'കള്ളനെയും അമ്മയെയും ഒരുപോലെയാണോ കൈകാര്യം ചെയ്യുക'; സായ് പല്ലവിക്കെതിരെ നടി വിജയശാന്തി
"മതാന്ധത കൊണ്ടാണ് കശ്മീരി പണ്ഡിറ്റുകളെ വകവരുത്തുന്നത്"
ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകൾക്ക് സംഭവിച്ചതും പശുവിന്റെ പേരിൽ നടത്തുന്ന ആൾക്കൂട്ടക്കൊലയും തമ്മിൽ വ്യത്യാസമില്ലെന്ന സായി പല്ലവിയുടെ പരാമർശത്തിനെതിരെ നടിയും ബിജെപി മുന്‍ എംപിയുമായ വിജയശാന്തി. അമ്മ കുഞ്ഞിനെ ശിക്ഷിക്കുന്നതും കള്ളന്മാരെ ശിക്ഷിക്കുന്നതും ഒരുപോലെയാണോ എന്ന് വിജയശാന്തി ചോദിച്ചു. ട്വിറ്ററിലാണ് നടിയുടെ പ്രതികരണം.
'പുണ്യത്തിനു വേണ്ടി ദൈവിക പശുക്കളെ രക്ഷിക്കാൻ ഗോസംരക്ഷകർ നടത്തുന്ന സമരം എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചാൽ മനസ്സിലാകും. തെറ്റ് ചെയ്ത കുട്ടിയെ എങ്ങനെയാണ് അമ്മ ശിക്ഷിക്കുക.? കൊള്ളക്കാരനെയും അമ്മയെയും ഒരുപോലെയാണോ നിങ്ങൾ കാണുന്നത്?' - അവർ ചോദിച്ചു.
മതാന്ധത കൊണ്ടാണ് കശ്മീരി പണ്ഡിറ്റുകളെ വകവരുത്തുന്നത് എന്നവർ ആരോപിച്ചു. അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയരുത് എന്നും അവർ ആവശ്യപ്പെട്ടു.
'നമ്മൾ പറയുന്ന ഓരോ വാക്കും ദശലക്ഷക്കണക്കിന് ആളുകളിലേക്കാണ് എത്തുന്നത്. ആ വാക്കുകളിലെ പ്രശ്‌നം പിടിച്ചെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന ഒരു സമൂഹത്തിലാണ് നമ്മൾ. അതുകൊണ്ട് സംസാരിക്കുന്ന വിഷയങ്ങളെക്കുറിച്ച് സമഗ്രമായ ധാരണ വേണം. സാമൂഹിക ബോധത്തോടെ പ്രതികരിക്കേണ്ടത് അത്യാവശ്യണെന്ന് തിരിച്ചറിയണം.' - അവർ കൂട്ടിച്ചേർത്തു.
സായ് പല്ലവി പറഞ്ഞത്
'കശ്മീരി പണ്ഡിറ്റുകളെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്നാണ് കശ്മീർ ഫയൽസ് എന്ന സിനിമ കാണിച്ചത്. കുറച്ചു നാൾ മുന്നേ കോവിഡ് ലോക്ക്ഡൗൺ സമയത്ത് പശുക്കളെ കൊണ്ടുപോയ വണ്ടി ഓടിച്ച ഒരു മുസ്‌ലിമിനെ ജയ് ശ്രീറാം വിളിച്ചാണ് കൊലപ്പെടുത്തിയത്. മതത്തിൻറെ പേരിലുള്ള ആക്രമണങ്ങളാണ് ഇതെല്ലാം. ഇതു രണ്ടും തമ്മിൽ എവിടെയാണ് വ്യത്യാസമുള്ളത്.'
'എന്നെ സംബന്ധിച്ച് അക്രമം എന്നത് തെറ്റായ രൂപത്തിലുള്ള ആശയവിനിമയമാണ്. എൻറേത് ഒരു നിഷ്പക്ഷ കുടുംബമാണ്. അവർ എന്നെ ഒരു നല്ല മനുഷ്യനാകാനാണ് പഠിപ്പിച്ചത്. അടിച്ചമർത്തപ്പെടുന്നവർ സംരക്ഷിക്കപ്പെടണം. ആരാണ് ശരി, ആരാണ് തെറ്റ് എന്ന് എനിക്ക് അറിയില്ല. നിങ്ങൾ ഒരു നല്ല മനുഷ്യനാണെങ്കിൽ ഒരു ഭാഗം മാത്രം ശരിയാണെന്ന് നിങ്ങൾക്ക് തോന്നില്ല.'
Summary: Denouncing the killings of sacred cows shouldn't be compared to the Kashmiri genocide says Vijayasanthi to Sai Pallavi