'പ്രേമലു രണ്ടുവട്ടം കണ്ടു'; കാരണം പറഞ്ഞ് വിജയ് സേതുപതി
മലയാള സിനിമ അതിന്റെ ഏറ്റവും മികച്ച രീതിയിലാണെന്ന് ഇപ്പോഴുള്ളതെന്നും വിജയ് സേതുപതി
ചെന്നൈ: മലയാള സിനിമ അതിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ വർഷമിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകർഷിക്കുകയും മികച്ച വിജയം നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മലയാള സിനിമയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടൻ വിജയ് സേതുപതി.
അടുത്തിടെ മലയാളത്തിലിറങ്ങിയ 'പ്രേമലു' താൻ രണ്ടുതവണ കണ്ടതായി വിജയ് സേതുപതി പറഞ്ഞു. സ്വകാര്യ എഫ്.എം റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് മലയാളസിനിമയെക്കുറിച്ച് വിജയ് സേതുപതി മനസ് തുറന്നത്. വളരെ മനോഹരമായ സിനിമയാണ് 'പ്രേമലു', സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ മാത്രമല്ല, എല്ലാവരും അത്ഭുപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പ്രേമലു മാത്രമല്ല,മമ്മൂട്ടി നായകനായെത്തിയ ഹൊറർ ഡ്രാമയായ ഭ്രമയുഗമടക്കം മലയാളത്തിൽ അടുത്തിടെയിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും താൻ കണ്ടെന്നും അവയെല്ലാം ആസ്വദിച്ചെന്നും വിജയ് സേതുപതി പറഞ്ഞു. മലയാള സിനിമ അതിന്റെ ഏറ്റവും മികച്ച രീതിയിലാണെന്ന് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വൈശാഖ് സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ ടർബോയുടെ ഭാഗമായിരുന്നു വിജയ് സേതുപതി. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിൽ ശബ്ദം നൽകിയത് വിജയ് സേതുപതിയായിരുന്നു. വിജയ് സേതുപതിക്ക് മമ്മൂട്ടി കമ്പനി സോഷ്യല്‍മീഡിയയിലൂടെ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ബ്ലോക്ബസ്റ്റർ വിജയം നേടിയ റൊമാന്റിക് കോമഡി ചിത്രമാണ് പ്രേമലു.ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തില്‍ നസ്ലെൻ,മമിത ബൈജു,ശ്യാംമോഹൻ,മാത്യുതോമസ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയിരുന്നു.മഹാരാജയാണ് വിജയ് സേതുപതിയുടെ റിലീസായ ഏറ്റവും പുതിയ തമിഴ് ചിത്രം.