മനുഷ്യനെ വേര്‍തിരിച്ചു കാണുന്നത് തെറ്റ്; ചെന്നൈ രോഹിണി തിയറ്ററിനെതിരെ വിജയ് സേതുപതി

സംഭവത്തെ അപലപിച്ച വിജയ് സേതുപതി ഇത്തരത്തിലുള്ള അടിച്ചമർത്തൽ തികച്ചും അസ്വീകാര്യമാണെന്ന് പറഞ്ഞു

Update: 2023-03-31 08:16 GMT
Editor : Jaisy Thomas | By : Web Desk
ആദിവാസി കുടുംബം
Advertising

ചെന്നൈ: ചിമ്പുവിന്‍റെ 'പത്ത് തല' എന്ന ചിത്രം കാണാനെത്തിയ ആദിവാസി കുടുംബത്തെ തിയറ്ററില്‍ പ്രവേശിപ്പിക്കാതിരുന്ന സംഭവത്തില്‍ പ്രതികരണവുമായി നടന്‍ വിജയ് സേതുപതി. ചെന്നൈയിലെ പ്രശസ്ത തിയറ്ററായ രോഹിണി സില്‍വര്‍ സ്ക്രീനിലായിരുന്നു സംഭവം. ടിക്കറ്റ് എടുത്തിട്ടും ആദിവാസി കുടുംബത്തെ അധികൃതര്‍ തിയറ്ററില്‍ കയറാന്‍ അനുവദിച്ചില്ല. മാര്‍ച്ച് 30നാണ് സംഭവം നടന്നത്.

സംഭവത്തെ അപലപിച്ച വിജയ് സേതുപതി ഇത്തരത്തിലുള്ള അടിച്ചമർത്തൽ തികച്ചും അസ്വീകാര്യമാണെന്ന് പറഞ്ഞു. എല്ലാ മനുഷ്യർക്കും ഒരു പോലെ ജീവിക്കാൻ വേണ്ടിയാണ് ഭൂമി സൃഷ്ടിക്കപ്പെട്ടത്. മറ്റൊരു മനുഷ്യനെ അടിച്ചമർത്തുന്നവർക്കെതിരെ നമ്മൾ ശബ്ദമുയര്‍ത്തണമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. സിനിമ കാണാനായി ടിക്കറ്റ് എടുത്ത് വന്ന നരിക്കുറവ വിഭാഗത്തിൽപ്പെട്ട ആദിവാസി കുടുംബത്തെ ഹാളിനുള്ളിൽ പ്രവേശിപ്പിക്കാൻ തയ്യാറായിരുന്നില്ല. സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി തിയറ്റർ അധികൃതരും രംഗത്തെത്തി. സിനിമയ്ക്ക് യു/എ സെൻസർ സർട്ടിഫിക്കറ്റാണുള്ളത്. പിന്നീട് ആദിവാസി കുടുംബത്തിന് തിയറ്ററില്‍ പ്രവേശനം അനുവദിച്ചു.

12 വയസിന് താഴെയുള്ള കുട്ടികളെ നിയമപ്രകാരം യു/എ സർട്ടിഫിക്കറ്റ് ലഭിച്ച ഒരു സിനിമ കാണാൻ അനുവദിക്കില്ല. അതുകൊണ്ടാണ് ടിക്കറ്റ് ചെക്കിംഗ് ജീവനക്കാർ പ്രവേശനം നിഷേധിച്ചതെന്നായിരുന്നു ഇവരുടെ വിശദീകരണം. എന്നാൽ സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വലിയ വിമര്‍ശനമാണ് തിയറ്റര്‍ അധികൃതര്‍ക്കെതിരെ ഉയരുന്നത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News