തില്‍ തെലുങ്ക് സിനിമാലോകം അനുശോചിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News